കല്യാണം നല്ലൊരു ഇടപാടായി തോന്നിയില്ല, കംപാനിയനുണ്ട്... പുര നിറഞ്ഞ് നിൽക്കുകയല്ല, പുള്ളിയെ കൊണ്ട് ശല്യമില്ല!
നടിയും നർത്തകിയുമായ കൃഷ്ണപ്രഭ ഏറ്റവും കൂടുതൽ കേൾക്കുന്ന ചോദ്യങ്ങളിൽ ഒന്നാണ് പ്രായം നാൽപ്പതിനോട് അടുത്തിട്ടും എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ലെന്നത്. കല്യാണം, കുട്ടികൾ എന്ന സിസ്റ്റത്തോട് താൽപര്യമില്ലെന്നാണ് അന്നും ഇന്നും നടിയുടെ നിലപാട്. ഇപ്പോഴിതാ വിവാഹം വേണ്ടെന്ന തീരുമാനത്തിലേക്ക് തന്നെ എത്തിച്ച കാരണവും തന്റെ പങ്കാളിയെ കുറിച്ചും ആദ്യമായി മനസ് തുറക്കുകയാണ് കൃഷ്ണപ്രഭ.
സോഷ്യൽമീഡിയ വഴി നിരവധി വിവാഹ അഭ്യർത്ഥനകൾ വരാറുണ്ടെന്നും മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞു. എങ്ങനെയാണ് ഇങ്ങനെ ചിരിക്കാൻ പറ്റുന്നതെന്ന് ആളുകൾ ചോദിക്കാറുണ്ട്. അതിനുള്ള മറുപടിയായി അമ്മയോട് പറയാറുള്ള ഒരു കാര്യം ഞാൻ കല്യാണം കഴിച്ചിട്ടില്ലെന്നതാണ്. അതുകൊണ്ട് തന്നെ വേറെ ആരെയും ഒന്നും ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല.

ഭാരങ്ങളും ഉത്തരവാദിത്വങ്ങളും ഇല്ല. ആൾക്കാർ ഇത്തരം കാര്യങ്ങളിലൊക്കെയല്ലേ പൊതുവെ പരാതി പറയാറുള്ളത്. പരാതിയും പറയും ശേഷം പോയി കല്യാണവും കഴിക്കും. അത് എന്തിനാണെന്ന് എനിക്ക് മനസിലായിട്ടില്ല. കല്യാണം കഴിച്ചശേഷം വീണ്ടും പരാതിയും പറയും. എന്തിന് കല്യാണം കഴിച്ചുവെന്നൊക്കെയാണ് പിന്നീടുള്ള പരാതി. അങ്ങനെയാണെങ്കിൽ പിന്നെ കല്യാണം കഴിക്കാതെ ഇരുന്നാൽ പോരേ?.
കല്യാണം നല്ലൊരു എടപ്പാടായി തോന്നാത്തതുകൊണ്ടാണ് ഞാൻ കല്യാണം കഴിക്കാത്തത്. ടീനേജ് മുതൽ എനിക്ക് ഈ ചിന്തയുണ്ട്. എന്റെ ചുറ്റുമുള്ള അനുഭവങ്ങൾ വെച്ചാണ് ഞാൻ ഒരു അഭിപ്രായം പറയുന്നത്. എനിക്ക് അറിയാവുന്ന മിക്ക ആളുകളും കല്യാണം കഴിഞ്ഞ് ഉന്തി ഉരുട്ടി ഒരുമിച്ച് ജീവിതം കൊണ്ടുപോകുന്നവരാണ്. കല്യാണം കഴിക്കാൻ അമ്മ നിർബന്ധിക്കാറുമില്ല.
എന്റെ ചേട്ടന് 46 വയസായി. അവൻ പക്ഷെ കല്യാണം കഴിച്ചിട്ടില്ല. എപ്പോൾ തോന്നൽ വരുന്നോ അപ്പോൾ വിവാഹം കഴിച്ചാൽ മതിയെന്നാണ് അമ്മയും പറയാറുള്ളത്. പലരും കല്യാണം കഴിക്കുന്നത്. ഒരു പ്രായത്തിൽ ആ കർത്തവ്യം ചെയ്യണം എന്നൊരു സിസ്റ്റം ഉണ്ടായിരുന്നതുകൊണ്ടാണ്. ഇപ്പോൾ അതിൽ ഒത്തിരി മാറ്റം വന്നിട്ടുണ്ട്.
ഒരു പ്രായത്തിൽ എത്തുമ്പോൾ എല്ലാവരും കല്യാണം കഴിക്കണം എന്ന സിസ്റ്റത്തിന്റെ ആവശ്യം എന്താണ്. അത് എന്ത് കളിയാണ്. ആളുകൾ ഞങ്ങളുടെ വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോൾ അമ്മ പറയുന്ന മറുപടിയുണ്ട്. അവർ സമാധാനമായി ജീവിച്ചോട്ടെ. അവർക്ക് തോന്നുമ്പോൾ കല്യാണം കഴിച്ചോളും എന്നാണത്. സമയത്ത് മക്കളെ കല്യാണം കഴിപ്പിച്ചില്ലെന്ന് പറഞ്ഞ് അമ്മയോട് എതിർപ്പ് പ്രകടിപ്പിച്ച ബന്ധുക്കളുമുണ്ട്. നല്ല ദാമ്പത്യം ലക്കാണ്.

