'മാറി താമസിക്കാൻ ഞാൻ അവരോട് പറയാറുണ്ട്, അഞ്ച് പൈസ വരുമാനം വീട്ടിലേക്ക് കൊടുക്കുന്നില്ല... ചിലവാക്കുന്നുണ്ട്'
കൃഷ്ണകുമാറിന്റെ കുടുംബത്തെ ഒരു മാതൃകയായി സ്വീകരിച്ച് ജീവിക്കുന്ന ഒരുപാട് പേർ ഇന്നുണ്ട്. നടന്റെ രണ്ടാമത്തെ മകൾ ദിയയുടെ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ് നടന്നപ്പോൾ കൃഷ്ണകുമാർ ഇടപെട്ട രീതിയും മകളുടെ പ്രസവസമയത്ത് അവൾക്ക് നൽകിയ കരുതലും കണ്ട് ഇതുപോലൊരു അച്ഛൻ ഉണ്ടായിരുന്നുവെങ്കിലെന്ന് ആത്മഗതം പറഞ്ഞവർ നിരവധിയാണ്. കൊച്ചുമകന്റെ വരവിനുശേഷം മക്കളെക്കാൾ കൃഷ്ണകുമാറിന് പ്രിയം അവനോടാണ്.
ഓമിയെ കെട്ടിപിടിച്ചിരിക്കുമ്പോൾ സമാധാനം തോന്നുമെന്ന് പറയുകയാണ് കൃഷ്ണകുമാർ. ഒപ്പം തന്റെ പാരന്റിങ് എത്തരത്തിലാണെന്നതും ഇൻഫൈൻ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞു. നമുക്ക് അറിയാത്ത ചില അദൃശ്യശക്തികളുണ്ട്. അത് നമ്മളെ നയിച്ചുകൊണ്ടുപോവുകയാണ്.

എല്ലാ അനുഭവിക്കാൻ ആയുസ് ദൈവം തന്നു. ഓമിയെ കാണാൻ എനിക്ക് അവസരം കിട്ടി. എന്റെ സുഹൃത്തുക്കളിൽ പലർക്കും പേരക്കുട്ടികളായി. അവർ മക്കളെക്കാൾ കൂടുതൽ സമയം ചിലവഴിക്കുന്നത് കൊച്ചുമക്കൾക്കൊപ്പമാണ്. അത് കാണുമ്പോൾ മുമ്പൊക്കെ എന്തിന് ഇങ്ങനെ ഇവർ ചെയ്യുന്നുവെന്ന് തോന്നിയിരുന്നു. എല്ലാ തിരക്കുകളും വേഗം തീർത്താണ് അവർ കൊച്ചുമക്കൾ ഉള്ളിടത്തേക്ക് ഓടി എത്തുന്നത്.
പക്ഷെ ഞാനും മുത്തച്ഛനായപ്പോൾ കാരണം എനിക്ക് മനസിലായി. കൊച്ചുമക്കൾ ഒരു ശക്തമായ കാന്തം പോലെയാണ്. ഓരോ മനുഷ്യ ജന്മങ്ങളുണ്ടാകുമ്പോഴും അതിൽ ഒരു പവറുണ്ടാകും. അച്ഛനമ്മമാരാണ് മക്കളെ വളർത്തുന്നതെങ്കിലും അവർക്കൊപ്പം അപ്പൂപ്പനും അമ്മൂമ്മയും കൂടി ഉണ്ടെങ്കിൽ അതൊരു ഭാഗ്യമാണ്.
കുഞ്ഞുങ്ങൾക്ക് അതൊരു ഗുണമാണ്. കുഞ്ഞുങ്ങളെ കെട്ടിപിടിച്ച് ഇരിക്കുമ്പോൾ ഒരു സമാധാനം കിട്ടും. അത് അപ്പൂപ്പന്റേയും അമ്മൂമ്മയുടേയും ആരോഗ്യത്തിനും നല്ലതാണ്. ബാല്യത്തിലേക്ക് പോകും. കൊച്ചുമകൻ ചിരിക്കുമ്പോൾ നിങ്ങളെപോലെയാണെന്ന് ആളുകൾ പറയുമ്പോൾ ഞാൻ പോയി എന്റെ പഴയ ഫോട്ടോകളൊക്കെ തപ്പി നോക്കും കൃഷ്ണകുമാർ പറഞ്ഞു. മക്കളിൽ ഒരാൾ വിവാഹം കഴിച്ചിട്ടും കുടുംബത്തിൽ തന്നെ തുടരുന്നതിന്റെ കാരണവും കൃഷ്ണകുമാർ പറഞ്ഞു.
ദിയ വീട് വാടകയ്ക്കെടുത്തിട്ടുണ്ടെങ്കിലും താമസം ഞങ്ങളുടെ കൂടെ തന്നെയാണ്. ഞങ്ങളുടെ വീടിന്റെ പ്രത്യേകതയാണോയെന്ന് അറിയില്ല. അവിടെ നിന്ന് ആരും പോകുന്നില്ല. നിങ്ങളെല്ലാവരും ഒന്ന് മാറി താമസിക്കാൻ ഞാൻ അവരോട് പറയാറുണ്ട്. പക്ഷെ പ്രസവം കഴിഞ്ഞിട്ട് ഇതുവരെ ഓസി സ്വന്തം ഫ്ലാറ്റിലേക്ക് പോയിട്ടില്ല. കൊച്ചുമകനും മരുമകനും എല്ലാം അവിടെയുണ്ട്.

