ഒമ്പത് മാസം ഗർഭിണിയായപ്പോഴും അഭിനയിച്ചു; കരിയർ വിടാമെന്ന് കരുതി; പക്ഷെ ഭർത്താവ് പറഞ്ഞത്
സിനിമാ രംഗത്ത് ബഹുമാന്യ സ്ഥാനമാണ് നടി കെആർ വിജയക്കുള്ളത്. തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു കെആർ വിജയ. ദേവീ വേഷങ്ങൾ ഏറെ കെആർ വിജയ ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ പല ആരാധകരും ഭക്തിയോടെയാണ് കെആർ വിജയയെ കണ്ടത്. ഇപ്പോഴിതാ കരിയറിലെ ഓർമകൾ പങ്കുവെക്കുകയാണ് കെആർ വിജയ. ഭർത്താവിന്റെ പിന്തുണ കരിയറിലുടനീളം തനിക്കുണ്ടായിരുന്നെന്ന് കെആർ വിജയ പറയുന്നു.
വിവാഹ ശേഷം അഭിനയിക്കേണ്ടെന്നാണ് ഞാൻ കരുതിയത്. പക്ഷെ ഭർത്താവ്, മൂന്ന് മാസമായില്ലേ, ജോലി ചെയ്യൂ എന്ന് പറഞ്ഞു. മരിക്കുന്നതിന് മുമ്പ് പോലും നീ ജോലി ചെയ്യണം, പൂവ് ചൂടണം, പൊട്ട് തൊടണം, ജോലി കളയരുത്, സന്തോഷമായിരിക്കൂ, നിന്നെക്കൊണ്ട് പറ്റുന്നിടത്തോളം ചെയ്യ് എന്ന് പറഞ്ഞു. കുട്ടികൾ പിറന്ന ശേഷം കുടുംബവും കരിയറും എങ്ങനെ മുന്നോട്ട് കൊണ്ട് പോകുമെന്ന് ചിന്തിച്ചിരുന്നു. അത് ഞാൻ ഭർത്താവിനോട് ചോദിച്ചതാണ്.

ഓഫീസിൽ സ്ത്രീകൾ ജോലി ചെയ്യുന്നില്ലേ, അവർ എങ്ങനെയാണ് ചെയ്യുന്നത്. ഞായറാഴ്ച വർക്ക് ചെയ്യില്ല. ആറ് മണിക്ക് മുകളിൽ ജോലി ചെയ്യുകയുമില്ല. അതേ പോലെ നീയും ചെയ്യ് എന്ന് ഭർത്താവ് പറഞ്ഞു. സിനിമയിൽ അതൊക്കെ നടക്കുമോ എന്ന് ഞാൻ ചോദിച്ചു. നടക്കും, നടത്തി കാണിക്കണം എന്ന് അദ്ദേഹം. ആദ്യം ഈ നിബന്ധനകൾ വെക്കാൻ ബുദ്ധിമുട്ടായിരുന്നു, എന്നാൽ പിന്നീട് സംവിധായകരും നിർമാതാക്കളും അഡ്ജസ്റ്റ് ചെയ്തെന്നും കെആർ വിജയ ഓർത്തു.
ഞായറാഴ്ച വർക് ചെയ്യില്ലെന്ന് തീരുമാനിച്ച ആദ്യത്തെ ആർട്ടിസ്റ്റ് ഞാനാണ്. ഇപ്പോഴുള്ള പല ആർട്ടിസ്റ്റുകളും ഞായറാഴ്ച വർക്ക് ചെയ്യാറില്ലെന്ന് കെആർ വിജയ ചൂണ്ടിക്കാട്ടി. ഗർഭിണിയായി ഒമ്പത് മാസം വരെയും അഭിനയിച്ചിട്ടുണ്ട്. അതിന് ശേഷവും ഓഫറുകൾ വന്നു. ഒരു പെണ്ണിന് പ്രസവമെന്നാൽ മരിച്ച് ജീവിക്കലാണ്. പ്രസവം കഴിഞ്ഞ് നോക്കാമെന്ന് ഭർത്താവ് കഴിഞ്ഞു.

അമ്മയായ ശേഷം മൂന്ന് മാസം കഴിഞ്ഞപ്പോൾ വർക്ക് ചെയ്യാൻ പറഞ്ഞതെന്നും കെആർ വിജയ പറയുന്നു. സിനിമയില്ലെങ്കിൽ തന്റെ വിനോദങ്ങളെല്ലാം വീട്ടിലായിരുന്നു. സ്വിമ്മിംഗ് പൂളും തിയറ്ററും എല്ലാം വീട്ടിലുണ്ട്. ഒന്നിനും പുറത്ത് പോകേണ്ട. എവിടെയെങ്കിലും പോകണമെങ്കിൽ ഭർത്താവ് കൊണ്ട് പോകും.
ഒരിക്കൽ ജർമനിയിൽ ഒരു പ്രോഗ്രാമിന് എന്നെ ചിലർ വിളിച്ചു. ഭർത്താവിനോട് ചോദിച്ചപ്പോൾ നിനക്ക് ജർമനിയിൽ പോകണോ എന്ന് അദ്ദേഹം ചോദിച്ചു. അതെയെന്ന് ഞാൻ. ശരി, അടുത്ത മാസം നമ്മൾ പോകുന്നു എന്ന് പറഞ്ഞു. എന്നെ കൂട്ടി അമേരിക്ക, ജർമനി, സ്വിറ്റ്സർലന്റ് തുടങ്ങി എല്ലായിടത്തും കൊണ്ട് പോയി കാണിച്ചു. വേറെ എവിടെയങ്കിലും പോകണോ എന്ന് ചോദിച്ചു. വേണ്ടെന്ന് താൻ പറഞ്ഞെന്നും കെആർ വിജയ ഓർത്തു.
തന്റെ നാല് സഹോദരിമാരെക്കുറിച്ചും കെആർ വിജയ സംസാരിച്ചു. എല്ലാവരും ഒരു വീട്ടിലാണ് വളർന്നതെങ്കിലും പക്ഷെ അവരോടൊപ്പം സംസാരിക്കാനും ഇടപഴകാനും എനിക്ക് പറ്റിയിട്ടില്ല. എനിക്ക് പതിനാറ് വയസായിരുന്നപ്പോൾ അവർ ചെറിയ കുട്ടികളായിരുന്നു. സിനിമയിൽ വന്ന ശേഷം അവർക്ക് അറ്റാച്ച്മെന്റ് കൂടുതൽ അമ്മയോടായിരുന്നു. താൻ സിനിമകളുടെ തിരക്കിലായിരുന്നെന്നും കെആർ വിജയ പറയുന്നു. മഠത്തിൽ വേലായുധൻ എന്നാണ് കെആർ വിജയയുടെ അന്തരിച്ച ഭർത്താവിന്റെ പേര്. ഹേമലത എന്ന മകളുമുണ്ട്.


Click it and Unblock the Notifications











