'മനസിന് നിറവും സമാധാനവും അനുഭവപ്പെടുന്നു, ക്രിസ്റ്റഫർ നോളൻ പടം കണ്ട പ്രതീതി കിട്ടിയെന്ന് മഹേഷേട്ടൻ പറഞ്ഞു'
സമീപകാലത്ത് മലയാളത്തിൽ ഇറങ്ങിയതിൽ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് കിഷ്കിന്ധാകാണ്ഡെമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. കെട്ടുറപ്പുള്ള തിരക്കഥയും അതിന് പിൻബലമേകുന്ന സംവിധാനവും കൂടാതെ താരങ്ങളുടെ ഗംഭീര പ്രകടനവുമാണ് കിഷ്കിന്ധാകാണ്ഡം ഇത്രമാത്രം പ്രേക്ഷക സ്വീകാര്യത നേടാനുള്ള കാരണം. ആസിഫ് അലിയേയും വിജയരാഘവനെയുമൊക്കെ അവർ അർഹിക്കുന്ന വിധത്തിൽ ഉപയോഗിച്ച സിനിമ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്നു. ബ്രില്യന്റ് സിനിമയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കിഷ്കിന്ധാകാണ്ഡത്തിന് തിരക്കഥയെഴുതിയത് ഛായഗ്രഹകനായ ബാഹുൽ രമേഷാണ്.
ഹ്രസ്വചിത്രങ്ങൾ ഒരുക്കി സിനിമയിലേക്ക് ചുവടുവെച്ച ബാഹുൽ തന്റെ ആദ്യ തിരക്കഥയായ കിഷ്കിന്ധാകാണ്ഡം പ്രേക്ഷകർ സ്വീകരിച്ചതിന്റെ ത്രില്ലിലാണ്. ഇപ്പോഴിതാ ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ കിഷ്കിന്ധാകാണ്ഡം സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ചപ്പോഴുള്ള തന്റെ അനുഭവങ്ങൾ ബാഹുൽ പങ്കുവെച്ചു.

സിനിമയുടെ റിലീസിനുശേഷം മനസിന് നിറവും സമാധാനവും അനുഭവപ്പെടുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ബാഹുൽ സംസാരിച്ച് തുടങ്ങുന്നത്. റിലീസിനുശേഷം മനസിന് നിറവും സമാധാനവും റിലാക്സേഷനും സാറ്റിസ്ഫാക്ഷനും വന്നിട്ടുണ്ട്. സിനിമ റിലീസ് ചെയ്തശേഷം ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ ഒരു സംഭവം ഉണ്ടായി. പ്രശസ്ത ഛായാഗ്രഹകൻ എസ്.കുമാർ സാർ സിനിമ കണ്ടിട്ട് എന്നെ വിളിച്ചിരുന്നു.
ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞു. അത് എനിക്ക് വളരെ സ്പെഷ്യലാണ്. കാരണം സ്കൂളിൽ പഠിക്കുന്ന സമയത്ത് മിഥുനം, അദ്വൈതം, ചിന്താവിഷ്ടയായ ശ്യാമള എന്നീ സിനിമകൾ നിരന്തരമായി ഞാൻ കാണുമായിരുന്നു. ഈ സിനിമകൾ ആവർത്തിച്ച് കണ്ടിട്ടാണ് സിനിമ എന്ന മേഖലയിലേക്ക് എനിക്ക് താൽപര്യം പോലും വന്നത്. സാർ കാരണമാണ് ഞാൻ സിനിമയിലേക്ക് എത്തിയതെന്ന് ഞാൻ അദ്ദേഹത്തോട് പറയുകയും ചെയ്തുവെന്ന് ബാഹുൽ പറയുന്നു.
ആസിഫ് സിനിമയിലെ നായക വേഷത്തിലേക്ക് എത്തിയതിനെ കുറിച്ച് ചോദിച്ചപ്പോഴുള്ള മറുപടി ഇങ്ങനെ... കവി ഉദ്ദേശിച്ചതിന്റെ സെറ്റിൽ പോയപ്പോഴാണ് ആസിഫ് ഇക്കയെ ഞാൻ ആദ്യമായി കാണുന്നത്. ഗ്രേസ് വില്ല എന്ന ഞങ്ങളുടെ ഷോർട്ട് ഫിലിമിന്റെ പോസ്റ്റർ ലോഞ്ച് ചെയ്യാൻ അദ്ദേഹത്തിനൊപ്പം ഒരു ചിത്രമെടുക്കണമെന്ന ഉദ്ദേശവുമായാണ് അന്ന് അവിടെ പോയതും അദ്ദേഹത്തെ കണ്ടതും. പിന്നെ ആസിഫ് ഇക്കയുടെ ഒപ്പം സിനിമ ചെയ്യുമ്പോൾ നമുക്ക് ഒരു കംഫേർട്ടുണ്ട്.
കാരണം അദ്ദേഹം സിനിമാ ഫോർമാലിറ്റി ഡിസ്റ്റൻസ് ഒന്നും നമുക്ക് ഫീൽ ചെയ്യിപ്പിക്കില്ല. ഭയപ്പെടുത്തില്ല. അത് പുള്ളിയുടെ ഗ്രേറ്റ്നെസ് തന്നെയാണ്. സിനിമാ ലോകത്ത് ഒരുപാട് ബന്ധങ്ങളുള്ളയാളല്ല ഞാൻ. ഷോർട്ട് ഫിലിം ചെയ്ത് നടന്ന കാലത്തെ അതേ ലൈഫ് സ്റ്റൈൽ തന്നെയാണ് എനിക്ക് ഇപ്പോഴും. പണ്ട് ആരാധന തോന്നിയിട്ടുള്ള താരങ്ങളെ ഇപ്പോൾ നേരിട്ട് കാണുമ്പോൾ ഞാൻ എക്സൈറ്റഡാകും. അതിനൊരു ഉദാഹരണമാണ് കുമാർ സാറുമായുള്ള അനുഭവം.

