'പ്രവേശനാനുമതിക്കായി യേശുദാസ് സമീപിച്ചിട്ടില്ല, അവരുടെ മതം അനുസരിച്ച് അത്തരം ഒരു ദര്‍ശനത്തിന് മുതിരില്ല'
ഗാനഗന്ധർവൻ യേശുദാസിന്റെ ഗുരുവായൂർ ക്ഷേത്ര പ്രവേശനാനുമതിയുമായി ബന്ധപ്പെട്ട് ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. ഇതുവരെ അങ്ങനൊരു ആവശ്യം പറഞ്ഞ് ഗായകൻ തങ്ങളെ സമീപിച്ചിട്ടില്ലെന്നും അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനത്തില്‍ തീരുമാനം എടുക്കേണ്ടത് സർക്കാരാണെന്നും തന്ത്രി ദി ന്യു ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഹിന്ദു, അഹിന്ദു കൺസെപ്റ്റ് പൊതുവെ ഉണ്ടല്ലോ.
ഹിന്ദുക്കൾക്ക് മാത്രമെ പ്രവേശനമുള്ളു അമ്പലത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്നൊക്കെയുണ്ടല്ലോ. ഭക്തിയുള്ളവരെ അമ്പലത്തിൽ വരൂ. ഭക്തിയില്ലാത്തവർ വരില്ല. കുറച്ച് കാലം ചിലപ്പോൾ കാണാനായി മാത്രം വരും. പിന്നെ അതും ഉണ്ടാവില്ല. ഗുരുവായൂരില്‍ ദര്‍ശനം നടത്തണമെന്ന ആവശ്യം യേശുദാസ് ഇന്നുവരെ ആവശ്യം ഉന്നയിച്ചിട്ടില്ല.

അങ്ങനൊരാൾക്ക് എന്തിനാണ് കൊടുക്കുന്നത്. ഈശ്വര്‍ അനുഗ്രഹിച്ച കലാകാരനാണ് അദ്ദേഹം. നന്നായി പാട്ട് പാടും. എന്ന് കരുതി അദ്ദേഹം ഞങ്ങളുടെ വിശ്വാസിയാകണമെന്നുണ്ടോ?. പത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനത്തിന് യേശുദാസിനെ ക്ഷണിച്ചിട്ടും അദ്ദേഹം പോയില്ല. അനുവാദം കിട്ടിയാലും അദ്ദേഹം പോവില്ല. അവരുടെ മതം അനുസരിച്ച് അത്തരം ഒരു ദര്‍ശനത്തിന് മുതിരില്ല.
ഗവൺമെന്റ് പറഞ്ഞാൽ ഒന്ന് വന്നുവെന്ന് വരും. അവരുടെ മതത്തില്‍ എതിര്‍പ്പുയരും. അവർ കേറ്റില്ല പിന്നെ. സര്‍ക്കാര്‍ തീരുമാനം ഉണ്ടായാല്‍ ചെലപ്പോള്‍ പോയേക്കും. ആറന്മുള ക്ഷേത്രത്തില്‍ യേശുദാസ് പോയതും ബലിക്കല്ല് വരെ മാത്രമായിരുന്നു. കൊണ്ടുപോയ ആൾക്കാരെ എനിക്ക് അറിയാം. ക്ഷേത്രത്തിൽ പ്രവേശിക്കാത്തത് അന്യമതസ്ഥരായ പ്രശസ്തർ മാത്രമല്ലേ.
അങ്ങനെയല്ലാത്ത എത്രയോ ആളുകൾ വന്ന് പോകുന്നുണ്ട്. യൂസഫലി കേച്ചേരി വരാറുണ്ടായിരുന്നു. വലിയ ഭക്തനാണ് അദ്ദേഹം. അത്തരത്തില്‍ നിരവധി പേര്‍ വന്ന് പോകുന്നുണ്ട്. എന്നെ പഠിപ്പിച്ചിരുന്ന ഒരു അധ്യാപിക ഇത്തരത്തില്‍ ക്ഷേത്രത്തില്‍ വരാറുണ്ടായിരുന്നു. ആ ടീച്ചറോട് ഞാൻ പറയാറുണ്ടായിരുന്നു ഞാൻ ഉണ്ടാകുമ്പോള്‍ വരരുതെന്നും എനിക്ക് വിഷമം ആകുമെന്നും പറഞ്ഞിരുന്നു. എല്ലാം സ്വാഭാവികമാണ്.
യഥാർത്ഥ ഭക്തിയുള്ളവരെ അനുവദിക്കേണ്ടതല്ലേയെന്ന് ചോദിച്ചാൽ ആരാണ് യഥാർത്ഥ ഭക്തരെന്ന് എങ്ങനെ അറിയും. വെറുതെ ക്ഷേത്രത്തിൽ വരുന്നവർ വരെയുണ്ട്. പിന്നെ നിയമം അങ്ങനെയാണ്. അത്രയേ പറയാൻ പറ്റു. ഹിന്ദു-അഹിന്ദു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉണ്ടാകുന്ന കുട്ടികളുടെ ക്ഷേത്ര പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിന്ന് പോലും മറുപടി ലഭിച്ചിട്ടില്ല.