പെരുകി കൊണ്ടിരിക്കുകയാണ്. അത് സന്തോഷം തന്നെയാണ്. ആളനക്കം വേണം ബഹളം വേണം. ഇപ്പോൾ നമ്മൾ കാണുന്നത് ഏറെയും മൈക്രോ ഫാമിലിയാണല്ലോ. പക്ഷെ കൂട്ടായി നിന്നാൽ ശക്തി കൂടും. എന്നിരുന്നാലും അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. പക്ഷെ ഞാൻ പറഞ്ഞ് കൊടുക്കുന്ന കാര്യങ്ങൾ എടുത്ത് ചിന്തിക്കാനും മനസിലാക്കാനും അവർ ശ്രമിക്കാറുണ്ട്. ഇന്ന് എന്റെ ശക്തിയും ബലവും തൂണുമെല്ലാം എന്റെ മക്കളാണ്.
കുറച്ച് കാലമായി ഞാൻ സിനിമയിൽ അഭിനയിക്കുന്നില്ലല്ലോ. അഞ്ച് പൈസ വരുമാനം വീട്ടിലേക്ക് കൊടുക്കുന്നുമില്ല. ഞാൻ ചിലവാക്കുന്നുമുണ്ട്. എന്റെ കുട്ടികളാണ് വീട് നോക്കുന്നത്. ഒരാൾ പോലും ഞാൻ അത് ചെയ്യില്ല, ഇത് ചെയ്യില്ലെന്ന് പറയാറില്ല. അവർ തന്നെ ഓരോന്നായി ഏറ്റെടുത്ത് ചെയ്യും. ഈ മനുഷ്യൻ ഇത്രയും കാലം നമ്മളെ നല്ലതുപോലെ വളർത്തിയതാണല്ലോ.
അമ്പത് കഴിഞ്ഞ വ്യക്തിയല്ലേ. ഇനി അദ്ദേഹത്തിന്റെ ചിലവുകൾ തങ്ങൾ നോക്കാമെന്ന രീതിയിലാണ് മക്കൾ കാര്യങ്ങൾ ചെയ്യുന്നത്. അവരെ ഞാൻ നിയന്ത്രിച്ചിരുന്നുവെങ്കിൽ അവർ ഇതുപോലെ ആവുകയില്ലായിരുന്നു. മറ്റുള്ളവർക്ക് കൊടുക്കാൻ ഞാൻ അവരെ പഠിപ്പിച്ചിട്ടുണ്ട്. കൊടുത്താൽ എങ്ങനെയെങ്കിലും നമുക്ക് അത് തിരിച്ച് കിട്ടും എന്നും കൃഷ്ണകുമാർ പറഞ്ഞു.


Click it and Unblock the Notifications











