'ദിലീപ് തളർന്നതല്ല തളർത്തിയത്, സുരേഷ് മാന്യനും പാവവും... ചില മണ്ടത്തരങ്ങളൊക്കെ പണ്ടും പറയാറുണ്ടായിരുന്നു'
സിനിമയിൽ സജീവമല്ലെങ്കിലും മലയാള സിനിമയിൽ നടക്കുന്ന കാര്യങ്ങളെല്ലാം കൃത്യമായി മനസിലാക്കുകയും അതിൽ തന്റെ അഭിപ്രായവും അനുഭവവും തുറന്ന് പറയുകയും ചെയ്യുന്നതിൽ മടി കാണിക്കാത്തയാളാണ് നടൻ കൊല്ലം തുളസി. എഴുപത്തിയഞ്ചുകാരനായ കൊല്ലം തുളസി വില്ലൻ, സഹനടൻ റോളുകളിലൂടെയാണ് മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ടത്. സിനിമയിൽ മാത്രമല്ല ഒരു സമയത്ത് സീരിയലിലും സജീവമായിരുന്നു നടൻ.
ഏറ്റവും അവസാനം കൊല്ലം തുളസി അഭിനയിച്ച് തിയേറ്ററുകളിലെത്തിയ മലയാള സിനിമ വരാലാണ്. ഇപ്പോഴിതാ നടൻ ദിലീപുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ചും കേന്ദ്രമന്ത്രിയായശേഷമുള്ള സുരേഷ് ഗോപിയുടെ മാറ്റത്തെ കുറിച്ചും ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ കൊല്ലം തുളസി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. മലയാള സിനിമയിൽ ലോബികളുണ്ടെന്നും നടൻ പറഞ്ഞു.

ദിലീപിനൊപ്പവും സുരേഷ് ഗോപിക്കൊപ്പവും നിരവധി സിനിമകളിൽ കൊല്ലം തുളസി അഭിനയിച്ചിട്ടുണ്ട്. കൊല്ലം തുളസിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... മലയാള സിനിമയിൽ ലോബികളുണ്ട്. ഇല്ലെന്ന് പറയാനാവില്ല. ദീലിപ് തളർന്നതല്ല ദിലീപിനെ തളർത്തിയതാണ് എന്നാണ് എന്റെ ഒരു വിലയിരുത്തൽ. കാരണം ദിലീപ് മലയാള സിനിമയിൽ ശക്തനായിട്ട് കേറി വന്നു. ഞാനൊക്കെ ആദ്യം കാണുമ്പോൾ തമാശയൊക്കെ കാണിക്കുന്ന ഒരു ചെറിയ പയ്യനായിരുന്നു ദിലീപ്.
അവിടെ നിന്ന് വളർന്ന് വന്ന് അവസാനം സിനിമാക്കാരുടെ പടം പ്രൊഡ്യൂസ് ചെയ്യാനുള്ള ധൈര്യം വരെ കാണിച്ചു. വേറെ ആർക്കും തോന്നിയില്ലല്ലോ അത്. ദിലീപ് അതുകൊണ്ട് പണം ഉണ്ടാക്കി. സ്വയം ശക്തനായി. അതിനുള്ള അവസരം മറ്റുള്ളവർ ഉണ്ടാക്കി കൊടുത്തു. ദിലീപ് ഭാഗ്യവാനല്ലേ... രണ്ട് മൂന്ന് നടിമാരുമായുള്ള ബന്ധങ്ങൾ വെക്കാനും ഒക്കെ പറ്റിയത് ഒരു ഭാഗ്യമല്ല.
ദിലീപിനെ മോശക്കാരനായി ഞാൻ കാണുന്നില്ല. ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ചാട്ടവാറുകൊണ്ട് റോഡ് മൊത്തം അടിച്ചുകൊണ്ട് നടക്കണം. ദിലീപ് വിഷയത്തിൽ കോടതിയാണോ പോലീസാണോ നടീനടന്മാരാണോ ആരാണ് ഇതിൽ വില്ലന്മാർ..? എത്രനാളായി കേസ് കോടതിയിൽ ഇട്ട് കളിക്കുന്നു. ഇവരെയെല്ലാം നിയന്ത്രിച്ചുകൊണ്ട് പോകാൻ ദിലീപിന് കഴിയുന്നുണ്ടെങ്കിൽ ദിലീപാണ് ഏറ്റവും വലിയ ആള്.
ദിലീപിനെ ഇവിടുത്തെ പ്രധാനമന്ത്രിയാക്കണം എന്നാണ് എനിക്ക് പറയാനുള്ളത് കൊല്ലം തുളസി പറഞ്ഞു. പിന്നീട് സുരേഷ് ഗോപിയെ കുറിച്ചാണ് നടൻ സംസാരിച്ചത്. തെരഞ്ഞെടുപ്പിന് നിന്ന് വിജയിച്ചശേഷം സുരേഷ് ഗോപി തന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന് കൊല്ലം തുളസി പറഞ്ഞു. സുരേഷ് ഗോപിയും ഞാനുമായി നല്ല സൗഹൃദമാണ്. ഒരുപാട് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്.

എനിക്ക് ഇഷ്ടവുമാണ്. കാരണം ബേസിക്കലി അദ്ദേഹം ഒരു മാന്യനും പാവവുമാണ്. ചില മണ്ടത്തരങ്ങളൊക്കെ പണ്ടും പറയാറുണ്ടായിരുന്നു. വിജയിച്ചശേഷം സുരേഷ് ഗോപി എന്റെ പ്രതീക്ഷകൾക്ക് മങ്ങൽ ഏൽപ്പിച്ചു. ഇപ്പോഴും സിനിമയിലെ നായകന്റെ രീതിയിലാണ് സുരേഷ് ഗോപി നിൽക്കുന്നത്. പ്രതീക്ഷയ്ക്കൊത്ത് സുരോഷ് ഗോപി ഉയരാത്തതിൽ എനിക്ക് ദുഖവും വിഷമവും നിരാശയുമുണ്ട്.
തൃശൂരിൽ തന്നെയുള്ള പലരും എന്നോട് പറഞ്ഞു... സുരേഷ് ഗോപിയിലുള്ള പ്രതീക്ഷ പോയിയെന്ന്. ക്യാബിനറ്റ് മന്ത്രിയാകുമെന്ന് സുരേഷ് ഗോപിക്ക് അമൃത പ്രതീക്ഷയുണ്ടായിരുന്നുവെന്ന് തോന്നുന്നു. അത് കിട്ടാത്തതിലുള്ള പരിഭവം കൊണ്ട് പൊരുത്തപ്പെട്ട് പോകാൻ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്ന് തോന്നുന്നു. രാജ്യത്തിന് അഡ്ജസ്റ്റ്മെന്റിൽ ഭരിക്കുന്ന മന്ത്രിയല്ല വേണ്ടത്.
ജനങ്ങൾക്ക് എന്തെങ്കിലും ചെയ്ത് കൊടുക്കാൻ കഴിവുള്ള മന്ത്രിയെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞാണ് കൊല്ലം തുളസി അവസാനിപ്പിച്ചത്. സുരേഷ് ഗോപി സൂക്ഷിച്ചില്ലെങ്കിൽ ദുഖിക്കേണ്ടി വരുമെന്നും കൊല്ലം തുളസി കൂട്ടിച്ചേർത്തു.


Click it and Unblock the Notifications