വയ്യായ്ക വന്നപ്പോൾ വിട്ട് പോയ സുഹൃത്തുക്കൾ; ഒരുപാട് വിഷമം ഉണ്ടാക്കിയ സംഭവങ്ങളുണ്ട്; കിഷോർ
അഭിനയ രംഗത്ത് വർഷങ്ങളായി തുടരുന്ന നടനാണ് കിഷോർ പീതാംബരൻ. സീരിയലുകളിൽ വില്ലൻ വേഷങ്ങളിലാണ് കിഷോറിനെ കൂടുതലും പ്രേക്ഷകർ കണ്ടിട്ടുള്ളത്. അടുത്ത കാലത്താണ് തന്റെ ജീവിതത്തിലുണ്ടായ അപ്രതീക്ഷിത പ്രതിസന്ധികളെക്കുറിച്ച് കിഷോർ സംസാരിച്ചത്. പിറ്റിയൂട്ടറി ഗ്ലാൻഡിൽ മുഴ വന്നതാണ് നടനെ ബാധിച്ചത്. ചികിത്സിച്ചും മരുന്നുകൾ വാങ്ങിയുമുണ്ടായ സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച് കിഷോർ നേരത്തെ സംസാരിച്ചിട്ടുണ്ട്.
ഇപ്പോഴിതാ പ്രതിസന്ധി കാലത്ത് തനിക്ക് തുണയായവരെക്കുറിച്ച് സംസാരിക്കുകയാണ് കിഷോർ പീതാംബരൻ. മനോരമ ഓൺലൈനുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ഇൻഡസ്ട്രിക്കകത്ത് സംഘടന കുറെയൊക്കെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. പിന്നെ ഇൻഡസ്ട്രിക്കകത്ത് പേരെടുത്ത് പറയാൻ പറ്റുന്നവർ സഹായിച്ചിട്ടുണ്ട്. സുഹൃത്തുക്കൾ വയ്യാതായപ്പോൾ സഹായിച്ചതായി എനിക്ക് തോന്നുന്നില്ല. ഒരിക്കലും പ്രതീക്ഷിക്കാത്തവർ സഹായിച്ചിട്ടുണ്ട്.

വ്യക്തിപരമായും സാമ്പത്തികമായും. ഒത്തിരി പേരില്ല. വിരലിൽ എണ്ണാവുന്നവർ. ഏറ്റവും കൂടുതൽ സുഹൃത്തുക്കളുണ്ടെന്ന് അഭിമാനിച്ചിരുന്ന ആളാണ് ഞാൻ. വയ്യായ്ക വന്നപ്പോൾ അവർ വിട്ട് പോകുന്നതാണ് ഞാൻ കണ്ടത്. അപ്പോഴും അവർ എന്റെ സുഹൃത്തുക്കൾ തന്നെയാണ്. പക്ഷെ എനിക്ക് ഒരുപാട് വിഷമങ്ങൾ ഉണ്ടാക്കിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
അവരുടെ കുറ്റമല്ല, കാരണം ഞാൻ ആക്ടീവ് അല്ലാത്തത് കൊണ്ടാണ്. രാവിലെ വന്ന് അവർക്ക് എന്റെ വീട്ടിൽ വന്നിരിക്കാൻ പറ്റില്ല. നമ്മൾ ആക്ടീവ് അല്ലാതാകുമ്പോൾ നമ്മൾ പിന്നിലേക്ക് പോകും. ഞാനെന്നല്ല, ആരാണെങ്കിലും അങ്ങനെയാണ്. ഉള്ളിൽ ഒരു വിഷമം തോന്നുമെങ്കിലും സത്യം മനസിലാക്കുമ്പോൾ കുഴപ്പമില്ലെന്നും കിഷോർ വ്യക്തമാക്കി. തന്റെ അസുഖ കാലത്തെ നേരിടുകയല്ല ചെയ്തത് അനുഭവിക്കുകയാണ് ചെയ്തതെന്നും കിഷോർ പറയുന്നു.

അന്ന് ശരീരത്തിന് ഒരു ബലം ഉണ്ടായിരുന്നു. ഇതല്ലെങ്കിൽ വേറൊരു ജോലി ചെയ്ത് ജീവിക്കുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. അത് പെട്ടെന്ന് പോകുമ്പോൾ ഇനി എന്ത് ചെയ്യുമെന്ന പ്രശ്നം മനസിനകത്ത് ഉണ്ടാകും. അതിനെ അതിജീവിച്ചിട്ടില്ല. അത് എല്ലാവർക്കും ഉണ്ടാകണമെന്നില്ല. പെട്ടെന്ന് ഉണ്ടാകണമെന്നും ഇല്ല. അത് കൊണ്ട് ഞാൻ പെട്ടെന്ന് വീണ് പോയി. ഇപ്പോഴും ഞാൻ പോകുന്നത് സ്റ്റിരിയോഡ്സിന്റെ ബലത്തിലാണ്, ഒരു മാസത്തെ മരുന്ന് വാങ്ങൽ വലിയ ബാധ്യതയാണെന്നും കിഷോർ തുറന്ന് പറഞ്ഞു.
പ്രതിസന്ധി ഘട്ടത്തിൽ ഭാര്യ നൽകിയ പിന്തുണയെക്കുറിച്ചും കിഷോർ സംസാരിച്ചു. അസുഖം വന്നപ്പോഴാണ് കുടുംബത്തിന് കുറച്ച് കൂടെ സ്നേഹം തോന്നിക്കുന്നത്. കൂട്ടുകാർക്ക് പ്രാധാന്യം കൊടുത്ത് പിന്നീട് വീട്ടിനകത്തേക്ക് ഒതുങ്ങുമ്പോഴാണ് രാവിലെ മുതൽ അവർ ജോലിയും കാര്യങ്ങളുമായി വീട്ടിലകത്ത് ഒതുങ്ങിയിരിക്കുന്നതിന്റെ ഫ്രസ്ട്രേഷൻ മനസിലാകുന്നതെന്നും കിഷോർ പീതാംബരൻ വ്യക്തമാക്കി.
വയ്യായ്കളിൽ തനിക്ക് ബലമായത് കുടുംബം തന്നെയാണ്. അതിൽ താൻ ഭാഗ്യവാനാണെന്നും കിഷോർ വ്യക്തമാക്കി. പഴയത് പോലെ സജീവമല്ലെങ്കിലും സീരിയൽ രംഗത്ത് ഇപ്പോഴും കിഷോർ സാന്നിധ്യം അറിയിക്കുന്നുണ്ട്. 25 വർഷത്തോളമായി അഭിനയ രംഗത്ത് തുടരുന്ന കിഷോർ മുന്നൂറിനടുത്ത് സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











