കല്യാണവും ഏകദേശം അതുപോലെയൊക്കെയാണ്! എല്ലാം സംഭവിച്ച് പോകുന്നതാണെന്ന് നടന്‍ കൃഷ്ണ കുമാര്‍
നടന്‍ കൃഷ്ണ കുമാറും കുടുംബവും മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ്. വീട്ടില്‍ ലേഡീസ് ഹോസ്റ്റല്‍ നടത്തുന്ന നടന്‍ എന്ന തരത്തിലൊക്കെ മുന്‍പ് പലരും കൃഷ്ണ കുമാറിനെ കളിയാക്കിയിരുന്നു. എന്നാല്‍ ഭാര്യയുടെയും നാല് പെണ്‍മക്കളുടെയും കൂടെ സന്തുഷ്ടമായൊരു കുടുംബജീവിതം നയിക്കുകയാണ് താരമിപ്പോള്‍.
ഇതിനിടെ തന്റെയും ഭാര്യ സിന്ധുവിന്റെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് താരമിപ്പോള്‍. വിവാഹ വാര്‍ഷികത്തെ കുറിച്ചായിരുന്നു നടന്‍ പങ്കുവെച്ചത്. ജീവിതത്തില്‍ ഇതുവരെ നടന്ന ഓരോ കാര്യങ്ങളും അങ്ങനെയങ്ങ് സംഭവിച്ച് പോയതാണെന്നാണ് വിവാഹജീവിതത്തെ കുറിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ കൃഷ്ണ കുമാര്‍ പറയുന്നത്.

'ജീവിതത്തില്‍ എല്ലാം സംഭവിക്കുന്നതാണ്.. നല്ലതും, നല്ലതല്ലാത്തതും. പല കാര്യങ്ങളും നമ്മള്‍ ശ്രമിക്കാറുണ്ട്. ചിലതു വിചാരിച്ചപോലെ നടക്കും, ചിലത് നടക്കില്ല. നടക്കുമ്പോള്‍ സന്തോഷിക്കും, നടക്കാത്തപ്പോള്‍ ദുഖിക്കും... കല്യാണവും ഏകദേശം അതുപോലെയൊക്കെ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ബഹുഭൂരിപക്ഷം കല്യാണങ്ങളിലും മുന്‍പരിചയമില്ലാത്ത ഒരു വ്യകതിയുമായി ഒരുമിച്ചു പോകുവാന്‍ തീരുമാനിക്കുന്നു. പിന്നീട് അവരുടെ ജീവിതത്തില്‍ കുറെ കാര്യങ്ങള്‍ സംഭവിക്കുന്നു.. ചിലരുടെ ബന്ധം നീണ്ടു നില്‍ക്കും. ചിലരോടെത്ത് ഇടയ്ക്ക് പിരിയുന്നു.. ചിലര്‍ പങ്കാളി നഷ്ടപ്പെട്ടു ഒറ്റയാവുന്നു.. എല്ലാം സംഭവിക്കുന്നതാണ്..
ദൈവം എന്നു നമ്മള്‍ വിളിക്കുന്ന, വിശ്വസിക്കുന്ന ആ അദൃശ്യ ശക്തിയുടെ അനുഗ്രഹത്താല്‍ 29 വര്‍ഷം മുന്‍പ് ഒരു ഡിസംബര്‍ മാസം 12 ആം തീയ്യതി സിന്ധുവിനോടൊപ്പം തുടങ്ങിയ ആ യാത്ര മറ്റു നാലുപേരെയും കൂടെ കൂട്ടി ഇപ്പോഴും തുടരുന്നു.. ദൈവത്തിനു നന്ദി.
എല്ലാ കുടുംബങ്ങളിലും നന്മയും സന്തോഷവും ഉണ്ടാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.' എന്നുമാണ് കൃഷ്ണ കുമാര്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

1994 ഡിസംബര്‍ പന്ത്രണ്ടിനായിരുന്നു കൃഷ്ണ കുമാറും സിന്ധും തമ്മില്‍ വിവാഹിതരാവുന്നത്. ആ കാലത്ത് അഭിനയത്തിലേക്ക് എത്തിയ നടന്‍ 'സുകൃതം' എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് കല്യാണം നടക്കുന്നത്. ആ സമയത്ത് സിന്ധു കോളേജില്‍ പഠിച്ച് കൊണ്ടിരിക്കുകയാണ്. വിവാഹം കഴിഞ്ഞതോടെ പഠനം ഉപേക്ഷിച്ച സിന്ധു പിന്നീട് കുടുംബിനിയാവുകയായിരുന്നു. താരദമ്പതിമാര്‍ക്ക് നാല് പെണ്‍കുട്ടികളും ജനിച്ചു.
മക്കളെല്ലാം വളര്‍ന്ന് സിനിമയിലടക്കം അഭിനയിച്ചതിന് ശേഷമാണ് സിന്ധുവും രംഗത്തേക്ക് വരുന്നത്. ഇപ്പോള്‍ യൂട്യൂബ് ചാനലുമായി സജീവമായിരിക്കുകയാണ് താരപത്‌നി. വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള വിശേഷങ്ങളും സിന്ധു യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
നൂറ് കണക്കിന് ആരാധകരാണ് കൃഷ്ണ കുമാറിനും സിന്ധുവിനും ആശംസകള്‍ അറിയിച്ച് എത്തുന്നത്. ശരിക്കും നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടിട്ടുള്ള ആളാണ്. എല്ലാവരും ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നു, കുടുംബത്തില്‍ എല്ലാ സന്തോഷങ്ങളും എന്നും ഉണ്ടാവട്ടേ എന്ന് തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.
എന്നാല്‍ 'നിങ്ങള്‍ മാത്രം ഇങ്ങനെ വിവാഹ വാര്‍ഷികം ആഘോഷിച്ചു നടന്നോ. മക്കള്‍ക്ക് ഈ പറഞ്ഞത് ഒന്നും വേണ്ടേ? എന്തൊക്കെ ആയാലും രണ്ടുപേര്‍ക്കും ആശംസകള്‍' എന്നാണ് ഒരു ആരാധകനിട്ട കമന്റ്. മക്കളുടെ വിവാഹം നോക്കുന്നില്ലേ എന്നുള്ള ചോദ്യങ്ങളാണ് കൃഷ്ണ കുമാറിനോട് കൂടുതല്‍ പേരും ചോദിക്കുന്നത്. എന്നാല്‍ മക്കളുടെ ജീവിതം അവരുടെ ഇഷ്ടത്തിനാണെന്നും അതിലൊന്നും താന്‍ ഇടപെടാറില്ലെന്നുമാണ് നടന്‍ മുന്‍പ് പറഞ്ഞിട്ടുള്ളത്.


Click it and Unblock the Notifications











