പഴയത് ഇടേണ്ട; ഭാര്യയ്ക്കും മക്കൾക്കും പുതിയ വസ്ത്രങ്ങൾ വാങ്ങി, പ്രസാദേട്ടാ എന്ന് വിളിച്ച് കരച്ചിലായിരുന്നു!
അടുത്തിടെ കേട്ടതിൽ മലയാളികൾ ഒന്നടങ്കം ഷോക്കായ ഒരു മരണ വാർത്തയായിരുന്നു നടൻ കലാഭവൻ നവാസിന്റേത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടരയോടെ എറണാകുളം ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണം. ശരീരം നന്നായി സൂക്ഷിക്കുകയും ആരോഗ്യവാനുമായ നടനായിരുന്നു. അതുകൊണ്ട് തന്നെ മരണ വാർത്ത വന്നപ്പോൾ സത്യമാകരുതേയെന്ന് പ്രാർത്ഥിച്ചവരായിരുന്നു ഏറെയും.
വർഷങ്ങളായി നവാസിന്റെ സൗഹൃദ വലയത്തിലുള്ള കലാകാരൻ കെഎസ് പ്രസാദ് നടന്റെ അവസാന ദിവസങ്ങളെ കുറിച്ചും നവാസുമായുള്ള അടുപ്പത്തെ കുറിച്ചും ന്യൂസ് ടുഡെ മലയാളത്തോട് പങ്കുവെച്ചു. കുടുംബാംഗങ്ങൾക്കെല്ലം പല കാര്യങ്ങളിലും നിർദേശം നൽകി പുതിയ വസ്ത്രങ്ങളും വാങ്ങി കൊടുത്തശേഷമാണ് നവാസ് അവസാന ഷൂട്ടിങിനായി പോയതെന്ന് പ്രസാദ് പറഞ്ഞു.

കുടുംബസ്ഥനാണെന്നും ആ കുടുംബത്തിന്റെ അവസ്ഥ ആലോചിക്കുമ്പോൾ സങ്കടമാണെന്നും പ്രസാദ് പറഞ്ഞു. ടിവിയിൽ വരുന്നതിന് മുമ്പ് വാർത്ത അറിഞ്ഞിരുന്നു. കലാഭവനിലുള്ള ഒരു വ്യക്തിക്ക് ഇങ്ങനെ സംഭവിച്ചുവെന്നാണ് അറിഞ്ഞത്. പേര് പറഞ്ഞില്ല. ഗ്രൂപ്പിലൊന്നും വന്നിരുന്നില്ല. ആദ്യം നവാസിനെ തന്നെയാണ് ഞാൻ വിളിച്ചത്. പക്ഷെ ആരും ഫോണെടുത്തില്ല.
പിന്നീട് നിയാസിനെ വിളിച്ചു. അവൻ ഫോണെടുത്തതും പ്രസാദേട്ടാ എന്ന് വിളിച്ചൊരു കരച്ചിലായിരുന്നു. അപ്പോൾ തന്നെ എനിക്ക് ഏകദേശം കാര്യം മനസിലായി. ഞാൻ ഉടനെ പുറപ്പെട്ടു. നവാസിനെ കുറിച്ച് നല്ല ഓർമകൾ മാത്രമേയുള്ളു. മോശമായ ഒരു സംഭവവും പുള്ളിയെ കുറിച്ച് ഓർക്കാനില്ല. പോസിറ്റീവായിട്ടുള്ള മനുഷ്യനാണ്. കലാഭവൻ സലീമാണ് നവാസിനെ എനിക്ക് പരിചയപ്പെടുത്തിയത്.
പതിനെട്ട് ഇരുപത് വയസിൽ പോലും ഒരു കൊച്ചുകുട്ടിയുടെ മുഖമായിരുന്നു നവാസിന്. ഇപ്പോഴും അങ്ങനെ തന്നെയാണല്ലോ... അമ്പത്തൊന്ന് വയസുണ്ടെങ്കിലും ഒരു മുപ്പത്തിയഞ്ച് വയസെ പറയൂ. അന്ന് വളരെ ചെറുതായിരുന്നു. നവാസിനെ ഞാൻ പരിചയപ്പെട്ടതിന്റെ പിറ്റേ ദിവസം ആബേലച്ചൻ എന്നോട് പറഞ്ഞു പ്രോഗ്രാമിന് പോകാൻ ആളുകളുടെ കുറവുണ്ടെന്ന്.
അപ്പോഴാണ് നവാസിന്റെ മുഖം ഓർമ വന്നത്. അങ്ങനെ നവാസിനെ പോയി കണ്ട് ട്രൂപ്പിലേക്ക് ക്ഷണിച്ചു. ആദ്യം അവനൊരു ഭയമായിരുന്നു. പിന്നെ കാര്യങ്ങൾ ഞാൻ പറഞ്ഞ് മനസിലാക്കി. പിറ്റേ ദിവസം ലഡുവൊക്കെ ആയിട്ടാണ് നവാസ് കാണാൻ വന്നത്. കലാഭവനിലേക്ക് എടുത്തതിന്റെ സന്തോഷമായിരുന്നു അവന്. കലാഭവനിൽ ലാസ്റ്റ് വന്നത് ജൂണിലാണ്. മാ സംഘടനയുടെ കമ്മിറ്റിയിലും അവനുണ്ടായിരുന്നു. നല്ലൊരു കുടുംബസ്ഥനായിരുന്നു.

