'വാപ്പിച്ചി അഭിനയിച്ച ആ സിനിമ കണ്ടാൽ സങ്കടം വരും, അതുപോലൊരു സിനിമ പിന്നീട് ഉണ്ടായിട്ടില്ല'; ദുൽഖർ സൽമാൻ
പതിനൊന്ന് വർഷമായി ദുൽഖർ സൽമാൻ ഇന്ത്യൻ സിനിമയുടെ ഭാഗമാണ്. പുറംചട്ട കണ്ട് ഒരു പുസ്തകത്തെ വിലയിരുത്തരുതെന്ന തത്വം ഏറ്റവും കൂടുതൽ യോജിക്കുന്നത് ദുൽഖറിന്റെ സിനിമാ ജീവിതത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ്.
മമ്മൂട്ടിയുടെ മോനൊക്കെ സിനിമയിൽ വന്ന് എന്തുചെയ്യാനാ... വെറുതെ അച്ഛന്റെ പേര് കളായാൻ... എന്ന കളിയാക്കലുകൾക്ക് നടുവിൽ നിന്നുകൊണ്ടാണ് സെക്കന്റ് ഷോയിൽ ദുൽഖർ അഭിനയിച്ചത്. അന്ന് എല്ലാവരും ചുറ്റും കൂടി നിന്ന് അടക്കം പറയുകയും പരിഹസിച്ച് ചിരിക്കുന്നതും കണ്ട് താൻ ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ടെന്ന് ദുൽഖർ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
അഭിനയിക്കാൻ അവസരം വരുമ്പോൾ ഇത്തരം പരിഹാസങ്ങൾ കേൾക്കേണ്ടി വരമല്ലോയെന്ന് കരുതി ഒഴിഞ്ഞ് മാറിയിട്ടുണ്ട് പലപ്പോഴും താരം. ശേഷമാണ് ഇനി നീ അഭിനയിച്ചാലും എന്റെ പേരിന് കോട്ടം സംഭവിക്കാൻ പോകുന്നില്ലെന്ന് മമ്മൂട്ടി ദുൽഖറിനോട് പറഞ്ഞത്. ഇതോടെ സെക്കന്റ് ഷോയിലൂടെ സിനിമയിലേക്ക് അരങ്ങേറി.

പിന്നീടങ്ങോട്ട് ഉയരങ്ങളിലേക്ക് പടികൾ കയറി പോയി എന്നല്ലാതെ തിരിച്ച് ഇറങ്ങേണ്ട അവസ്ഥ ദുൽഖറിന് വന്നിട്ടില്ല. ഏത് റോളും അനായാസം കൈകാര്യം ചെയ്യാൻ ദുൽഖറും പഠിച്ച് കഴിഞ്ഞു. ചുപ് അടക്കമുള്ള സിനിമകളുടെ റിലീസിന് ശേഷം ദുൽഖറിനെ നടനോട് സിനിമാപ്രേമികൾക്ക് സ്നേഹം കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല.
ഇന്ന് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള പാൻ ഇന്ത്യൻ നടൻ ദുൽഖർ സൽമാനാണ്. പൊതുവെ വളരെ വിരളമായി മാത്രമാണ് അഭിമുഖങ്ങളിൽ ദുൽഖർ പ്രത്യക്ഷപ്പെടുന്നത്. അത്തരത്തിൽ നടനെ കിട്ടുമ്പോൾ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ മമ്മൂട്ടിയെ കുറിച്ചായിരിക്കും.
ലെജന്റായ അച്ഛനെ കുറിച്ച് മകന്റെ നാവിലൂടെ കേൾക്കുക എന്നത് സുഖകരമായ ഒന്നാണ്. അതുകൊണ്ട് തന്നെയാണ് ദുൽഖർ-മമ്മൂട്ടി കോമ്പോയിൽ ഒരു സിനിമ സംഭവിക്കണമെ എന്ന് സിനിമാപ്രേമികൾ പ്രാർത്ഥിക്കുന്നതും. അച്ഛൻ-മകൻ ബന്ധമെല്ലാം സിനിമ എന്ന കാര്യം വരുമ്പോൾ ഇരുവരും മാറ്റിവെക്കും.
അതുകൊണ്ട് തന്നെയാണ് മമ്മൂട്ടിയുടെ പേരിന്റെ തണലിൽ നിന്നും മാറി സ്വന്തമായി ഒരു ഇരിപ്പിടം നേടാൻ കുറഞ്ഞ കാലയളവിൽ ദുൽഖറിന് സാധിച്ചത്. മമ്മൂട്ടി ചിത്രങ്ങളെ കുറിച്ച് വളരെ വിരളമായി മാത്രമാണ് ദുൽഖർ സംസാരിച്ചിട്ടുള്ളത്. ഇപ്പോഴിതാ ഇടൈംസിന് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി ചിത്രങ്ങളിൽ തനിക്ക് പ്രിയപ്പെട്ട സിനിമ ഏതാണെന്ന് താരം വെളിപ്പെടുത്തിയിരിക്കുകയാണ്.

മികച്ചത് എന്ന തരത്തിൽ ഒന്ന് തെരഞ്ഞെടുക്കാൻ സാധ്യമല്ലെന്ന് പറഞ്ഞാണ് ദുൽഖർ സംസാരിച്ച് തുടങ്ങുന്നത്. 'വാപ്പിച്ചിയുടെ സിനിമകളിൽ ഇഷ്ടമുള്ളത് നോക്കി തെരഞ്ഞടുക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. അതിൽ നിന്നും ഒരെണ്ണം പറയുക എന്നത് അതിലും പ്രായാസമേറിയ ഒന്നാണ്. എങ്കിലും തനിയാവർത്തനം എന്ന ചിത്രം കണ്ടാൽ വളരെ സങ്കടം തോന്നും.'
'അതിന് മുമ്പ് അത്തരത്തിലൊരു ചിത്രം ഉണ്ടായിട്ടില്ല. ആ ചിത്രത്തിന് ശേഷം അതുപോലൊരു സിനിമ ഉണ്ടായിട്ടില്ലെന്നുള്ളതാണ് സത്യമെന്നാണ്', ദുൽഖർ പറഞ്ഞത്. മമ്മൂട്ടിയിലെ നടൻ എത്രത്തോളം പ്രതിഭാശാലിയാണെന്ന് ആസ്വാദകർ അറിഞ്ഞത് തനിയാവർത്തനം കണ്ടപ്പോഴാണ്.
മറ്റൊരാൾക്കും ഇനി ആ കഥാപാത്രം ചെയ്ത് ഫലിപ്പിക്കാൻ ആവില്ല. ദുൽഖറിന് മാത്രമല്ല നല്ല സിനിമകൾ ഇഷ്ടപ്പെടുന്നവരുടെ പട്ടികയിലെല്ലാം തനിയാവർത്തനം ഉണ്ടാകും. സല്യൂട്ടാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ദുൽഖറിന്റെ മലയാള സിനിമ. റിലീസിന് തയ്യാറെടുക്കുന്ന സിനിമ കിങ് ഓഫ് കൊത്തയാണ്.
അഭിലാഷ് എൻ. ചന്ദ്രൻ തിരക്കഥയെഴുതി അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ചെമ്പന്‍ വിനോദ്, പ്രസന്ന, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍,ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications