'ഞാനല്ലേ... ഇങ്ങടെ ആദ്യ ഹീറോ..?, ടോവിയുടെ നായികയായി പൊളിച്ചു'; സുരഭിയുടെ മാണിക്യത്തെ അഭിനന്ദിച്ച് കിഷോർ സത്യ
അടുത്തിടെ പെർഫോമൻസ് കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച അഭിനേത്രികളിൽ ഒരാളാണ് സുരഭി ലക്ഷ്മി. അജയന്റെ രണ്ടാം മോഷണം റിലീസ് ചെയ്തിട്ട് ഒരു മാസം പിന്നിടുന്നു. സിനിമ റിലീസ് ചെയ്തശേഷം ഏറ്റവും കൂടുതൽ വാർത്തകളിൽ നിറഞ്ഞ് നിന്നൊരാൾ സുരഭിയായിരുന്നു. കാരണം ടൊവിനോയുടെ കഥാപാത്രത്തിനോട് ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനാണ് സുരഭി കാഴ്ചവെച്ചത്. മണിയനും മാണിക്യവും ഒരുപോലെ പെർഫോമൻസുകൊണ്ട് ഞെട്ടിച്ചുവെന്നാണ് സിനിമ കണ്ടിറങ്ങിയവരെല്ലാം ഒന്നടങ്കം പറഞ്ഞത്.
ചിത്രത്തിൽ ടൊവിനോയ്ക്ക് മൂന്ന് നായികമാരുണ്ടായിരുന്നുവെങ്കിലും പ്രേക്ഷക ഹൃദയം കീഴടക്കിയത് സുരഭിയാണ്. ആദ്യമായാണ് ടൊവിനോയുടെ നായിക റോൾ സുരഭി ചെയ്തത്. സിനിമയുടെ റിലീസിന് മുമ്പ് ടൊവിനോയുടെ നായികമാരിൽ ഒരാൾ സുരഭിയാണെന്ന് അറിഞ്ഞപ്പോൾ നെറ്റി ചുളിച്ചവർപോലും മണിയന്റെ മാണിക്യമായി സുരഭിയെ അല്ലാതെ മറ്റാരെയും സങ്കൽപ്പിക്കാൻ കഴിയില്ലെന്ന് തിരുത്തി പറഞ്ഞു.

ഇപ്പോഴിതാ സിനിമാ-സീരിയൽ താരം കിഷോർ സത്യ സുരഭിയെ കുറിച്ചും അജയന്റെ രണ്ടാം മോഷണം സിനിമയെ കുറിച്ചും സോഷ്യൽമീഡിയയിൽ കുറിച്ച പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. ടൊവിനോയുടെ നായികയായി സുരഭി പൊളിച്ചുവെങ്കിലും സുരഭിയുടെ ആദ്യത്തെ ഹീറോ താനാണെന്നാണ് കിഷോർ പഴയ ഓർമകൾ കൂടി പങ്കുവെച്ച് കുറിച്ചത്. സിനിമ കാണാൻ വൈകിയതിന് ക്ഷമാപണം നടത്തികൊണ്ടാണ് കിഷോറിന്റെ കുറിപ്പ് തുടങ്ങുന്നത്.
അതേ... സോറിട്ടോ... ഇന്നലെയാണ് ഇങ്ങടെ സിൽമാ അജയന്റെ രണ്ടാം മോഷണം കാണാൻ പറ്റിയത്. ടോവിയുടെ നായികയായി പൊളിച്ചു. അപ്പോഴാ ഒരു കാര്യം ഓർത്തത്... ഞാൻ അല്ലേ ഇങ്ങടെ ആദ്യ ഹീറോ...? കഥയിലെ രാജകുമാരി... കൊല്ലം പത്ത് പതിമൂന്നായി. മഴവിൽ മനോരമയിലെ ആദ്യ സീരിയലുകളിൽ ഒന്ന്. ഒരു കെ. കെ. രാജീവ് പരമ്പര.
നാളെ മമ്മുക്കയുടേയും ലാലേട്ടന്റേയും നായികയായി ഇങ്ങള് വരട്ടെ. അപ്പോഴും ഇങ്ങടെ ആദ്യ നായകൻ എന്ന പട്ടം എനിക്ക് തന്നെ. വെള്ളിത്തിരയിൽ നിങ്ങളെ കണ്ടതിൽ അഭിമാനം... സന്തോഷം... എന്നാണ് കിഷോർ സത്യ സുരഭിയേയും എആർഎം ടീമിനേയും അഭിനന്ദിച്ച് കുറിച്ചത്. കിഷോർ സത്യയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ ഒരു കാലത്ത് കഥയിലെ രാജകുമാരിയുടെ സ്ഥിരം പ്രേക്ഷകരായിരുന്നവർ വരെ പഴയ ഓർമകൾ പങ്കിട്ട് എത്തി.
പൊതുവെ സീരിയൽ ഒന്നും അധികം കാണാത്തവരെ വരെ എന്നും മുടങ്ങാതെ ടിവിയുടെ മുന്നിൽ പിടിച്ചിരുത്തിയ സീരിയലായിരുന്നു കഥയിലെ രാജകുമാരി എന്നാണ് ഒരാൾ കുറിച്ചത്. കവിയൂർ പൊന്നമ്മ അടക്കം അഭിനയിച്ച സീരിയൽ ഒരു കാലത്ത് ഒരുപാട് ഇഷ്ടമായിരുന്നുവെന്നും കമന്റുകളുണ്ട്. സുരഭിയുടെ നായകനായി ഇനിയും ബിഗ് സ്ക്രീനിൽ വരാൻ കിഷോർ സത്യയ്ക്ക് കഴിയട്ടേയെന്നും ചിലർ ആശംസിച്ചു.

മിനിസ്ക്രീനിൽ നിന്നുമാണ് സുരഭി ബിഗ് സ്ക്രീനിലേക്ക് എത്തിയത്. മലയാളത്തിൽ ഇതിനോടകം നിരവധി സിനിമകൾ ചെയ്തുവെങ്കിലും സുരഭിയെ അന്നും ഇന്നും മലയാളികൾ സ്നേഹിക്കുന്നത് എം80 മൂസയിലെ പാത്തുവായിട്ടാണ്. ഓണം റിലീസായി തിയറ്ററുകളിൽ എത്തിയ അജയന്റെ രണ്ടാം മോഷണം പൂർണമായും ത്രീഡിയിലായിരുന്നു ഒരുക്കിയത്.
ചിത്രത്തിൽ ട്രിപ്പിൾ റോളിൽ ടൊവിനോ നിറഞ്ഞാടിയപ്പോൾ ബോക്സ് ഓഫീസിലും പൊൻതിളക്കമായിരുന്നു. 100 കോടി ക്ലബ്ബിലും ചിത്രം ഇടം പിടിച്ചു. പ്രായഭേദമന്യേ എല്ലാ പ്രേക്ഷകരും ഈ ത്രീഡി വിസമയം കാണാൻ തിയറ്ററുകളിൽ തന്നെ എത്തി എന്നത് ചിത്രത്തിന് ഗുണം ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications











