അബീക്ക ആഗ്രഹിച്ചിടത്താണ് മകന്‍ നില്‍ക്കുന്നത്! ശത്രുത ഇല്ലാത്തതായി ആരും ഉണ്ടാവില്ല- കോട്ടയം നസീര്‍
മിമിക്രി വേദികളില്‍ നിന്നും അഭിനയത്തിലേക്ക് എത്തിയ നടനാണ് കോട്ടയം നസീര്‍. 95 ല്‍ സിനിമയില്‍ എത്തിയ താനിപ്പോള്‍ 28 വര്‍ഷത്തോളമായി. ഇപ്പോഴാണ് സിനിമ എന്നെ തിരച്ചറിഞ്ഞ് നല്ല നല്ല വേഷങ്ങള്‍ കിട്ടുന്നതെന്ന് പറയുകയാണ് നടന്‍ കോട്ടയം നസീര്‍. സിനിമയില്‍ എത്തപ്പെടുന്നതും, നിലനില്‍ക്കുന്നതും എത്രത്തോളം ബുദ്ധിമുട്ടുള്ളതാണെന്ന് അനുഭവത്തില്‍ നിന്നറിയാം.
അതൊന്നും ഇല്ലാതെ എളുപ്പത്തില്‍ കിട്ടുമ്പോള്‍ ആണ് സിനിമയുടെ വില മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നതെന്ന് പറയുകയാണ് താരം. അതേ സമയം മിമിക്രി ലോകത്ത് തനിക്കേറ്റവും കടപ്പാടുള്ളത് അബിയുമായിട്ടാണെന്നും താരം കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു കോട്ടയം നസീര്‍.

മിമിക്രിയില്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിന് കടപ്പാട് ഒരുപാട് ആളുകളോട് പറയാനുണ്ട്. മിമിക്രി കണ്ട് ഒരു മിമിക്രിക്കാരന്‍ ആകണമെന്ന് ആഗ്രഹിച്ചത് അബിക്കയെ കണ്ടപ്പോഴാണ്. എല്ലാ കാലത്തും എന്നെ അത്ഭുതപ്പെടുത്തിയ മിമിക്രി കലാകാരനായിരുന്നു അദ്ദേഹം. ദിലീപ്, നാദിര്‍ഷ അങ്ങനെ പലരും മിമിക്രിയില്‍ സ്റ്റാറായി നില്‍ക്കുന്ന കാലത്താണ് ഞാന്‍ ജോയിന്‍ ചെയ്യുന്നത്. അന്ന് എന്നെ ചേര്‍ത്ത് നിര്‍ത്തിയത് ഇവരൊക്കെയാണ്. ഓരോരുത്തരെയും എടുത്ത് പറയാന്‍ പറ്റില്ല.
സിനിമയും സൗഹൃദവും രണ്ടും രണ്ടാണ്. അങ്ങനെ കാണാന്‍ ശ്രമിക്കണം. ദിലീപേട്ടന്‍ അഭിനയിക്കുന്ന എല്ലാ സിനിമയിലും നാദിര്‍ഷിക്ക സംവിധാനം ചെയ്യുന്ന സിനിമയിലും എനിക്കും വേഷം വേണമെന്ന് ഞാന്‍ വാശി പിടിച്ചാല്‍ അതെന്റെ ബുദ്ധിയില്ലായ്മ കൊണ്ടെന്നേ പറയാന്‍ പറ്റൂ. ഓരോ കഥാപാത്രങ്ങള്‍ക്ക് വേണ്ടി താരങ്ങളെ തിരഞ്ഞെടുക്കുന്നത് അതിന് യോജിച്ചവരെന്ന് മനസിലാക്കിയാണ്. എല്ലാത്തിനും അപ്പുറം അവരുമായി നല്ല ബന്ധമുണ്ട്. ഒരു ആവശ്യത്തിന് വിളിച്ചാല്‍ ഓടി വരുമെന്ന് അറിയാം.
അബീക്ക എന്നോട് അവരുടെ കൂടെ നില്‍ക്കാനും ദുബായിലേക്ക് പോകാമെന്നുമൊക്കെ പറഞ്ഞിരുന്നു. അങ്ങനെ ആദ്യമായി എന്നെ ഗള്‍ഫ് ഷോയ്ക്ക് കൊണ്ടു പോയതും, സിനിമയിലേക്ക് കൊണ്ടു വന്നതുമെല്ലാം അബിക്കാ ആണ്. മരിക്കുന്നത് വരെ ആ സ്‌നേഹവും ബഹുമാനവുമൊക്കെ ഞാന്‍ കൊടുത്തിരുന്നുവെന്നാണ് നസീര്‍ പറയുന്നത്.
പക്ഷേ അര്‍ഹിക്കുന്നത് പോലെ ഒരു വേഷം അബീക്കായ്ക്ക് സിനിമയില്‍ കിട്ടിയിട്ടില്ല. സിനിമ അബീക്കയെ അറിയാതെ പോയി എന്നുള്ളളതാണ്. സിനിമയില്‍ എങ്ങനെ നില്‍ക്കണമെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. വളരെ ശുദ്ധനായിരുന്നു അബീക്ക. പുറകില്‍ നിന്നും കുത്തുന്ന സ്വഭാവം അദ്ദേഹത്തിന് ഇല്ലാതെ പോയി. അതുകൊണ്ടാവാം എങ്ങും എത്താന്‍ കഴിയാതെ പോയതും. പക്ഷെ ആ വിഷമം അബീക്കയുടെ ഉള്ളിലുണ്ടാവാം എന്ന് എനിക്ക് തോന്നിയിട്ടുണ്ടെന്ന് കോട്ടയം നസീര്‍ പറയുന്നു.

