'ബന്ധുക്കളാണ് ശത്രുക്കൾ; ഈ ബന്ധവും പോയേക്കും; അബോധാവസ്ഥയിൽ എന്നെ നോക്കിയത് വളർത്ത് മകൾ'
സിനിമാ, സീരിയൽ പ്രേക്ഷകർക്ക് സുപരിചിതനാണ് നടൻ കൊല്ലം തുളസി. കൂടുതലും നെഗറ്റീവ് വേഷങ്ങളിലാണ് കൊല്ലം തുളസിയെ പ്രേക്ഷകർ കണ്ടിട്ടുള്ളത്. സർക്കാർ ഉദ്യോഗസ്ഥനായിരുന്ന കൊല്ലം തുളസി പിന്നീട് അഭിനയ രംഗത്തേക്ക് കടന്ന് വരികയായിരുന്നു. ലേലം എന്ന സിനിമയിലുൾപ്പെടെ കൊല്ലം തുളസി ചെയ്ത കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസ്സിലുണ്ട്.
കൊല്ലം തുളസിയുടെ ജീവിതത്തിലുണ്ടായ അപ്രതീക്ഷിത വെല്ലുവിളികൾ പ്രേക്ഷകർക്ക് അറിയാവുന്നതാണ്. കാൻസർ പിടിപെട്ടത്, ഭാര്യയും മകളും ഉപേക്ഷിച്ച് പോയത് തുടങ്ങിയ പ്രതിസന്ധികൾ നടന് അഭിമുഖീകരിക്കേണ്ടി വന്നു. ജീവിതത്തിൽ സ്വന്തം കാര്യം നോക്കി ജീവിക്കുന്നതാണ് ഏറ്റവും നല്ലതെന്നും ബന്ധുക്കൾ നാളെ ശത്രുക്കളാകുമെന്നും കൊല്ലം തുളസി പറയുന്നു. മൈൽസ്റ്റോൺ മേക്കേസുമായുള്ള അഭിമുഖത്തിലാണ് നടൻ തന്റെ ജീവിതാനുഭവങ്ങൾ പങ്കുവെച്ചത്.
അസുഖം ബാധിച്ച സമയത്തുണ്ടായ ഏകാന്തതയിൽ നിന്നും ഞാൻ കരകയറിയത് ദൈവ വിശ്വാസം കൊണ്ടാണ്. ഈശ്വരൻമാർ നമ്മളെ രക്ഷിക്കും എന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. പത്ത് വർഷത്തോളമാണ് ഒരു കാൻസർ രോഗിയുടെ കാലാവധി എന്നാണ് മിക്കവരും കരുതുന്നത്. പക്ഷെ എനിക്ക് അസുഖം ബാധിച്ചിട്ട് 11 വർഷം കഴിഞ്ഞു. ഇപ്പോൾ 75 വയസ്സായി.

അടുത്തിടെ ഞാൻ രണ്ട് ദിവസം അബോധാവസ്ഥയിലായി. ആശുപത്രിയിൽ എന്നെ നോക്കാൻ ഉണ്ടായിരുന്നത് മകളെ പോലെ ഞാൻ ദത്തെടുത്ത കുട്ടിയാണ്. അവർക്ക് ആരുമില്ല. പിന്നെ എന്നെ നോക്കുന്നത് രണ്ടാമത്തെ സഹോദരിയുടെ ഭർത്താവുമാണ്. ആരോഗ്യപ്രശ്നങ്ങളുള്ള എനിക്ക് ശക്തി തരുന്നത് ഇവർ രണ്ട് പേരുമാണ്.
ബന്ധുക്കൾ ശത്രുക്കളായതാണ് ജീവിതത്തിൽ സംഭവിച്ചത്. ഇപ്പോൾ നിൽക്കുന്നത് ഒറ്റപ്പെട്ട ബന്ധുവിനൊപ്പമാണ്. കുറച്ച് കഴിയുമ്പോൾ ഈ ബന്ധവും പോയേക്കുമെന്നും കൊല്ലം തുളസി വ്യക്തമാക്കി. നമ്മളെക്കുറിച്ച് ഓർത്ത് ദുഖിക്കുന്നവർ ഈ ഭൂമിയിൽ കുറവാണ്. ബന്ധുക്കളാരും നോക്കില്ല. അവനവനെക്കുറിച്ച് ചിന്തിച്ച്, സ്വന്തം ആരോഗ്യം നോക്കി കാശ് കളയാതെ ജീവിക്കുന്നവനാണ് യഥാർത്ഥ മനുഷ്യൻ. അത് ഞാൻ മനസ്സിലാക്കിയത് ഈ രോഗങ്ങൾ വന്നപ്പോഴാണ്.

