'മോളെ കിച്ചുവിനെ അടിച്ചിറക്കരുതെന്ന് പറഞ്ഞ് ആ സ്ത്രീ കരയുകയായിരുന്നു, വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ല'
കഴിഞ്ഞ ദിവസമായിരുന്നു അന്തരിച്ച നടൻ കൊല്ലം സുധിയുടെ കുടുംബത്തിന് കെഎച്ച്ഡിഇസി എന്ന കൂട്ടായ്മയുടെ നേതൃത്തിൽ പണിത ഭവനത്തിന്റെ പാല് കാച്ചൽ. സുധിയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു സ്വന്തമായൊരു വീട്. ജീവിച്ചിരുന്നപ്പോൾ ഒരു വീട് തട്ടിക്കൂട്ടാൻ സുധി ശ്രമിച്ചെങ്കിലും അതിനുള്ള പണം കണ്ടെത്താൻ കഴിഞ്ഞില്ല. വർഷങ്ങളായി ഭാര്യയ്ക്കും മക്കൾക്കും ഒപ്പം വാടക വീട്ടിലായിരുന്നു സുധിയുടെ താമസം. താരത്തിന്റെ രണ്ട് ആൺ മക്കളുടേയും പേരിലാണ് കെഎച്ച്ഡിഇസി എന്ന കൂട്ടായ്മ വീട് നിർമ്മിച്ച് നൽകിയിരിക്കുന്നത്.
തങ്ങൾക്ക് താമസിക്കാൻ സ്വന്തമായൊരു വീട് ലഭിച്ചതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് സുധിയായിരിക്കുമെന്നാണ് ഭാര്യ രേണു പറയുന്നത്. ഇപ്പോഴിതാ വീടിന്റെ പാലുകാച്ചലിനുശേഷം മഴവിൽ കേരളത്തിന് നൽകിയ അഭിമുഖത്തിൽ രേണുവും സുധിയുടെ മൂത്ത മകൻ കിച്ചുവും പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

തങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ നൂറ് മടങ്ങ് മികച്ച വീടാണ് ലഭിച്ചതെന്ന് രേണുവും കിച്ചുവും പറയുന്നു. പ്രതീക്ഷിച്ചതിനേക്കാൾ നൂറ് മടങ്ങ് മികച്ചതാണ് വീട്. ഇത്രയും നല്ലൊരു വീട് പ്രതീക്ഷിച്ചിരുന്നില്ല. വീടില്ലാത്ത വിഷമം സുധി ചേട്ടനുണ്ടായിരുന്നുവെന്ന് രേണുവും കിച്ചുവും പറഞ്ഞു. അച്ഛന്റെ അമ്മയ്ക്ക് അച്ഛൻ മരിച്ചതായി ഓർമയില്ല. അതുകൊണ്ട് തന്നെ ഇടയ്ക്ക് ചോദിക്കും സ്വയം ഫോണെടുത്ത് വിളിക്കും. കൊല്ലത്ത് ആനിമേഷൻ വിഎഫ്എക്സ് കോഴ്സിന് ചേർന്നിട്ടുണ്ട്.
ഫ്ലവേഴ്സാണ് പഠിപ്പിക്കുന്നതെന്നാണ് കൊല്ലത്ത് നിൽക്കുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി കിച്ചു പറഞ്ഞത്. സിനിമയുടെ അണിയറപ്രവർത്തനങ്ങളിലാണ് തനിക്ക് താൽപര്യമെന്നും അഭിനയം താൽപര്യമില്ലെന്നും കിച്ചു പറഞ്ഞു. ഇനിയൊരു കല്യാണം എന്നതിനെ കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല. വീട്ടുകാർക്കും എന്നെ അറിയാം. ഇപ്പോൾ ഞാൻ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ല.
നാളെ എന്താകുമെന്ന് അറിയില്ല. കിച്ചുവിന് വന്ന സിനിമയാണ് എനിക്ക് കിട്ടിയത്. സുധി ചേട്ടന്റെ അനുഗ്രഹം കൊണ്ടായിരിക്കാം എനിക്കും അത് ചെയ്യാൻ പറ്റിയത്. ലക്ഷ്മിക്കും 24 ന്യൂസിലെ ആളുകൾക്കുമെല്ലാം ഓണം, വയനാട് ദുരന്തം എല്ലാമായി ബന്ധപ്പെട്ടുള്ള ഓട്ടവും തിരക്കുമാണ്. അതുകൊണ്ടാണ് അവരൊന്നും പങ്കെടുക്കാതിരുന്നത്. ഒരു ദിവസം വരാമെന്ന് അവരെല്ലാം പറഞ്ഞിട്ടുണ്ട്. ഒരു ടെൻഷനുമില്ലാതെയാണ് ഞങ്ങൾ പുതിയ വീട്ടിലേക്ക് കയറിയത്.
സുധി ചേട്ടൻ ഇല്ലാത്തത് മാത്രമാണ് ഒരു സങ്കടം. സ്വപ്നം കാണാൻ സാധിക്കാത്ത ഒരു വീടാണ് ഞങ്ങൾക്ക് കിട്ടിയത്. സുധി ചേട്ടനുണ്ടായിരുന്നുവെങ്കിൽ ഇവിടെയൊക്കെ പറന്ന് നടന്നേനെ. വീടിനെ കുറിച്ച് സുധി ചേട്ടനൊരു പ്ലാനൊക്കെ ഉണ്ടായിരുന്നു. സുധി ചേട്ടന്റെ ആത്മാവ് ഇപ്പോൾ ഒരുപാട് സന്തോഷിക്കുന്നുണ്ടാവും. അതുപോലെ ഇളയ കുഞ്ഞിന് സൈക്കിളും കൊണ്ടാണ് സുധിച്ചേട്ടന്റെ ബന്ധുക്കൾ വന്നത്.