സിനിമയിലുള്ളവരെല്ലാം നല്ല കുടുംബസ്ഥരാകണമെന്നില്ല. ഫാമിലിക്കൊപ്പം കഴിയാനാണ് നവാസിന് ഏറ്റവും താൽപര്യം. അതുപോലെ രഹ്നയും വളരെ പോസിറ്റീവാണ്. പാലുകുടിമാറാത്ത പയ്യനാണല്ലോ എന്നാണ് നവാസിനെ ആദ്യം കണ്ടപ്പോൾ ആബേലച്ചൻ പറഞ്ഞത്. അത് സത്യമാണ് അവൻ വളരെ കുഞ്ഞായിരുന്നു. സിനിമയിൽ ചാൻസ് ചോദിച്ച് ഇടിച്ച് കേറാൻ നവാസ് ഇഷ്ടപ്പെട്ടിരുന്നില്ല.
അഭിമാനിയായിരുന്നു. ശ്രമിച്ചിരുന്നവെങ്കിൽ കുറേ അധികം സിനിമകളിൽ നവാസിന് അവസരം കിട്ടുമായിരുന്നു. കഴിവുണ്ടായിരുന്നു. ഒരു കുഴപ്പവും നവാസിനെ കുറിച്ച് പറയാനില്ല. പോകുന്നതിന് മുമ്പ് ഭാര്യയ്ക്കും മക്കൾക്കും എല്ലാം നവാസ് കുറേ ഡ്രസ്സ് വാങ്ങി കൊടുത്തിരുന്നു. പഴയതൊന്നും ഇടേണ്ട ഇനി. എല്ലാം ഫ്രഷ് ഇട്ടാൽ മതിയെന്ന് പറഞ്ഞുവത്രെ.
അതൊക്കെ കേട്ടപ്പോൾ നവാസിന് എന്തുകൊണ്ടാണ് അങ്ങനെ ചെയ്യാനും പറയാനും തോന്നിയതെന്ന് തോന്നി. നവാസിന് ഇങ്ങനെ സംഭവിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. അതുകൊണ്ട് തന്നെ ഒരു ഞെട്ടലായിരുന്നു. ശരീരം നന്നായി ശ്രദ്ധിക്കുന്ന ആളായിരുന്നു എന്നും കെഎസ് പ്രസാദ് ഓർമകൾ പങ്കിട്ട് പറഞ്ഞു. നടി രഹ്നയാണ് നവാസിന്റെ ഭാര്യ.


Click it and Unblock the Notifications