എന്റെ മകളോ ഭാര്യയോ തിരിഞ്ഞ് നോക്കിയില്ല. അസുഖം വന്നപ്പോൾ വല്ലതും സംഭവിക്കുമോ എന്നാണ് ചോദിച്ചത്. സംഭവിച്ചിട്ടുണ്ടെങ്കിൽ വന്ന് കണ്ട് പോകാമല്ലോ. അതല്ലാതെ ഒന്നും വരല്ലേ എന്ന് പ്രാർത്ഥിക്കുന്നവരല്ല. എന്തെങ്കിലും സംഭവിക്കണം എന്നാണ് അവർ ആഗ്രഹിക്കുന്നത്. എന്റെ സഹായങ്ങൾ നേടി വളർന്നവരാണ് എന്റെ ഏറ്റവും വലിയ ശത്രുക്കളെന്നും കൊല്ലും തുളസി വ്യക്തമാക്കി.
ഏച്ച് കെട്ടിയാൽ മുഴച്ചിരിക്കും എന്ന ചൊല്ലുണ്ട്. അത് പോലെയാണ് ഞാനും ഭാര്യയും. ഞങ്ങൾക്ക് ഒരുമിച്ച് പോകാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ബന്ധം വേണ്ടെന്ന് വെച്ചത്. ഭാര്യയില്ലാതെ ജീവിക്കുന്നതാണ് സുഖം. ഭാര്യയെയും മക്കളെയും സംബന്ധിച്ച് എന്റെ കുറ്റങ്ങളായിരിക്കാം അവർ അകന്ന് പോകാനുണ്ടായ കാരണം. എനിക്കാ ബന്ധം വേണമെന്നും ഇല്ല.
ഭാര്യയുടെയും മകളുടെയും പേജ് എന്റെ ജീവിതത്താളുകളിൽ നിന്ന് വലിച്ച് കീറിക്കളഞ്ഞു. അവർക്കെന്ത് സംഭവിച്ചാലും എനിക്കൊരു പ്രശ്നവും ഇല്ല. എനിക്കെന്ത് സംഭവ്വിച്ചാലും അവർക്കൊരു കുഴപ്പവും ഇല്ലെന്ന തിരിച്ചറിവും എനിക്കുണ്ട്. സുഹൃത്തുക്കൾ പറ്റിച്ചത് കാരണം ലക്ഷക്കണക്കിന് രൂപ എനിക്ക് നഷ്ടപ്പെട്ടുണ്ടെന്നും കൊല്ലം തുളസി തുറന്ന് പറഞ്ഞു.
സ്ത്രീ എന്ന സീരിയലിൽ നിന്ന് പുറത്താക്കിയതിനെക്കുറിച്ചും നടൻ സംസാരിച്ചു. പ്രതിഫലം കൂട്ടി ചോദിച്ചതിനാണ് എന്നെ പുറത്താക്കിയത്. എന്റെ കഥാപാത്രത്തെ സീരിയലിൽ കൊന്നു. സീരിയൽ രംഗത്ത് ആദ്യം കൊല ചെയ്തത് എന്റെ കഥാപാത്രത്തെയാണ്. അതേസമയം സ്ത്രീ എന്ന സീരിയലിലൂടെയാണ് ഞാൻ പോപ്പുലറായത്. ആ നന്ദിയും സ്മരണയും തനിക്കെന്നുമുണ്ടെന്നും കൊല്ലം തുളസി വ്യക്തമാക്കി.


Click it and Unblock the Notifications











