അന്ന് ജയസൂര്യ സപ്പോർട്ട് ചെയ്തു; കുടുംബത്തോടൊപ്പം കൃഷ്ണകുമാർ; ദിയ ആളാകെ മാറിയെന്ന് ആരാധകർ
സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചയാകുന്നരാണ് കൃഷ്ണ കുമാർ കുടുംബം. യൂട്യൂബ് ചാനൽ താര കുടുംബത്തെ വലിയ രീതിയിൽ മാറ്റി മറിച്ചു. കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും നാല് മക്കളും യൂട്യൂബ് പ്രേക്ഷകർക്ക് ഇന്ന് പ്രിയങ്കരരാണ്. കൃഷ്ണകുമാർ വല്ലപ്പോഴുമേ വീഡിയോകൾ പങ്കുവെക്കാറുള്ളൂ. ഇപ്പോഴിതാ പുതിയ വീഡിയോയിൽ തന്റെ സിനിമാ ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് കൃഷ്ണ കുമാർ. മക്കൾക്കൊപ്പം ഹു നോ മി ബെറ്റർ എന്ന ഗെയിം സെഷനിൽ സംസാരിക്കുകയായിരുന്നു കൃഷ്ണകുമാർ.
ചതിക്കാത്ത ചന്തു എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തതിന്റെ ഓർമകൾ കൃഷ്ണകുമാർ പങ്കുവെച്ചു. ചതിക്കാത്ത ചന്തുവിലെ സീൻ ഷൂട്ട് ചെയ്യേണ്ട എന്ന് വെച്ചതാണ്. ഞാൻ ജയസൂര്യയോട് പറഞ്ഞപ്പോൾ ചേട്ടാ, നമുക്ക് ഇത് എടുക്കണം, നല്ല സീനാണെന്ന് പറഞ്ഞു. റാഫിയാണ് ഡയറക്ട് ചെയ്യുന്നത്. മെക്കാർട്ടിൻ എഴുതുന്നു. നല്ല സീനാണ്, അതെടുക്കണം, പക്ഷെ പടത്തിന് ലെങ്ത് കൂടി. നമുക്ക് ഒഴിവാക്കിയാലോ എന്ന് ചോദിച്ച. ഇതെടുക്കണം, ആകെ എനിക്കുള്ള സീനാണിതെന്ന് ഞാൻ പറഞ്ഞു.

ജയസൂര്യ ഒന്ന് സപ്പോർട്ട് ചെയ്തു. അതോടെ മെക്കാർട്ടിൻ ആ ഭാഗം ഞാൻ ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞു. മെയിൻ സീൻ ഷൂട്ട് ചെയ്ത് കൊണ്ടിരിക്കവെ സൈഡിൽ കുറച്ച് ഓലയൊക്കെ നിരത്തി വെച്ച് എടുത്തു. രണ്ട് മൂന്ന് മണിക്കൂറിനുള്ളിൽ മുഴുവൻ സീനും എടുത്തു. പക്ഷെ ഈ സീൻ സിനിമയിൽ വരുമോ എന്ന് സംശയമുണ്ടായിരുന്നു. ജനങ്ങൾ ഇഷ്ടപ്പെട്ട സീനുകളിലൊന്നാണ് അതെന്നും കൃഷ്ണ കുമാർ പറഞ്ഞു.
കൃഷ്ണകുമാറിന്റെ മറ്റ് സിനിമകളെക്കുറിച്ചും വീഡിയോയിൽ സംസാരിക്കുന്നുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തിയത്. കൃഷ്ണകുമാർ വീണ്ടും യൂട്യൂബ് ചാനലിൽ സജീവമായതിന്റെ സന്തോഷം പലരും പങ്കുവെച്ചു. ദിയ കൃഷ്ണ ഇപ്പോൾ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നെന്നും ചിലർ ചൂണ്ടിക്കാട്ടി.

മുമ്പ് സുഹൃത്തുക്കൾക്കൊപ്പമാണ് ദിയ കൂടുതൽ സമയം ചെലവഴിച്ചതെന്ന് കുടുംബം പറഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ന് അച്ഛനും അമ്മയ്ക്കും സഹോദരിമാർക്കുമൊപ്പം ദിയയെ കൂടുതൽ സമയം കാണാം. കഴിഞ്ഞ ദിവസം താര കുടുംബം ഒന്നിച്ച് ബാലിയിലേക്ക് യാത്ര പോയിരുന്നു. ദിയയുടെ ഹണിമൂൺ യാത്രയ്ക്ക് കുടുംബം ഒപ്പം പോയെന്ന് ചിലർ പരിഹസിച്ചപ്പോൾ സിന്ധു കൃഷണ പ്രതികരണവുമായെത്തി. ദിയയുടെ വിവാഹത്തിന് മുമ്പ് പ്ലാൻ ചെയ്ത യാത്രയാണിതെന്നും ഒരുമിച്ച് പോകുകയായിരുന്നെന്നും സിന്ധു കൃഷ്ണ പറഞ്ഞു.
അടുത്തിടെയാണ് ദിയ കൃഷ്ണയുടെ വിവാഹം കഴിഞ്ഞത്. ആഘോഷപൂർവം നടന്ന വിവാഹത്തിൽ സിനിമാ ലോകത്ത് നിന്നും അധികമാരും എത്തിയിരുന്നില്ല. ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയുമേ വിവാഹത്തിന് ക്ഷണിച്ചിരുന്നുള്ളൂ എന്ന് കൃഷ്ണകുമാർ പറഞ്ഞു. അശ്വിൻ ഗണേശ് എന്നാണ് ദിയയുടെ ഭർത്താവിന്റെ പേര്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇന്ന് രാഷ്ട്രീയത്തിലേക്കാണ് കൃഷ്ണ കുമാർ കൂടുതൽ ശ്രദ്ധ നൽകുന്നത്. മൂത്ത മകൾ അഹാന കൃഷ്ണ സിനിമ കരിയറായി തെരഞ്ഞെടുത്തു.


Click it and Unblock the Notifications