'ഭരതനൊപ്പം പോകാൻ ലളിത ചേച്ചിക്ക് ധൈര്യം കൊടുത്തത് ആ നടി; അന്ന് രാത്രി മുഴുവനും അവർ സംസാരിച്ചു'
മലയാളികൾക്ക് മറക്കാനാവാത്ത നടിയാണ് കെപിഎസി ലളിത. പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭയായിരുന്ന കെപിഎസി ലളിത അനശ്വരമായ ഒരുപിടി കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ചു. കഴിഞ്ഞ വർഷമാണ് നടി ലോകത്തോട് വിടപറഞ്ഞത്. അവസാന നാളുകളിൽ ലളിതയുടെ ആരോഗ്യം മോശമായിരുന്നു. അന്തരിച്ച സംവിധായകൻ ഭരതനാണ് കെപിഎസി ലളിതയുടെ ഭർത്താവ്. ഇരുവരും നിരവധി സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
ശശികുമാർ സംവിധാനം ചെയ്ത മുക്കുവനെ സ്നേഹിച്ച ഭൂതം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ലളിതയും ഭരതനും വിവാഹിതരാകുന്നത്. രഹസ്യ വിവാഹം അന്നേറെ ചർച്ചയായിരുന്നു. വീട്ടുകാരുടെ എതിർപ്പ് മറികടന്നായിരുന്നു വിവാഹം. കെപിഎസി ലളിത-ഭരതൻ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് പഴയകാല നടി ലളിതശ്രീ. നടി ജയഭാരതിയുടെ പിന്തുണ കാരണമാണ് ഭരതനെ വിവാഹം ചെയ്യാൻ കെപിഎസി ലളിത തയ്യാറായതെന്ന് ലളിതശ്രീ പറയുന്നു. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
ഭാരതിയുടെ റൂമിൽ ഞാനും കനകദുർഗയുമുണ്ട്. ലളിത ചേച്ചി ഒരു ദിവസം വന്നു. അവരും ഭാരതിയും വളരെ അടുപ്പമുള്ളവരാണ്. എല്ലാം അങ്ങോട്ടും ഇങ്ങോട്ടും പങ്കുവെക്കും. രണ്ട് ലളിതാമാരോടും എനിക്ക് അടുപ്പമാണെന്ന് ഭാരതി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ആ രാത്രി മുഴുവൻ ലളിത ചേച്ചിയും ജയഭാരതിയും സംസാരിച്ചു. ജയഭാരതി കൊടുത്ത ധൈര്യത്തിലാണ് ഇവർ വിവാഹം ചെയ്യുന്നത്. പിറ്റേന്ന് ഭാരതൻ സാർ ഞങ്ങളുടെ മുറിയിൽ വന്നു.

ലളിത ചേച്ചിയുടെ പെട്ടിയൊക്കെ ഇവിടെ ഉണ്ടാകും. നീ മദ്രാസിൽ പോകുമ്പോൾ അത് കൊണ്ട് കൊടുക്കണം എന്ന് പിറ്റേന്ന് ഭാരതി എന്നോട് പറഞ്ഞു. അവരുടെ പെട്ടി ഞാനെന്തിനാണ് എടുക്കുന്നതെന്ന് ചോദിച്ചു. അതൊക്കെ ഞാൻ പിന്നെ പറയാം എന്ന് മറുപടി. അന്ന് പുലർച്ചയ്ക്കാണ് അവർ എറണാകുളത്ത് പോയി രജിസ്റ്റർ മാര്യേജ് ചെയ്തതെന്നും ലളിതശ്രീ വ്യക്തമാക്കി.
ജയഭാരതിയെ ഇടയ്ക്ക് വിളിക്കും. പുള്ളിക്കാരി നാട്ടിലും കാനഡയിലുമായാണ് നിൽക്കുന്നത്. മകൻ കാനഡയിലാണ്. എന്നോട് തമിഴിലാണ് സംസാരിക്കുക. വീട്ടിൽ വാ എന്ന് പറയും. ജയഭാരതി ചേച്ചിയെ പോലെ തന്നെ അപകടങ്ങളിൽ നിന്നെല്ലാം രക്ഷിച്ചെന്നും ലളിതശ്രീ ഓർത്തു. പല്ലവി എന്ന സിനിമയിൽ അഭിനയിക്കവെയാണ് ജയഭാരതിയും ലളിതശ്രീയും സൗഹൃദത്തിലാകുന്നത്. രാത്രി പലരും തന്നെ ശല്യപ്പെടുത്തുമെന്ന് മുൻകൂട്ടിക്കണ്ട ജയഭാരതി അവരുടെ മുറിയിലാണ് തന്നെ കിടത്തിയതെന്ന് ലളിതശ്രീ തുറന്ന് പറഞ്ഞു.

ഒരുകാലത്ത് ചെറിയ വേഷങ്ങളിൽ സിനിമകളിൽ സജീവമായിരുന്ന നടിയാണ് ലളിതശ്രീ. എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി സിനിമാ രംഗത്ത് നിന്നും മാറി നിൽക്കുന്നു. ബൽറാം V/S താരദാസ് എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. സിനിമകളിൽ മുമ്പ് ചെയ്ത തരത്തിലുള്ള കഥാപാത്രങ്ങൾ ഇനിയും ചെയ്യാൻ താൽപര്യമില്ലെന്ന് ലളിതശ്രീ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
അടുത്തിടെ നൽകിയ മറ്റൊരു അഭിമുഖത്തിൽ ലളിതശ്രീ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. പണ്ട് ചെയ്ത കോമഡി വേഷങ്ങളിൽ ബോഡി ഷെയ്മിംഗ് ഉണ്ടായിരുന്നു. അത് കാണുന്നവർ ചിരിക്കുമെങ്കിലും എനിക്ക് വിഷമമാണ്. ഇനി ഒരിക്കലും അത്തരം വേഷങ്ങൾ ചെയ്യില്ല. അന്ന് കുടുംബം കഴിഞ്ഞ് പോകാൻ വേണ്ടിയാണ് അവ ചെയ്തതെന്നും ലളിതശ്രീ തുറന്ന് പറഞ്ഞു.
നടി ജയഭാരതിയും സിനിമകളിൽ നിന്ന് അകന്നിട്ട് വർഷങ്ങളായി. ഒരുകാലത്ത് മലയാളത്തിലെ മുൻനിര നടിയായിരുന്നു ജയഭാരതി. ഏറെനാളുകൾക്ക് ശേഷം കഴിഞ്ഞ ദിവസം സിനിമ സംഘടനായ അമ്മയുടെ മീറ്റിംഗിലാണ് ജയഭാരതിയെ മാധ്യമങ്ങൾക്ക് മുന്നിൽ കണ്ടത്.


Click it and Unblock the Notifications