'ഞങ്ങളെ ഇങ്ങനെ കാണാനാണ് ചിന്നു എന്നും ആഗ്രഹിച്ചിരുന്നത്'; ലക്ഷ്മി നക്ഷത്രയെ കുറിച്ച് കൊല്ലം സുധിയുടെ മകൻ!
കൊല്ലം സുധിയുടെ വേർപാട് ഇപ്പോഴും വിശ്വസിക്കാൻ കഴിയാത്തവരാണ് മലയാളികൾ. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങി നിൽക്കുന്ന സമയത്താണ് മരണം കാർ അപകടത്തിന്റെ രൂപത്തിലെത്തി സുധിയുടെ ജീവൻ കവർന്നത്. നടന്റെ മരണത്തോടെ ഒറ്റപ്പെട്ടുപോയ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സാമ്പത്തികമായും മാനസീകമായും പിന്തുണച്ച് നിൽക്കുന്നവരിൽ ഒരാൾ അവതാരകയായ ലക്ഷ്മി നക്ഷത്രയാണ്. കോമഡി ഷോകളിലൂടെ മിനിസ്ക്രീനിൽ എത്തിയ സുധിക്ക് ആരാധകരുണ്ടായി തുടങ്ങിയത് ഠമാർ പഠാർ, സ്റ്റാർ മാജിക്ക് തുടങ്ങിയ സെലിബ്രിറ്റി ഷോകളിലൂടെയാണ്.
ലക്ഷ്മി നക്ഷത്രയ്ക്ക് സുധിയുമായും അദ്ദേഹത്തിന്റെ കുടുംബവുമായുള്ള സൗഹൃദം തുടങ്ങുന്നതും ഈ ഷോയിലൂടെയാണ്. സുധിയുടെ മരണത്തിനുശേഷം ഭാര്യ എന്ത് സഹായത്തിനും ധൈര്യസമേതം വിളിക്കുന്നതും ലക്ഷ്മിയെ തന്നെയാണ്.

സുധിയുടെ കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ ഒരുപാടുപേർക്ക് താൽപര്യമുണ്ടെന്നത് കൊണ്ട് തന്നെ പലപ്പോഴും അവയെല്ലം വീഡിയോയായി ലക്ഷ്മി പങ്കുവെക്കാറുമുണ്ട്. എന്നാൽ അടുത്ത കാലത്തായി കൊല്ലം സുധിയുടെ കുടുംബത്തോട് അടുപ്പം പുലർത്തുന്നതിന്റെ പേരിൽ വലിയ രീതിയിലുള്ള വിമർശനമാണ് ലക്ഷ്മി അനുഭവിക്കുന്നത്.
സുധിയുടെ കുടുംബത്തിന്റെ സങ്കടങ്ങൾ വീഡിയോകളാക്കി മാറ്റി വിറ്റ് ലക്ഷ്മി യുട്യൂബിൽ നിന്നും പണം സമ്പാദിക്കുന്നുവെന്നതാണ് ഉയരുന്ന പ്രധാന വിമർശനം. തുടക്കത്തിൽ അവയൊന്നും ലക്ഷ്മി മുഖവിലക്കെടുത്തിരുന്നില്ല. എന്നാൽ സൈബർ ബുള്ളിയിങ് വർധിച്ചതോടെ കഴിഞ്ഞ ദിവസം സുധിയുടെ കുടുംബത്തോടൊപ്പം തന്നെ എത്തി ലക്ഷ്മി പ്രതികരിച്ചു. പിന്തുണയുമായി സുധിയുടെ ഭാര്യ രേണുവുമുണ്ടായിരുന്നു. തങ്ങളുടെ കണ്ണീർ വിറ്റ് കാശാക്കേണ്ട അവസ്ഥ ലക്ഷ്മിക്കില്ലെന്നാണ് രേണു പറഞ്ഞത്.
മാത്രമല്ല സുധി ജീവിച്ചിരിപ്പുണ്ടായിരുന്നപ്പോഴും കൈയയഞ്ഞുള്ള സഹായം ലക്ഷ്മിയിൽ നിന്ന് കിട്ടിയിട്ടുണ്ടെന്നും രേണു പറഞ്ഞിരുന്നു. അടുത്തിടെ രേണുവിന്റെ ആവശ്യപ്രകാരം സുധി അവസാനമായി ധരിച്ചിരുന്ന വസ്ത്രത്തിലെ ഗന്ധം പെർഫ്യൂമാക്കി നൽകിയിരുന്നു ലക്ഷ്മി. ദുബായ് യാത്രക്കിടയിലാണ് രേണുവിന്റെ ആഗ്രഹം ലക്ഷ്മി സാധിച്ചെടുത്തത്. ഓരോ തവണ രേണുവിനേയും മക്കളേയും കാണാൻ എത്തുമ്പോൾ കൈ നിറയെ സമ്മാനങ്ങളുമായാണ് ലക്ഷ്മി എത്താറുള്ളത്.
ഇപ്പോഴിതാ ലക്ഷ്മിയെ കുറിച്ച് സുധിയുടെ മൂത്ത മകൻ കിച്ചു കുറിച്ച വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫാംബ്സ് ഫ്രെയിംസ് എന്ന ഇൻസ്റ്റഗ്രാം പേജ് കൊല്ലം സുധിക്കൊപ്പമിരിക്കുന്ന ഭാര്യ രേണുവിന്റെയും മക്കളായ കിച്ചുവിന്റെയും റിഥുലിന്റെയും ഡിജിറ്റൽ മെർജ് പോട്രെയ്റ്റ് തയ്യാറാക്കിയിരുന്നു. ലക്ഷ്മി നക്ഷ്ത്രയ്ക്കൊപ്പമുള്ള രേണുവിന്റെയും മക്കളുടെയും പുതിയ ഗ്രൂപ്പ് ഫോട്ടോയാണ് രൂപമാറ്റം വരുത്തി ഫാംബ്സ് ഫ്രെയിംസ് എന്ന ഇൻസ്റ്റഗ്രാം പേജ് ഫാമിലി ഫോട്ടോയാക്കി മാറ്റിയത്.

