'രജിനികാന്ത് ചിത്രത്തിൽ അഭിനയിക്കവെ അമ്മയ്ക്ക് ആശങ്ക; ഭാവിയെക്കുറിച്ച് മീനയേക്കാൾ ചിന്തിച്ചത് അമ്മ'
തെന്നിന്ത്യൻ സിനിമകളിൽ 90 കളിൽ നിറഞ്ഞ് നിന്ന മീനയ്ക്ക് ഇന്നും സിനിമാ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമാവാൻ കഴിയുന്നു. അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പർസ്റ്റാറുകളുടെ നായികയാവാൻ മീനയ്ക്ക് കഴിഞ്ഞു. രജിനീകാന്ത്, മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങളുടെയൊപ്പം ഒന്നിലേറെ സിനിമകൾ ചെയ്ത മീന വൻ ഹിറ്റായ ഒട്ടനവധി സിനിമകളുടെ ഭാഗമായി. വിവാഹ ശേഷമെടുത്ത ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ മലയാളത്തിൽ നിന്നാണ് മീനയ്ക്ക് മികച്ച സിനിമകൾ ലഭിച്ചത്.
ദൃശ്യം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. മീനയുടെ കരിയറിലെ ഉയർച്ചയിൽ വലിയൊരു പങ്കുവഹിച്ചത് നടിയുടെ അമ്മ രാജ് മല്ലികയാണ്. ചെറുപ്പകാലം മുതൽ അഭിനയിക്കുന്ന മീനയുടെ ഡേറ്റുകൾ നോക്കിയിരുന്നതും സിനിമകൾ തെരഞ്ഞെടുത്തതുമെല്ലാം അമ്മയാണ്. അമ്മയുടെ പിന്തുണയാണ് തന്നെ ഈ നിലയിലെത്തിച്ചതെന്ന് മീനയും നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്.
കർക്കശക്കാരിയായിരുന്ന മീനയുടെ അമ്മ സിനിമാ രംഗത്ത് മകളുടെ സംരക്ഷണ കവചം പോലെ നിലനിന്നു. രാജ് മല്ലികയെക്കുറിച്ച് സംവിധായകൻ കെഎസ് രവികുമാർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. രജിനികാന്ത്, മീന എന്നിവർ അഭിനയിച്ച മുത്തു എന്ന സിനിമയ്ക്കിടെയുള്ള അനുഭവങ്ങളാണ് കെഎസ് രവികുമാർ പങ്കുവെച്ചത്.

'ഇന്ന് പത്ത് സെക്യൂരിറ്റികളുടെ കൂടെയാണ് മീന വന്നത്. അന്നത്തെ കാലത്ത് ആ പത്ത് സെക്യൂരിറ്റിയും മീനയുടെ അമ്മയാണ്. മീനയുടെ അടുത്ത് ആര് വന്നാലും പിറകിൽ ആരുണ്ടെങ്കിലും ബൗൺസർ പോലെ അമ്മയുണ്ടാവും. ഭാവിയെക്കുറിച്ച് മീനയേക്കാൾ കൂടുതൽ ചിന്തിച്ചത് മീനയുടെ അമ്മയാണ്. മുത്തു സിനിമയുടെ ആദ്യ ഷെഡ്യൂൾ മൈസൂരിലായിരുന്നു. സിനിമയിലെ ഫ്ലാഷ് ബാക്ക് രംഗം ചിത്രീകരിക്കുകയായിരുന്നു. അതിൽ മീനയില്ല. മറ്റൊരു നായികയായിരുന്നു. അപ്പോഴെ മീനയുടെ അമ്മയ്ക്ക് ആശങ്കയായി. മുത്തുവിൽ എന്റെ മകളെ നീ സെക്കന്റ് ഹീറോയിനാക്കിയോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞിട്ടും വിശ്വസിച്ചില്ല'
അഞ്ച് മിനുട്ട് കൂടുമ്പോൾ എന്റെ മകളുടെ റോൾ എന്താണെന്ന് ചോദിക്കും. നിരവധി താരങ്ങളുണ്ട്. ഇതിനിടയിൽ മകളെ കാണാതാകുമോ എന്നായിരുന്നു അമ്മയ്ക്ക്. സിനിമ കണ്ട ശേഷമാണ് അമ്മയ്ക്ക് തൃപ്തിയായത്. പിന്നീടുള്ള സിനിമകൾക്ക് കഥ പോലും കേൾക്കാതെ ഡേറ്റ് തന്നു. കാരണം മുത്തു അത്രമാത്രം പ്രശസ്തി മീനയ്ക്ക് നേടിക്കൊടുത്തു. ജപ്പാനിലുൾപ്പടെ മീന പ്രശസ്തയായെന്നും കെഎസ് രവികുമാർ ഓർത്തു.

രജിനികാന്ത് നായകനായെത്തിയ മുത്തു 1995 ലാണ് പുറത്തിറങ്ങുന്നത്. രജിനിയുടെ മറ്റൊരു ഹിറ്റ് സിനിമയായ പടയപ്പയിൽ രമ്യ കൃഷ്ണന്റെ റോളിലേക്ക് ആദ്യം പരിഗണിച്ചത് മീനയെയായിരുന്നു. എന്നാൽ ഈ കഥാപാത്രം ചെയ്യേണ്ടെന്ന് മീനയുടെ അമ്മ നിർദ്ദേശിച്ചു. രജിനികാന്തിനെതിരെ നിൽക്കുന്ന നെഗറ്റീവ് കഥാപാത്രം ചെയ്യുന്നത് കരിയറിനെ ബാധിക്കുമെന്നാണ് അമ്മ കാരണമായി പറഞ്ഞത്.
വ്യക്തി ജീവിതത്തിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങളിലും മീനയ്ക്ക് താങ്ങായത് അമ്മയാണ്. കഴിഞ്ഞ വർഷമാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ ചികിത്സയിലരിക്കെ മരിച്ചത്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം. തകർന്ന് പോയ മകളെയും മീനയെയും ആശ്വസിപ്പിക്കാൻ സുഹൃത്തുക്കളും ബന്ധുക്കളും ഓടിയെത്തി. ഇവരുടെ പിന്തുണ കൊണ്ടാണ് തനിക്ക് വിഷമഘട്ടത്തെ അഭിമുഖീകരിക്കാൻ കഴിഞ്ഞതെന്ന് മീന പറഞ്ഞിട്ടുണ്ട്.
അമ്മയുടെ നിഴലിൽ കഴിഞ്ഞ തനിക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാനും മറ്റും ആത്മവിശ്വാസം തന്നത് ഭർത്താവായിരുന്നെന്നും മീന പറഞ്ഞു. മീനയുടെ സിനിമാ കരിയറിനും ഭർത്താവിന്റെ പിന്തുണയുണ്ടായിരുന്നു. ഭർത്താവിന്റെ മരണമുണ്ടാക്കിയ ആഘാതം മറി കടന്ന് കരിയറിലേക്ക് ശ്രദ്ധ കൊടുക്കാനൊരുങ്ങുകയാണ് മീന.


Click it and Unblock the Notifications