'സുരേഷ് ഗോപിക്ക് വേണ്ടി ഞാൻ അത് ചെയ്യും, മുകേഷിനെ നാട്ടുകാർക്ക് പോലും ഇഷ്ടമല്ല, ഗണേഷ് നല്ല ഭരണാധികാരി'
വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നടനാണ് കൊല്ലം തുളസി. നാടകത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് സിനിമയിലേക്കും സീരിയലിലേക്കും ചുവടുവെക്കുകയായിരുന്നു. സൂപ്പർ താരങ്ങളുടെ സിനിമകളിൽ അടക്കം നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് കൊല്ലം തുളസി. പിന്നീട് രാഷ്ട്രീയത്തിലേക്ക് ചേക്കേറിയ നടന്റെ ചില പ്രസ്താവനകളൊക്കെ വിവാദമായി മാറിയിട്ടുണ്ട്.
സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന താരം ലീവെടുത്തും അവധി ദിവസങ്ങളിലുമൊക്കെയായാണ് അഭിനയിച്ചിരുന്നത്. സര്‍വീസിലായിരുന്ന സമയത്ത് ഒത്തിരിപ്പേരെ സഹായിച്ചിട്ടുണ്ട് താനെന്ന് അദ്ദേഹം പലപ്പോഴായി പറഞ്ഞിട്ടുണ്ട്. കൂടപ്പിറപ്പുകളെയെല്ലാം സഹായിച്ചുവെങ്കിലും താന്‍ അസുഖബാധിതനായിരുന്ന സമയത്ത് ആരും തിരിഞ്ഞുനോക്കിയില്ലെന്ന് കൊല്ലം തുളസി വെളിപ്പെടുത്തിയതും വൈറലായിരുന്നു.

ക്യാന്‍സറാണെന്ന് അറിഞ്ഞതോടെ താരത്തിന്റെ ഭാര്യയും ഇട്ടിട്ട് പോയി. മകളുമായി പോലും ഇപ്പോള്‍ ബന്ധങ്ങളൊന്നുമില്ലെന്നും കൊല്ലം തുളസി വെളിപ്പെടുത്തിയിരുന്നു. എഴുപത്തിനാലുകാരനായ കൊല്ലം തുളസി ഇപ്പോൾ അഭിനയത്തിൽ അത്ര സജീവമല്ല. കൊല്ലം കാരനായ താരം മോഹൻലാൽ ചിത്രം നിന്നിഷ്ടം എന്നിഷ്ടത്തിലൂടെയാണ് സിനിമയിൽ മുഖം കാണിച്ച് തുടങ്ങിയത്.
ഇതുവരെയുള്ള കാലഘട്ടത്തിൽ നൂറിന് മുകളിൽ സിനിമകളിൽ കൊല്ലം തുളസി അഭിനയിച്ചിട്ടുണ്ട്. 2022ൽ പുറത്തിറങ്ങിയ വരാലാണ് ഏറ്റവും അവസാനം കൊല്ലം തുളസി അഭിനയിച്ച സിനിമ. തമിഴിലും ചില സിനിമകളിൽ കൊല്ലം തുളസി അഭിനയിച്ചിട്ടുണ്ട്. രാഷ്ട്രീയത്തോട് താൽപര്യമുള്ള കൊല്ലം തുളസി ബിജെപിയുടെ അനുഭാവിയായിരുന്നു.
പിന്നീട് ബിജെപിയില്‍ ചേര്‍ന്നത് തെറ്റായിപ്പോയെന്ന് കൊല്ലം തുളസി തന്നെ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 2015 ലെ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് കൊല്ലം ജില്ലയിലെ കുണ്ടറയിലേക്ക് ബിജെപി കൊല്ലം തുളസിയെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരിക്കുന്നു. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് മത്സരിക്കാൻ താൽപര്യമില്ലെന്ന് അദ്ദേഹം പാർട്ടി നേതൃത്വത്തെ അറിയിക്കുകയായിരുന്നു. 2015 ന് ജനുവരിയിലാണ് കൊല്ലം തുളസി ബിജെപിയില്‍ ചേരുന്നത്.
തിരുവനന്തപുരത്തെ സംസ്ഥാന സമിതി ഓഫീസില്‍ വെച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാജീവ് പ്രതാപ് റൂഡിയാണ് അംഗത്വം നല്‍കിയത്. തുടർന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൊല്ലം തുളസി ബിജെപി വേദികളിൽ സജീവവുമായിരുന്നു.

മലയാള സിനിമയിലെ നിരവധി താരങ്ങൾ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നുണ്ട്. അവരിൽ ചിലരെ കുറിച്ച് കൊല്ലം തുളസി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സുരേഷ് ഗോപി, മുകേഷ്, ഗണേഷ് കുമാർ എന്നിവരുടെ പ്രവർത്തന രീതികളെ കുറിച്ച് കൊല്ലം തുളസി സംസാരിച്ചു. സുരേഷ് ഗോപിക്ക് വേണ്ടി താൻ പ്രചാരണത്തിന് പോകാൻ വരാൻ തയ്യാറാണെന്നും എന്നാൽ മുകേഷ് നിഷ്ക്രിയനായ രാഷ്ട്രീയപ്രവർത്തകനാണെന്നും കൊല്ലം തുളസി പറഞ്ഞു.
'സുരേഷ് ഗോപി കേരളത്തിൽ ജയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അദ്ദേഹം മത്സരിച്ചാൽ എല്ലാവിധ സപ്പോർട്ടും ഞാൻ നൽകും. സുരേഷ് ഗോപി ജയിച്ചാൽ ബിജെപിക്ക് ഒരു മന്ത്രിയെ കിട്ടും. സുരേഷ് ഗോപി മന്ത്രിയായാൽ കേരളത്തിലും തൃശൂരിനും ഒരുപാട് മാറ്റങ്ങളുണ്ടാകും.'
'ബിജെപിക്ക് തഴച്ച് വളരാനുള്ള വളക്കൂറുള്ള മണ്ണ് കേരളത്തിലുണ്ട്. സുരേഷ് ഗോപിക്ക് വേണ്ടി ഞാൻ പ്രവർത്തിക്കും. ബിജെപിക്ക് വേണ്ടി അതുണ്ടാവില്ല. ബിജെപിയെ വെറുക്കുന്നില്ല. പക്ഷെ ഞാൻ അകന്ന് നിൽക്കുകയാണ്.'
'ഗണേഷ് കുമാർ നല്ലൊരു ഭരണാധികാരിയാണ്. നല്ലൊരു നടനും വ്യക്തിയുമാണ്. മുകേഷിനെ കുറിച്ച് എനിക്കൊരു അഭിപ്രായവുമില്ല. നാട്ടുകാർക്ക് ആർക്കും മുകേഷിനെ കണ്ടൂട. നാട്ടുകാർക്ക് ഒരു സഹായവും ചെയ്യാത്ത രാഷ്ട്രീയപ്രവർത്തകനാണ്. നിഷ്ക്രിയനായ ഒരു എംഎൽഎയാണ്', എന്നാണ് കൊല്ലം തുളസി പറഞ്ഞത്.


Click it and Unblock the Notifications