ഇതിന്റെ വീഡിയോ പങ്കിട്ട് കിച്ചു കുറിച്ചത് ഇങ്ങനെയാണ്... ഞങ്ങളെ ഇങ്ങനെ കാണാനാണ് ചിന്നു എന്നും ആഗ്രഹിച്ചിരുന്നത് എന്നാണ്. കൊല്ലം സുധിയുടെ പുതിയ കുടുംബ ഫോട്ടോ ആരാധകരുടെയും കണ്ണ് നിറച്ചു. സുധി ജീവിനോടെ രേണുവിനും മക്കൾക്കുമൊപ്പമുണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ച് പോകുന്നുവെന്നാണ് ആരാധകരുടെ കമന്റുകൾ. അതേസമയം രേണുവും സുധിയുടെ വഴിയെ അഭിനയത്തിലേക്ക് എത്തിയിട്ടുണ്ട്. തട്ടകം നാടകമാണെന്ന് മാത്രം.
ഇതിനോടകം ചില ഷോർട്ട് ഫിലിമുകളിലും രേണു മുഖം കാണിച്ച് കഴിഞ്ഞു. മക്കൾ രണ്ടുപേരും വിദ്യാർത്ഥികളാണ്. അച്ഛന്റെ ആഗ്രഹം പോലെ ആനിമേഷനാണ് കിച്ചു പഠിക്കുന്നത്. അടുത്തിടെ പരീക്ഷയ്ക്ക് വിജയിച്ചതിന്റെ സന്തോഷം ലക്ഷ്മിയുടെ ചാനലിലൂടെ തന്നെ കിച്ചു പങ്കിട്ടിരുന്നു.
മാത്രമല്ല സുധിയുടെ കുടുംബത്തിനായി ഒരുങ്ങുന്ന പുതിയ വീടിന്റെ അവസാനഘട്ട ജോലികൾ പുരോഗമിക്കുകയാണ്. ഓണത്തിനോട് അനുബന്ധിച്ച് ഗൃഹപ്രവേശം നടന്നേക്കും. സ്വന്തമായൊരു വീടെന്ന സ്വപ്നം മനസിൽ കണ്ട് അതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചപ്പോഴാണ് സുധിയെ മരണം തട്ടിയെടുത്തത്.


Click it and Unblock the Notifications