സ്ത്രീകളാണ് ഞങ്ങൾ രണ്ട് പേരെയും ബുദ്ധിമുട്ടിച്ചത്, ഭർത്താവിനെ മോശം പറഞ്ഞാൽ പ്രതികരിക്കും: ബസന്തി
മഞ്ജു വാര്യരെ പ്രശംസിച്ച് കൊണ്ട് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പങ്കുവെച്ച പോസ്റ്റ് വ്യാപക വിമർശനമാണ് നേരിട്ടത്. പോസ്റ്റ് സ്ത്രീ വിരുദ്ധമാണെന്നാണ് ആരോപണം. നിരവധി സ്ത്രീകൾ കമന്റ് ബോക്സിൽ പ്രതിഷേധിച്ചു. ചിലർ അധിക്ഷേപ പരാമർശങ്ങൾ നടത്തി. ഇതോടെ കൂട്ടിക്കൽ ജയചന്ദ്രന്റെ ഭാര്യ ബസന്തി പ്രതികരിച്ചു. കമന്റ് ചെയ്തവർക്ക് നേരിട്ട് മെസേജ് ചെയ്യുകയായിരുന്നു ഇവർ. ഇപ്പോഴിതാ വിഷയത്തിൽ തുറന്ന് സംസാരിക്കുകയാണ് ബസന്തിയും കൂട്ടിക്കൽ ജയചന്ദ്രനും. സീരിയൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ജയേട്ടൻ ഇങ്ങനെ പോസ്റ്റ് ഇട്ടപ്പോൾ എന്റെ ഫ്രണ്ട്സ് വിളിച്ചു. എടീ, ജയേട്ടനെ തെറി പറയുന്നുണ്ടല്ലോ എന്ന് പറഞ്ഞു. ഞാൻ നോക്കി. മോശമായ ഭാഷയിൽ കമന്റിട്ടവർക്ക് ഞാൻ പേഴ്സണൽ മെസേജ് അയച്ചു. അതിനവർ ഭയങ്കര മോശമായി പ്രതികരിച്ചു. അതിനെതിരെയുള്ള എന്റെ പ്രതികരണമാണിപ്പോൾ പ്രചരിക്കുന്നത്. ഞാൻ മാന്യമായ ഭാഷയിലാണ് അവരോട് സംസാരിച്ചത്.

ജയേട്ടനിട്ട പോസ്റ്റ് ഇഷ്ടപ്പെട്ടില്ലെങ്കിൽ മാന്യമായി പ്രതികരിക്കാം. മോശമായി ഭാഷയിൽ പറഞ്ഞാൽ എനിക്ക് ഫീൽ ചെയ്യും, ഞാൻ പ്രതികരിക്കും. ഞങ്ങളുടെ ലെെഫിൽ പ്രശ്നം വന്നപ്പോൾ സുഹൃത്തുക്കൾ കട്ടയ്ക്ക് എന്റെ കൂടെ നിന്നു. അതുകൊണ്ടാണ് ഞാനതിൽ നിന്ന് കര കയറി പോന്നത്. കുറച്ച് സ്ത്രീകളാണ് എന്നെ ഭയങ്കരമായി ബുദ്ധിമുട്ടിച്ചത്. ഞങ്ങൾക്ക് രണ്ട് പേർക്കും പണി തന്നത് സ്ത്രീകളാണ്.
സ്ത്രീത്വത്തെ അപമാനിച്ചു എന്ന് പറയുന്നവർ എന്ത് മോശമായാണ് സംസാരിക്കുന്നത്. അവർക്ക് സ്ത്രീത്വം എന്ന് പറയാൻ അർഹതയുണ്ടോ. എന്റെ ഭർത്താവ് എങ്ങനെയാണെന്ന് എനിക്കറിയാം. ഞാനാണ് കൂടെയുള്ളത്. ഈ മനുഷ്യനൊപ്പം ഞാൻ കൂടിയിട്ട് 20 വർഷമായി. ഓരോ കാര്യത്തിലും ഞാൻ ഇദ്ദേഹത്തെ സപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിൽ 101 ശതമാനം എനിക്ക് ഉറപ്പുള്ളത് കൊണ്ടാണെന്നും ബസന്തി വ്യക്തമാക്കി.
മഞ്ജു വാര്യരും ദിലീപേട്ടനും ഞങ്ങൾ രണ്ട് പേരുടെയും അടുത്ത സുഹൃത്തുക്കളാണ്. മഞ്ജു ബെെക്ക് ഓടിച്ച് പോകുന്നത് പോസിറ്റീവ് എനർജി തരുന്നതാണ്. അവർ ടീനേജുകാരിയൊന്നുമല്ല. ഒരുപാട് ജീവിത പ്രശ്നങ്ങളിലൂടെ കടന്ന് പോയ സ്ത്രീയാണ് അവരെന്ന് കൂട്ടിക്കൽ ജയചന്ദ്രൻ പറഞ്ഞു.
വിവാദമായ പോസ്റ്റ്
മാസത്തിലെ പതിനഞ്ച് ദിവസം മാസമുറ ആകാത്തതിന്റെ കുറ്റവും, ബാക്കി പതിനഞ്ച് ദിവസം അത് കഴിഞ്ഞതിന്റെ കുറ്റവും ഇടയ്ക്കെങ്ങാനും ഒരു ദിവസം കിട്ടിയാൽ അതിൽ പിസിഓഡിയെയും കൂട്ടുപിടിച്ച് മടിച്ചിരിക്കുന്ന സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ ഉണ്ടെങ്കിൽ, ജീവിക്കാൻ സാഹസം വേണ്ടി വരുന്നതിനാൽ, യോജിച്ച് പോകാൻ പറ്റാത്ത ബന്ധത്തിൽ കടിച്ച് തൂങ്ങി ഭർത്താവ് കൊണ്ടു വരുന്ന ഭക്ഷണവും കഴിച്ച് അയാളെ സംശയരോഗിയാക്കി; മറ്റുള്ളവരുടെ ഭാര്യമാർക്ക് ആശ്വാസത്തിന്റെ മൊത്തവ്യാപാരവുമായി ദൂരങ്ങളിൽ കാത്തിരിക്കുന്ന കരിങ്കോഴികളുമായി സമാധാനക്കരാറുണ്ടാക്കുന്ന സ്ത്രീകൾ നമുക്കിടയിൽ ഉണ്ടെങ്കിൽ. (ഉണ്ടോയെന്നറിയില്ല) 'ഉണ്ടെങ്കിൽ' അത്തരക്കാർക്ക് അപവാദമാണ് മഞ്ജുവാര്യർ! NB: ഉള്ളത് അംഗീകരിക്കണം എന്ന മനോഭാവാർത്ഥം എഴുതുന്നത്! എന്നായിരുന്നു കൂട്ടിക്കൽ ജയചന്ദ്രന്റെ പോസ്റ്റ്.


Click it and Unblock the Notifications