ആ ലക്ക് പരീക്ഷിക്കേണ്ട കാര്യമുണ്ടോയെന്നതാണ് എന്റെ ചോദ്യം. ലൈഫിൽ ഒരു പാട്നർ ആവശ്യമാണ്. എല്ലാം പറയാനായി ഒരു കംപാനിയൻ ഉള്ളത് നല്ലതാണ്. എന്ന് കരുതി സമൂഹത്തിനെ കാണിക്കാനായി വഴിയെ പോകുന്ന ഒരാളെ കല്യാണം കഴിച്ച് ഇടിയും ഗുസ്തിയും ഉണ്ടാക്കി അവനവന്റെ സന്തോഷം കളയണോ. കല്യാണം കഴിക്കാൻ എനിക്ക് താൽപര്യമില്ല. ആ സിസ്റ്റത്തിനോട് എനിക്ക് എതിർപ്പുണ്ട്. എങ്ങനെ ഇങ്ങനൊരു ചിന്ത വന്നുവെന്ന് എനിക്ക് അറിയില്ല.
എന്റെ തീരുമാനം ശരിയാണെന്നാണ് എന്റെ തോന്നൽ. മുമ്പ് ഇൻഫാക്ച്വേഷനൊക്കെയുണ്ട്. പക്ഷെ കടുത്ത പ്രണയമൊന്നും ഉണ്ടായിട്ടില്ല. ഒരു കുഞ്ഞിനെ നോക്കി വളർത്തികൊണ്ട് വരിക എന്നത് എനിക്ക് പറ്റുന്ന പണിയില്ല. എനിക്ക് കംപാനിയനുണ്ട്. അയാൾ സേഫായി ഇരിപ്പുണ്ട്. എന്നെ കൊണ്ട് പുള്ളിക്കോ പുള്ളിയെ കൊണ്ട് എനിക്കോ ശല്യമില്ല. അമ്മയ്ക്കും സഹോദരനും ഇതെല്ലാം അറിയാം.
ഇൻസ്റ്റയിലൂടെ വിവാഹ അഭ്യർത്ഥനകൾ വരാറുണ്ട്. എല്ലാവരോടുമായി പറയട്ടെ ഞാൻ പുര നിറഞ്ഞ് നിൽക്കുകയല്ല. എനിക്ക് ഒരു കംപാനിയനുണ്ട്. ഞങ്ങൾ പരസ്പരം അഭിപ്രായങ്ങൾ ചോദിക്കും. പക്ഷെ പരസ്പരം ഓവറായി ഒന്നിലും ഇടപെടാറില്ലെന്നും കൃഷ്ണപ്രഭ പറഞ്ഞു.


Click it and Unblock the Notifications

















