സൂര്യ കേരളത്തിൽ വന്നപ്പോൾ സഞ്ചരിച്ചത് ദുൽഖറിന്റെ കാറിൽ?, സൂര്യയോടുള്ള ആരാധനയ്ക്ക് പിന്നിലെ കാരണം പറഞ്ഞ് താരം!
തെന്നിന്ത്യയിലും ബോളിവുഡിലും നിരവധി ആരാധകരുള്ള നടനാണ് ദുൽഖർ സൽമാൻ. എന്നാൽ താരത്തിന് ആരാധനയുള്ളത് നടിപ്പിൻ നായകൻ സൂര്യയോടാണ്. അതിന് വ്യക്തമായ കാരണവും ദുൽഖറിന് പറയാനുണ്ട്.
ഇന്നോ ഇന്നലെയോ തുടങ്ങിയ ആരാധനയല്ലെന്നും സിനിമയിൽ എത്തും മുമ്പ് തന്നെ തനിക്ക് ഇഷ്ടപ്പെട്ട നടൻ സൂര്യയാണെന്നും ഒരു തമിഴ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ദുൽഖർ സൽമാൻ പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സൂര്യ കേരളം സന്ദർശിച്ചിരുന്നു.
അടുത്തിടെ അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ കുടുംബത്തെ കാണാനാണ് സൂര്യ കേരളത്തിൽ എത്തിയത്. ആ സമയത്ത് സൂര്യ സഞ്ചരിച്ചത് ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള കാറിലാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. അതിൽ എത്രത്തോളം സത്യമുണ്ടെന്ന് ചോദിച്ചപ്പോഴാണ് സൂര്യ എന്ന നടനോടും മനുഷ്യനോടുമുള്ള ആരാധനയെ കുറിച്ച് ദുൽഖർ സംസാരിച്ചത്. 'ആക്ടറാകുന്നതിന് മുമ്പ് തന്നെ ഞാന്‍ സൂര്യ സാറിന്റെ ആരാധകനാണ്.'

'സൂര്യ സാറിന് വേണമെങ്കില്‍ സൂപ്പര്‍ സ്റ്റാര്‍ഡത്തിന് പിന്നാലെ മാത്രം പോകാമായിരുന്നു. എന്നാല്‍ നല്ല കഥകള്‍ അദ്ദേഹം തെരഞ്ഞെടുത്തു. അദ്ദേഹം ചെയ്തത് എനിക്ക് പ്രോചദനമായിട്ടുണ്ട്. മനുഷ്യനെന്ന നിലയിലും വ്യക്തി എന്ന നിലയിലും അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്.'
'എനിക്ക് സൂര്യ സാറിനെ അറിയാം. സംവിധായകൻ സിദ്ദിഖ് സാറിന്റെ വീട്ടിൽ പോകാൻ വേണ്ട സൗകര്യങ്ങൾ അദ്ദേഹത്തിന് ചെയ്ത് കൊടുത്തിരുന്നു', എന്നാണ് ദുൽഖർ മറുപടിയായി പറഞ്ഞത്. സൂര്യയ്ക്കൊപ്പം അടുത്ത ചിത്രത്തിൽ ഉണ്ടാകുമോ...? നിങ്ങൾ നല്ല സുഹൃത്തുക്കളാണല്ലേ എന്നായിരുന്നു പിന്നീട് അവതാരകൻ ദുൽഖറിനോട് ചോദിച്ചത്.
അതിന് വളരെ രസകരമായാണ് ദുൽഖർ മറുപടി നൽകിയത്. ഇത് എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്കറിയാം... നമുക്ക് ഇപ്പോൾ കിങ് ഓഫ് കൊത്തയിലേക്ക് പോകാമെന്നാണ് ദുൽഖർ പറഞ്ഞത്. കിങ് ഓഫ് കൊത്ത നായിക ഐശ്വര്യ ലക്ഷ്മിക്കൊപ്പമായിരുന്നു ദുൽഖർ സൽമാൻ അഭിമുഖത്തിൽ പങ്കെടുത്തത്.
അതേസമയം മമ്മൂട്ടിയുടെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ ചിത്രം കാതലിൽ ജ്യോതികയാണ് നായിക. കാതലിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ ജ്യോതികയ്ക്കൊപ്പം സൂര്യയും ഇടയ്ക്ക് വരികയും മമ്മൂട്ടി ഇരുവർക്കും ഭക്ഷണം വിളമ്പി കൊടുക്കുകയും ചെയ്ത വീഡിയോകൾ വൈറലായിരുന്നു. ജിയോ ബേബിയാണ് കാതൽ സംവിധാനം ചെയ്തത്.

സൂരരൈ പോട്ര്, ജയ് ഭീം തുടങ്ങിയ സിനിമകൾക്ക് ശേഷം സൂര്യ ഇന്ത്യയൊട്ടാകെ ആരാധകരുള്ള സൂപ്പർതാരമായി മാറി. സൂര്യയുടെ ഷൂട്ടിങ് പുരോഗമിക്കുന്ന സിനിമ കങ്കുവയുെട റിലീസിന് വേണ്ടിയണ് ആരാധകർ കാത്തിരിക്കുന്നത്. 300 കോടിയില്‍ ഒരുങ്ങുന്ന ഈ ദൃശ്യവിസ്മയം സംവിധാനം ചെയ്യുന്നത് സിരുത്തയ് ശിവയാണ്.
ഈ വര്‍ഷം നവംബറോട് കൂടി ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയാകും. 2024ല്‍ ആയിരിക്കും കങ്കുവ തീയേറ്ററുകളില്‍ എത്തുന്നത്. ദിഷ പഠാനിയാണ് ചിത്രത്തില്‍ നായിക. അതേസമയം ദുൽഖറിന്റെ കിങ് ഓഫ് കൊത്ത തമിഴ് അടക്കം വിവിധ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് റിലീസിന് എത്താൻ പോകുന്നത്.
കിങ് ഓഫ് കൊത്തയ്ക്ക് അല്ലു അർജുൻ നായകനായെത്തിയ പുഷ്പ എന്ന ചിത്രവുമായി സാമ്യമുണ്ടെന്ന് സോഷ്യൽ മീഡിയയിൽ ചർച്ച വന്നിരുന്നു. കിങ് ഓഫ് കൊത്തയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന ഒരഭിമുഖത്തിൽ ഈ പ്രചാരണത്തിനെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു ദുൽഖർ. അത്തരത്തിലുള്ള ഒരു സ്വാധീനവുമില്ല എന്നാണ് ദുൽഖർ മറുപടി പറഞ്ഞത്.
പുഷ്പയ്ക്ക് ചെയ്യാൻ കഴിഞ്ഞതുപോലെ ഒരു ചലനം കൊത്തയ്ക്കും ഉണ്ടാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ദുൽഖർ പറഞ്ഞു. ദുൽഖറിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നായിരിക്കും കിങ് ഓഫ് കൊത്തയെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകൾ.


Click it and Unblock the Notifications