'ചേച്ചി അഭിനയത്തിലേക്ക് വരാൻ കാരണം കുടുംബത്തിലെ സാഹചര്യം; ദേവീ വേഷങ്ങൾ ചെയ്യുമ്പോൾ പൂജകൾ ചെയ്തു'
പഴയ കാല സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു കെആർ വിജയ. അറുപതുകളിൽ തെന്നിന്ത്യൻ സിനിമാ ലോകത്ത് താര റാണിയായി അറിയപ്പെട്ട കെആർ വിജയയെ തേടി നിരവധി അവസരങ്ങളെത്തി. ഭക്തി സിനിമകളിൽ ദേവിയായി നിരവധി തവണ കെആർ വിജയ അഭിനയിച്ചിട്ടുണ്ട്. അക്കാലത്ത് ദേവീ കഥാപാത്രമെന്നാൽ പ്രേക്ഷകരുടെ മനസിൽ കെആർ വിജയായിരുന്നു. 1966 ലാണ് കെആർ വിജയ വിവാഹിതയാകുന്നത്. മഠത്തിൽ വേലായുധൻ എന്നാണ് ഭർത്താവിന്റെ പേര്. ഹേമലത എന്ന മകളും ദമ്പതികൾക്ക് പിറന്നു. 2016 ലാണ് കെആർ വിജയയുടെ ഭർത്താവ് മരിക്കുന്നത്.
കെആർ വത്സല, കെആർ സാവിത്രി, ശശികല, രാധ എന്നീ സഹോദരിമാരും നാരായണൻ സഹോദരനും കെആർ വിജയക്കുണ്ട്. കെആർ വിജയയെക്കുറിച്ചും തന്റെ കുടുംബത്തെക്കുറിച്ചും സംസാരിക്കുകയാണ് നടിയുടെ സഹോദരിയും നർത്തകിയുമായ കെആർ വത്സല. ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഇവർ മനസ് തുറന്നത്. വീട്ടിലെ മൂത്ത കുട്ടി എന്റെ ചേച്ചിയാണ്. അവർ കലയിലൂടെ ഞങ്ങളെയെല്ലാം പഠിപ്പിച്ചു. പഠിക്കേണ്ട കാലത്ത് പഠിക്കാൻ സാധിച്ചു.

ചേച്ചി കലാ രംഗത്തേക്ക് വന്ന കാലത്ത് വളരെ കഷ്ടപ്പെട്ടു. ആ കഷ്ടതകളൊന്നും ഞങ്ങൾ അനുഭവിക്കാതിരിക്കാൻ ചേച്ചി ശ്രദ്ധിച്ചു. എന്റെ അച്ഛന്റെ പൂർവകർ ആന്ധ്രയിൽ നിന്നുള്ളവരാണ്. വൈശ്യ കമ്മ്യൂണിറ്റിയിൽ പെട്ടവർ. അദ്ദേഹം ആഡംബരത്തോടെ ജീവിച്ച വ്യക്തിയാണ്. ഒരു കാലഘട്ടത്തിൽ മിലിട്രിയിൽ ചേർന്നു. എന്റെ അമ്മാവനോടൊപ്പം വീട്ടിൽ വന്നപ്പോൾ അമ്മയെ കണ്ട് മയങ്ങി. അവർ പ്രണയിച്ച് വിവാഹം ചെയ്തു. അക്കാലത്ത് ജാതി മാറി വിവാഹം ചെയ്യുന്നത് വലിയ പ്രശ്നമാണ്. വീട്ടുകാരെ എതിർത്താണ് വിവാഹം ചെയ്തത്. ഓരോ പ്രശ്നങ്ങളുണ്ടായിരുന്നെന്നും കെആർ വത്സല പറഞ്ഞു.
അച്ഛന് ഞങ്ങൾ സഹോദരിമാർ കലാ രംഗത്ത് ഉയരണമെന്നായിരുന്നു. ലളിത, പദ്മിനി, രാഗിണി സഹോദരിമാരുമായായിരുന്നു അക്കാലത്തെ താരതമ്യം. അവരെ പോലെ കലാ രംഗത്ത് പ്രബലരായി ഞങ്ങളും വരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ചേച്ചിയെ സിനിമയിലേക്കും എന്നെ നൃത്തത്തിലേക്കും വിട്ടു. ഞങ്ങളെ വളർത്താൻ അമ്മ വളരെ കഷ്ടപ്പെട്ടിട്ടുണ്ടെന്നും കെആർ വത്സല വ്യക്തമാക്കി. അച്ഛൻ കുടുംബ കാര്യങ്ങൾ ശ്രദ്ധിക്കില്ലായിരുന്നു. നാട് തോറും ചുറ്റി നടന്നിരുന്നതിനാൽ ചേച്ചിക്ക് ഞങ്ങളെ വളർത്തുന്നതിലും സംരക്ഷിക്കുന്നതിലും ഉത്തരവാദിത്വം വന്നെന്നും കെആർ വത്സല ചൂണ്ടിക്കാട്ടി.

കെആർ വിജയയുടെ കരിയറിലെ പ്രശസ്തിയെക്കുറിച്ചും സഹോദരി സംസാരിച്ചു. അക്കാലത്ത് മേക്കപ്പ് മാനും കോസ്റ്റ്യൂമറും ഒരുപാട് സപ്പോർട്ട് ചെയ്യും. ഹോം വർക്ക് ചെയ്യുന്നു. ദൈവത്തിന്റേ വേഷമാണെങ്കിൽ സ്കെച്ച് അയക്കും. ദേവിക വേഷങ്ങൾ ചെയ്യുമ്പോൾ ചേച്ചി നോൺ വെജ് ഭക്ഷണങ്ങൾ കഴിക്കില്ലായിരുന്നെന്നും കെആർ വത്സല പറയുന്നു. പൂജകൾ ചെയ്യും. അതിനായുള്ള ഡെഡിക്കേഷൻ കാണിക്കും.
സ്വാമി വേഷമെന്നാൽ വലിയ കഷ്ടമാണ്. ആ കോസ്റ്റ്യൂവും ഭാരമുള്ള ആഭരണങ്ങളും ധരിച്ച് നിൽക്കണം. പ്രത്യേകിച്ചും വേനൽക്കാലത്ത് ബുദ്ധിമുട്ടാണ്. അക്കാലത്ത് ഡബ്ബിംഗ് ഇന്നത്തെ പോലെയല്ല. മുകളിൽ മൈക്ക് കെട്ടുകയാണ്. അതിനനുസരിച്ച് പറയണം. വലിയ ഡയലോഗ് ആയിരിക്കും. ഇന്നത്തെ പോലെ പ്രോംപ്റ്റിംഗ് ഇല്ലായിരുന്നെന്നും കെആർ വത്സല വ്യക്തമാക്കി.


Click it and Unblock the Notifications