കൊത്തിന്റെ ഷൂട്ടിന്റെ സമയത്താണ് ഞാൻ ആസിഫ് ഇക്കയുടെ അടുത്ത് കഥ പറഞ്ഞത്. കഥ കേട്ടശേഷം പുള്ളി ഇഷ്ടപ്പെട്ട് കെട്ടിപിടിച്ച് സ്നേഹം പ്രകടിപ്പിച്ചിരുന്നു. നമുക്ക് എത്രയും പെട്ടന്ന് ചെയ്യാമെടാ എന്ന രീതിയിൽ ആസിഫ് ഇക്ക ഭയങ്കര എക്സൈറ്റഡായിരുന്നു. കഥ കേട്ടശേഷം ഭാര്യയേയും അദ്ദേഹം ഉടൻ തന്നെ വിളിച്ചു. ആസിഫ് ഇക്കയോട് പറഞ്ഞശേഷമാണ് അപർണയോട് കഥ പറഞ്ഞത്.
സ്ക്രിപ്റ്റ് എഴുതിയശേഷം അച്ഛനാണ് ആദ്യം ഞാൻ വായിക്കാൻ കൊടുത്തത്. അപ്പോൾ അച്ഛനാണ് വിജയരാഘവൻ ചേട്ടൻ അപ്പുപിള്ളയെ അവതരിപ്പിച്ചാൽ നന്നാകുമെന്ന് പറഞ്ഞത്. എഴുതുമ്പോൾ ഫോർമാറ്റിനെ കുറിച്ച് ധാരണ ഉണ്ടായിരുന്നില്ലെന്നും ബാഹുൽ പറയുന്നു. കിഷ്കിന്ധാകാണ്ഡം കണ്ട് സിനിമയിലെ പ്രമുഖരായ പലരും തന്നെ വിളിച്ച് അഭിനന്ദിച്ചുവെന്നും ബാഹുൽ വെളിപ്പെടുത്തി. അടുത്ത സിനിമ ചെയ്യുമ്പോഴും ആദ്യത്തെ വർക്കെന്ന രീതിയിലെ ചെയ്യു.
കാരണം ചെയ്യുന്ന ജോലി ആസ്വദിക്കാൻ പറ്റണമല്ലോ. സിനിമയിലെ ബിഗ് നെയിംസ് പലരും വിളിച്ച് അഭിനന്ദിച്ചിരുന്നു. സത്യൻ അന്തിക്കാട് സാറാണ് ആദ്യം വിളിച്ചത്. സൈജു ശ്രീധരൻ, മഹേഷ് നാരായണൻ തുടങ്ങിയവരെല്ലാം വിളിച്ചിരുന്നു. ക്രിസ്റ്റഫർ നോളൻ പടം കണ്ട പ്രതീതി കിട്ടിയെന്നാണ് മഹേഷേട്ടൻ പറഞ്ഞത്.
പുള്ളിക്ക് എന്തുകൊണ്ടാണ് അങ്ങനെ പറയാൻ തോന്നിയതെന്ന് അറിയില്ല. അത് വളരെ സ്പെഷ്യൽ കമന്റായിരുന്നു. റോഷൻ ആൻഡ്രൂസ് സാറും വിളിച്ചിരുന്നു. മമ്മൂക്കയുടെ കൂടെയൊക്കെ സിനിമ ചെയ്യണമെന്ന് ആഗ്രഹമുള്ളതായും ബാഹുൽ കൂട്ടിചേർത്തു.


Click it and Unblock the Notifications