അന്നും ഇന്നും ഒരുപോലെ..., അഭിനയത്തിൽ എത്തിയിട്ട് 50 വർഷം, കോഴിക്കോട് നാരായണൻ നായരുടെ പുതിയ വിശേഷങ്ങൾ...
സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയപ്പോൾ മുതൽ ഈ എൺപത്തിമൂന്നാം വയസിലും രൂപത്തിൽ പോലും ഒരു മാറ്റവും വരാത്ത നടനാണ് കോഴിക്കോട് നാരായണൻ നായർ. അന്നും ഇന്നും മാറാത്ത നാരായണൻ നായരുടെ ശരീരപ്രകൃതിയും രൂപവും എപ്പോഴും ആരാധകർ അത്ഭുതത്തോടെയാണ് നോക്കുന്നത്. സോഷ്യൽമീഡിയയിൽ പലപ്പോഴും നാരായണൻ നായരുടെ ലുക്ക് മീമായി പ്രത്യക്ഷപ്പെടുകയും ചർച്ച ചെയ്യാറുമുണ്ട്. കോഴിക്കോട് സ്വദേശിയായ നാരായണൻ നായർക്ക് സിനിമയിലേക്കുള്ള വഴി തുറന്നത് നാടകാഭിനയമാണ്.
1971ൽ ആഭിജാത്യം എന്ന സിനിമയിലൂടെയാണ് നാരായണൻ നായർ അഭ്രപാളിയിലെത്തിയത്. 50 വർഷമായി സിനിമയിൽ സജീവമായി നിൽക്കുന്ന അദ്ദേഹം മലയാളസിനിമയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെയും അച്ഛനും അമ്മാവനും അപ്പൂപ്പനുമായിട്ടെല്ലാം അഭിനയിച്ച് കഴിഞ്ഞു. ഈ പ്രായത്തിലും സിനിമയിൽ നിറസാന്നിധ്യമായ അദ്ദേഹം എല്ലാവർക്കും പ്രിയങ്കരനാണ്.

മുന്നൂറിന് അടുത്ത് സിനിമകളിൽ അഭിനയിച്ചിട്ടുള്ള നാരായണൻ നായരുടെ മുഖം കാണുമ്പോൾ തന്നെ ദൃശ്യത്തിലെ ഛായകടക്കാരനേയും വാത്സല്യത്തിലെ അമ്മാവനേയും മലയാളികൾക്ക് ഓർമ വരും. കൊറോണ സമയത്ത് അഭിനയത്തിൽ നിന്നും വിട്ടുനിന്നുവെങ്കിലും ഇപ്പോൾ വീണ്ടും സജീവമായി അഭിനയിച്ച് തുടങ്ങിയിട്ടുണ്ട്. വാർധക്യത്തിൽ എത്തിയെങ്കിലും വീട്ടിൽ ഒതുങ്ങി കൂടാനോ അഭിനയം നിർത്താനോ നാരായണൻ നായർക്ക് പ്ലാനില്ല.
അതിന് കാരണം ക്യാമറയ്ക്ക് മുമ്പിൽ നിൽക്കുമ്പോൾ ലഭിക്കുന്ന ഊർജം തന്നെയാണ്. മകൾക്കും കുടുംബത്തിനുമൊപ്പം കോഴിക്കോട് താമസിക്കുന്ന നാരായണൻ നായർ സീ വിത്ത് എൽസ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇതുവരെയുള്ള സിനിമാ ജീവിതത്തെ കുറിച്ച് മനസ് തുറന്നു. സിനിമയിൽ എന്റെ തുടക്കം വില്ലനായിട്ടായിരുന്നു.
പിന്നീടാണ് ക്യാരക്ടർ റോളുകളിലേക്ക് മാറിയത്. വാത്സല്യത്തിലെ അമ്മാവന്റെ വേഷമാണ് കരിയർ ബ്രേക്കായത്. 1971ലാണ് ആദ്യ സിനിമയിൽ അഭിനയിക്കുന്നത്. ആഭിജാത്യമാണ് ആദ്യ സിനിമ. നാടകത്തിൽ ഒരുപാട് പ്രവർത്തിച്ചിട്ടുണ്ട്. ചെറുപ്പം മുതൽ നാടകത്തിലുണ്ടായിരുന്നു. ഇപ്പോൾ വളരെ വിരളമായി മാത്രമാണ് നാടകങ്ങൾ ചെയ്യുന്നത്. അടുത്തിടെ ഒരു സിനിമ ചെയ്തിരുന്നു. ഇപ്പോൾ സിനിമകളിൽ നിന്നും നിരന്തരം അവസരങ്ങൾ വരാറുണ്ട്.
വില്ലൻ കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ആളുകൾ എന്നോട് പരാതി പറയാറുണ്ട്. അത്തരം റോളുകൾ അവൾക്ക് അത്ര ഇഷ്ടപ്പെട്ടില്ലെന്നൊക്കെ പറയും. ദൃശ്യത്തിന്റെ സക്സസ് സെലിബ്രേഷനിലൊക്കെ പങ്കെടുത്തിരുന്നു. അമ്മയുടെ മീറ്റിങിനും പോകാറുണ്ട്. നാടകത്തിൽ അഭിനയിച്ചിരുന്ന സമയത്ത് ഹിന്ദുസ്ഥാൻ എഞ്ചിനീയറിങിൽ ജോലി ചെയ്തിരുന്നു. ഒരുപാട് വർഷം അവിടെ ജോലി ചെയ്തിരുന്നു. പിന്നീട് അത് അവസാനിപ്പിച്ചു.

നാടകങ്ങൾ തന്നെയാണ് സിനിമയിലേക്കുള്ള വഴിയും തുറന്ന് തന്നത്. സിനിമ വലിയ മോഹമായിരുന്നു. മൂന്നിറനടുത്ത് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആഭാജാത്യം എനിക്കിഷ്ടപ്പെട്ട സിനിമയാണ്. അഭിനയം വിടാൻ താൽപര്യമില്ല. നല്ല നല്ല ഒരുപാട് കഥാപാത്രങ്ങൾ എനിക്ക് ചെയ്യാൻ സാധിച്ചു. സിനിമയിൽ വന്നശേഷം വിദേശ യാത്രകളും നടത്തിയിട്ടുണ്ട്.
അമ്പത് വർഷത്തിന് അടുത്തായി അഭിനയം തുടങ്ങിയിട്ടെന്നും നാരായണൻ നായർ പറയുന്നു. സത്യസായ് ബാവയുടെ വലിയ ഭക്തനുമാണ് ഇദ്ദേം. ഇടയ്ക്ക് അവിടെ പോകാറുണ്ട്. അതുകൊണ്ട് തന്നെയാണ് വീടിന് സായ് ഹരിതം എന്ന പേരിട്ടിരിക്കുന്നതെന്നും നാരായണൻ നായർ പറയുന്നു.


Click it and Unblock the Notifications











