സുദീപും ഭാര്യയും കഴിഞ്ഞത് രണ്ടിടത്ത്; ഒന്നും സംഭവിക്കാത്തത് പോലെ പുറമേക്ക്; ഡിവോഴ്സിന് മുമ്പ് ട്വിസ്റ്റ്
കന്നഡ സിനിമാ രംഗത്തെ സൂപ്പർ താരമാണ് കിച്ച സുദീപ്. തെലുങ്ക് ചിത്രം ഈഗയിലെ വില്ലൻ വേഷത്തിലൂടെയാണ് മലയാളികൾക്കുൾപ്പെടെ കിച്ച സുദീപ് സുപരിചിതനാകുന്നത്. എസ്എസ് രാജമൗലി ചിത്രത്തിൽ അവിസ്മരണീയ പ്രകടനമാണ് കിച്ച സുദീപ് കാഴ്ച വെച്ചത്. നായകനേക്കാളും സ്ക്രീൻ ടൈം ലഭിച്ച സുദീപിന് ഈഗയിലൂടെ കന്നഡ സിനിമാ ലോകത്തിന് പുറത്ത് വൻ ജനശ്രദ്ധ നേടാൻ കഴിഞ്ഞു. നടന്റെ 50ാം പിറന്നാൾ ദിനമാണിന്ന്. നിരവധി പേരാണ് നടന് പിറന്നാൾ ആശംസകൾ അറിയിക്കുന്നത്.
നടൻ എന്നതിന് പുറമെ അവതാരകൻ, സംവിധാനം, തിരക്കഥ തുടങ്ങിയ മേഖലകളിലും സുദീപ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കന്നഡയിൽ ബിഗ് ബോസ് ഷോ അവതാരകനായെത്തിയത് കിച്ച സുദീപ് ആണ്. സ്വകാര്യ ജീവിതത്തെക്കുറിച്ച് പൊതുവെ സുദീപ് തുറന്ന് സംസാരിക്കാറില്ല. പ്രിയ രാധാകൃഷ്ണൻ എന്നാണ് നടന്റെ ഭാര്യയുടെ പേര്. 2001 ലാണ് ഇവർ വിവാഹിതരായത്. പരിചയപ്പെട്ട് ഒരു വർഷത്തിനുള്ളിൽ തന്നെ ഇരുവരും അടുക്കുകയും വിവാഹത്തിലേക്ക് കടക്കുകയുമായിരുന്നു. 2004 ൽ സാൻവി എന്ന മകളും ദമ്പതികൾക്ക് ജനിച്ചു.

വിവാഹ ജീവിതം മുന്നോട്ട് നീങ്ങവെ ചില പ്രശ്നങ്ങളും ദമ്പതികൾക്കിടയിൽ ഉണ്ടായി. 2015 ൽ ഇരുവരും വിവാഹമോചനത്തിലേക്ക് കടക്കാനും ഒരുങ്ങി. റിപ്പോർട്ടുകൾ പ്രകാരം കോടതിയിൽ ഡിവോഴ്സ് ആവശ്യപ്പെടുന്നതിന് നാല് വർഷം മുമ്പേ സുദീപും പ്രിയയും മാറി താമസിച്ചിട്ടുണ്ട്. രണ്ടിടത്താണ് കഴിഞ്ഞതെങ്കിലും പൊതുവിടങ്ങളിൽ ഇവർ ഒരുമിച്ചെത്തി. വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടെന്ന് പുറത്ത് അറിയാതിരിക്കാൻ ശ്രമിച്ചു.
വിവാഹമോചന ആവശ്യം കോടതിയിലെത്തിയതോടെ വാർത്ത പുറം ലോകമറിഞ്ഞു. എന്നാൽ പിന്നീട് കേസുമായി മുന്നോട്ട് പോകാൻ രണ്ട് പേരും തയ്യാറായില്ല. കോടതിയിൽ ഒറ്റ ഹിയറിംഗിന് പോലും സുദീപോ ഭാര്യ പ്രിയയോ എത്തിയില്ല. രണ്ട് പേരും പരസ്പരം രമ്യതയിൽ എത്തുകയും മകളെയോർത്ത് ഒന്നിച്ച് മുന്നോട്ട് പോകാൻ തീരുമാനിക്കുകയും ചെയ്തു. കുടുംബത്തിന്റെ ഇടപെടൽ ഈ തീരുമാനത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഗോസിപ്പുകൾ വന്നപ്പോഴും സ്വകാര്യ ജീവിതത്തെക്കുറിച്ച് നടൻ എവിടെയും സംസാരിച്ചിട്ടില്ല.

കരിയറിലേക്ക് ശ്രദ്ധ നൽകിയിരിക്കുന്ന താരത്തിന് കൈ നിറയെ അവസരങ്ങളാണ്. കന്നഡ താരങ്ങളിൽ ആദ്യമായി പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടാൻ കഴിഞ്ഞവരിൽ ഒരാൾ സുദീപ് ആണ്. ഇതിന് കാരണമായത് ഈഗ എന്ന തെലുങ്ക് ചിത്രത്തിന്റെ വിജയവും. പിന്നീട് ബാഹുബലി, സൈറ നരസിംഹ റെഡ്ഡി എന്നീ തെലുങ്ക് സിനിമകളിലും സുദീപ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
1997 ൽ തയാവ്വ എന്ന സിനിമയിലൂടെയാണ് സുദീപ് അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. 2006 ൽ മൈ ഓട്ടോഗ്രാഫ് എന്ന സിനിമയിലൂടെ സംവിധായകനായും തുടക്കം കുറിച്ചു. 175 ദിവസം തിയറ്ററിൽ പ്രദർശിപ്പിച്ച സിനിമ വൻ ഹിറ്റായി. പിന്നീട് നിരവധി സിനിമകൾ സുദീപ് സംവിധാനം ചെയ്തു. നമ്പർ 73, ശാന്തിനിവാസ, വീര മടകരി, ജസ്റ്റ് മാത്ത് മതാലി, കെംപെ ഗൗഡ, മാണിക്യ എന്നീ സിനിമകൾ സംവിധാനം ചെയ്തത് സുദീപാണ്.
കിച്ച ക്രിയേഷൻസ് എന്ന പ്രൊഡക്ഷൻ കമ്പനിയും നടന് സ്വന്തമായുണ്ട്. സംവിധാനം ചെയ്ത പല സിനിമകളും നിർമ്മിച്ചത് ഈ പ്രൊഡക്ഷൻ ഹൗസാണ്. ബിഗ് ബോസിന് പുറമെ നിരവധി ടെലിവിഷൻ ഷോകളിൽ സുദീപ് അവതാരകനായി എത്തിയിട്ടുണ്ട്. കന്നഡ, തെലുങ്ക് സിനിമകളിൽ നിന്ന് പുരസ്കാരകങ്ങളും സുദീപിന് ലഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications