അച്ഛന്റെ പുറത്ത് കയറി കത്തി കൊണ്ട് കുത്തുന്ന താരപുത്രി! ജയസൂര്യയ്ക്ക് ശേഷം ആ ഭാഗ്യം തനിക്കെന്ന് ദിയ
ലോക് ഡൗണ്‍ കാലത്ത് വീട് ഒരു പൂരപ്പറമ്പാക്കി മാറ്റിയൊരു താരകുടുംബം കേരളത്തിലുണ്ട്. നടന്‍ കൃഷ്ണ കുമാറിന്റേതാണ് ആ വീട്. വീട്ടില്‍ ലേഡീസ് ഹോസ്റ്റല്‍ നടത്തുന്ന സിനിമാ നടന്‍ എന്നാണ് ചിലര്‍ കളിയാക്കി കൃഷ്ണ കുമാറിനെ വിളിക്കുന്നത്. എന്നാല്‍ അത് താന്‍ ആസ്വദിക്കുന്ന കാര്യമാണെന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്.
നാല് പെണ്‍മക്കളും ഭാര്യയുമടങ്ങുന്ന കുടുംബം ലോക് ഡൗണ്‍ കാലം ആഘോഷിച്ചതെങ്ങനെയാണെന്ന് സമൂഹ മാധ്യമങ്ങളിലൂടെ തന്നെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ അച്ഛന്റെ സിനിമയിലെ ഏറ്റവും ഹിറ്റും രസകരമായൊരു രംഗം അഭിനയിച്ചിരിക്കുകയാണ് മകള്‍ ദിയ. ഇന്‍സ്റ്റാഗ്രാം പേജിലൂടെ ദിയ തന്നെ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്.

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് കോമഡി എന്റര്‍ടെയിനര്‍ മൂവിയാണ് ചതിക്കാത്ത ചന്തു. ജയസൂര്യ നായകനായിട്ടെത്തിയ ചിത്രത്തില്‍ കൃഷ്ണ കുമാര്‍ വില്ലന്‍ വേഷത്തിലായിരുന്നു അഭിനയിച്ചിരുന്നത്. നവ്യ നായരെ തട്ടികൊണ്ട് പോയതിന് ശേഷം അത് ചോദിക്കാന്‍ വരുന്ന ചന്തുവും അരവിന്ദന്‍ എന്ന കഥാപാത്രവും തമ്മില്‍ കത്തികുത്ത് നടത്തുന്നൊരു രംഗമുണ്ട്. കൃഷ്ണ കുമാറിനെ ഇടിച്ച് നിലത്ത് വീഴിച്ചതിന് ശേഷം പുറത്ത് കയറി ഇരുന്ന് കത്തികൊണ്ട് ജയസൂര്യ കുത്തുന്നു. ദേഷ്യം തീരുന്നത് വരെ കുത്തിയതിന് ശേഷമാണ് സിനിമയില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കത്തിയാണെന്ന് മനസിലാകുന്നത്.

ഒരേ സമയം പ്രേക്ഷകരെ ഞെട്ടിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ഈ രംഗമായിരുന്നു വീണ്ടും കൃഷ്ണ കുമാര്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നത്. ജയസൂര്യയെ അവതരിപ്പിച്ച ചന്തുവിന്റെ അതേ വേഷ പകര്‍ച്ചയില്‍ മുണ്ടും ഷര്‍ട്ടും ധരിച്ച് കത്തിയുമായിട്ടാണ് ദിയ എത്തിയത്. സിനിമയിലെ പോലെ തന്നെ കൃഷ്ണ കുമാര്‍ നിലത്ത് കിടന്ന് പ്രാണ വേദന അനുഭവിക്കുന്നുമുണ്ട്. രസകരമായ ഈ വീഡിയോ അതിവേഗമാണ് വൈറലായത്.

പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചതിക്കാത്ത ചന്തുവിലെ രംഗങ്ങളുമായി താരം വീണ്ടുമെത്തിയത്. ജയസൂര്യയ്ക്ക് ശേഷം നടന്‍ കൃഷ്ണ കുമാറിന്റെ പുറത്ത് കയറി ഇരുന്ന് ഇങ്ങനെ ചെയ്യാന്‍ അവസരം കിട്ടിയ ഏക വ്യക്തി താനായിരിക്കുമെന്ന് പറഞ്ഞ് കൊണ്ടാണ് ദിയ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ രസകരമായ പ്രതികരണങ്ങളാണ് വരുന്നത്. അച്ഛന്‍ മാസ് ആണെങ്കില്‍ മകള്‍ കൊലമാസ് ആണ്. ഇത്രയും ഭാഗ്യമുള്ള അച്ഛനും മക്കളും വേറെയില്ല, തുടങ്ങി രസകരമായ ഒരുപാട് കമന്റുകളാണ് ദിയയുടെ വീഡിയോക്ക് കിട്ടുന്നത്.

ഇത് മാത്രമല്ല ചതിക്കാത്ത ചന്തുവിലെ തന്നെ മറ്റൊരു രംഗവും ദിയ ചെയ്തിരുന്നു. ഒപ്പം ഇഷാനിയും ഉണ്ടായിരുന്നു. മാത്രമല്ല അച്ഛനും മക്കളുമെല്ലാം ചേര്‍ന്ന് കിടിലന്‍ ഡാന്‍സ് രംഗങ്ങളും ഈ ലോക് ഡൗണ്‍ കാലത്ത് പുറത്ത് വിട്ടിരുന്നു. ഇവര്‍ക്ക് മുന്നില്‍ ചേച്ചിയും നടിയുമായ അഹാന കൃഷ്ണയും ഉണ്ട്.


Click it and Unblock the Notifications