അന്ന് അത് വലിയ വിവാദമായിരുന്നു. കോലം കത്തിക്കലൊക്കെ ഉണ്ടായിരുന്നുവെന്നും തന്ത്രി പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രപ്രവേശനം ആഗ്രഹിക്കുന്നവരിലെ അവസാന സ്ഥാനക്കാരനായി ക്ഷേത്രത്തില്‍ കയറാനാണ് തനിക്ക് ആഗ്രഹമെന്നാണ് മുമ്പ് യേശുദാസ് വിഷയത്തിൽ പ്രതികരിച്ച് പറഞ്ഞത്. എനിക്ക് പ്രത്യേക പരിഗണന വേണ്ട. ക്ഷേത്രം ഭരണാധികാരികളാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്.
എനിക്ക് മാത്രമായി പ്രവേശനം അനുവദിക്കണമെന്നല്ല പൂര്‍ണഭക്തിയോടെ ഗുരുവായൂരപ്പനെ കാണുന്ന എല്ലാവര്‍ക്കും ക്ഷേത്രദര്‍ശനം അനുവദിക്കുന്ന കാലത്തെ ഞാൻ പോകൂ. അവര്‍ക്കിടയിലെ അവസാനക്കാരനായിട്ടായിരിക്കും പ്രവേശനം. ഗുരുവായൂരില്‍ കയറാതെ മറ്റൊരു കൃഷ്ണക്ഷേത്രത്തിലും കയറില്ലെന്ന പ്രതിജ്ഞ പാലിക്കുന്നുണ്ടെന്നുമാണ് പ്രിയ ഗായകൻ അന്ന് പറഞ്ഞത്.
ഗുരുവായൂരിലെ ഉദയാസ്തമയ പൂജയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിലും തന്ത്രി പ്രതികരിച്ചു. ഉദയാസ്തമയ പൂജ വഴിപാടാണ്. അല്ലാതെ ആചാരത്തിൽപ്പെട്ടതല്ല. ഇപ്പോഴും ഉദയാസ്തമയ പൂജയ്ക്കുള്ള പൈസ ദേവസ്വം അമ്പലത്തിൽ കെട്ടിവെയ്ക്കുന്നുണ്ട്.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉദയാസ്തമയ പൂജ വൃശ്ചികത്തിലെ ഏകാദശി ദിവസം നടത്തണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. ഉദയാസ്തമയ പൂജ മാറ്റാൻ തന്ത്രിയുടെ അനുമതിയോടെ ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നു. ഭക്തരുടെ സൗകര്യമനുസരിച്ചാണ് ഇതെന്നും ദേവസ്വം ബോർഡ് പറഞ്ഞിരുന്നു.


Click it and Unblock the Notifications