ആ അബിക്കയുടെ മകന്‍ ഇന്ന് മറ്റ് പല വിഷയങ്ങളുടെയും പേരില്‍ വിലക്കുകള്‍ നേരിടുമ്പോള്‍ വിഷമമുണ്ട്. അബീക്ക എത്രമാത്രം കഷ്ടപ്പെട്ടതാണ് എന്ന് നേരിട്ട് കണ്ടിട്ടുള്ള ആളാണ് ഞാന്‍. അദ്ദേഹം എത്രമാത്രം ആഗ്രഹിച്ച ഇടത്താണ് ഇന്ന് മകന്‍ നില്‍ക്കുന്നത് എന്നും എനിക്കറിയാം. ആ നിലയ്ക്ക് ചിന്തിയ്ക്കുമ്പോള്‍ തീര്‍ച്ചയായും വിഷമം ഉണ്ടാവും.
പിന്നെ ആരെയും ഉപദേശിക്കാനും നേരയാക്കാനും കഴിയില്ല. അവനവന് തോന്നണം നന്നാവണം എന്ന്. സിനിമയില്‍ എത്തി, കൃത്യമായ ലക്ഷ്യം ഉള്ളവര്‍ അതിന് വേണ്ടി പരിശ്രമിയ്ക്കും. ഇങ്ങനെയൊക്കെ അങ്ങ് പോയാല്‍ മതി എന്ന് കരുതുന്നവരോട് പറഞ്ഞിട്ട് കാര്യമില്ല. ഉപദേശിക്കാന്‍ ഒന്നും ഞങ്ങള്‍ ആരുമല്ലെന്ന് താരം കൂട്ടിച്ചേര്‍ത്തു.
സിനിമയില്‍ ശത്രുക്കളുണ്ടോന്ന് ചോദിച്ചാല്‍ അതില്ലാത്തത് ആര്‍ക്കാണെന്ന് നസീര്‍ ചോദിക്കുന്നു. അത് കൊല്ലാന്‍ നടക്കുന്ന ശത്രുതയല്ല, നമുക്ക് കിട്ടാത്ത അംഗീകാരം മറ്റൊരാള്‍ക്ക് കിട്ടുമ്പോഴുള്ള വേദനയും അസൂയയുമൊക്കെ കൊണ്ട് ഉണ്ടാവുന്ന ശത്രുതയാണ്. പിന്നെ നമ്മള്‍ എന്താണെന്ന് മനസിലാക്കാതെ പെരുമാറുന്നതാവും.


Click it and Unblock the Notifications