ഞങ്ങളുടെ കാര്യങ്ങളെല്ലാം അവർ അന്വേഷിക്കാറുണ്ട്. കൂടുതലും ഒറ്റയ്ക്കിരിക്കാൻ ആഗ്രഹിക്കുന്നയാളാണ് ഞാൻ. അപ്പോഴെല്ലാം സുധി ചേട്ടന്റെ ഓർമകൾക്കൊപ്പമായിരിക്കും. ഈ വീട് മുഴുവൻ സുധി ചേട്ടൻ മയമാണ്. അദ്ദേഹം ഇവിടെ ഇല്ലെന്ന് ആർക്കും പറയാൻ പറ്റില്ല. വീട്ടിലെ എല്ലാ സാധനങ്ങളും ഒരോരുത്തർ തന്നതാണ്. അവരുടെ എല്ലാം പേരുകൾ പോലും എനിക്ക് അറിയില്ല. ഇത് കിച്ചുവിന്റെയും റിഥപ്പന്റെയും വീടാണ്. എന്റെ വീടല്ല.
എന്റെ കിച്ചുമോൻ എനിക്കൊപ്പമുണ്ട്. ഇടയ്ക്ക് അവന് അച്ഛന്റെ വീട്ടിലും നിൽക്കണ്ടേ. പഠിക്കുന്നതും അവിടെ നിന്നാണ്. അതുകൊണ്ടാണ് ഞങ്ങൾക്കൊപ്പം സ്ഥിരമായി കാണാത്തത്. അടുത്തിടെ ബസ്റ്റാന്റിൽ വെച്ച് ഒരു സ്ത്രീ കരഞ്ഞുകൊണ്ട് വന്ന് എന്നോട് പറഞ്ഞു മോളെ കിച്ചുവിനെ അടിച്ചിറക്കരുതെന്ന്. അത്തരത്തിലുള്ള ചില വാർത്ത കണ്ടതുകൊണ്ടാണത്രെ ചേച്ചി അത്രത്തോളം വിഷമിച്ച് പറഞ്ഞത്.
അത് വെറും വാർത്ത മാത്രമാണെന്ന് ഞാൻ പറഞ്ഞ് മനസിലാക്കി. സുധി ചേട്ടൻ എന്നെ എൽപ്പിച്ച് പോയതാണ് കിച്ചുവിനെ. അങ്ങനെയുള്ള എന്റെ മോനെ ഞാൻ എന്തിന് അടിച്ചിറക്കണമെന്നാണ് പ്രചരിക്കുന്ന വ്യാജ വാർത്തകളോട് പ്രതികരിച്ച് രേണു പറഞ്ഞത്. ആറ് വർഷം മുമ്പാണ് സുധി രേണുവിനെ ജീവിത സഖിയായി ഒപ്പം കൂട്ടിയത്. രേണുവിനും ഇളയ കുഞ്ഞിനും താങ്ങും തണലുമിപ്പോൾ കിച്ചുവാണ്.


Click it and Unblock the Notifications