'ആറ് ആഴ്ച ബെഡ് റെസ്റ്റ് വേണം, അവന് ഒരുപാട് കെയർ കൊടുക്കണം'; മകന്റെ അസുഖത്തെ കുറിച്ച് ആതിര മാധവ്!
ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രിയമായ പരമ്പര കുടുംബവിളക്കിലെ സുമിത്രയുടെ മരുമകളുടെ വേഷം ചെയ്ത് പ്രേക്ഷക ശ്രദ്ധനേടിയ നടിയാണ് ആതിര മാധവ്. കുടുംബവിളക്കിന് മുമ്പും ശേഷവും ആതിര സീരിയലുകൾ ചെയ്തിട്ടുണ്ടെങ്കിലും അന്നും ഇന്നും കുടുംബവിളക്കിലെ അനന്യ എന്ന് പറഞ്ഞ് ആരാധകരും പ്രേക്ഷകരും സ്നേഹം പ്രകടിപ്പിക്കാൻ എത്തുന്നത്. കുടുംബവിളക്കിൽ കത്തി നിൽക്കുന്ന സമയത്തായിരുന്നു ആതിര ഗർഭിണിയായത്. അതോടെ ആതിര സീരിയലിൽ നിന്നും പിന്മാറി.
അഭിനയ രംഗത്ത് നിന്നും വിട്ടുനിൽക്കുകയാണെങ്കിലും ഗർഭകാല വിശേഷങ്ങളും കുഞ്ഞിന്റെ വിശേഷങ്ങളുമെല്ലാം സ്വന്തം യുട്യൂബ് ചാനൽ വഴി ആരാധകരിലേക്ക് ആതിര എത്തിക്കാറുണ്ട്. ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന രാജീവാണ് ആതിരയുടെ ഭർത്താവ്. മകൻ റേയുടെ വിശേഷങ്ങളെല്ലാം ആതിര പങ്കുവെക്കുമ്പോൾ വളരെ പെട്ടന്ന് തന്നെ വൈറലായി മാറാറുണ്ട്.

അടുത്തിടെ മകനൊപ്പം കാനഡയിലേക്ക് അവധി ആഘോഷിക്കാൻ പോയ വിശേഷങ്ങളും ആതിര പങ്കുവെച്ചിരുന്നു. എന്നാൽ കുറച്ച് ദിവസം മുമ്പ് മകനെ കുറിച്ച് വളരെ സങ്കടകരമായ ഒരു വിവരം പങ്കിട്ട് ആതിര എത്തിയിരുന്നു. മകന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചും അസുഖത്തെ കുറിച്ചുമായിരുന്നു ആ വീഡിയോയിൽ ആതിര മാധവ് പറഞ്ഞത്.
ഒരു വയസുകാരനായ മകന് പനി ബാധിച്ച് ശാരീരികാവസ്ഥ മോശമായതിനെ കുറിച്ചും ഐസിയുവിൽ കിടന്നതിനെ കുറിച്ചുമെല്ലാം വീഡിയോയിലൂടെ ആതിര വെളിപ്പെടുത്തിയിരുന്നു. 'കാനഡയില്‍ നിന്നും തിരികെ എത്തിയപ്പോള്‍ ആതിരയുടെ മകന് പനി ബാധിച്ചിരുന്നു. കുട്ടിയെ പല ആശുപത്രികളിലും കാണിച്ചു.'
'അവിടുന്നെല്ലാം എടുത്ത ടെസ്റ്റുകള്‍ നെഗറ്റീവ് ആയിരുന്നു. എന്നാല്‍ പനിയില്‍ മാറ്റം വന്നില്ല. അവസാനം അപ്പോളോയില്‍ എത്തിച്ചു. അവിടെ ആന്‍റി ബയോടിക് നല്‍കിയതോടെ പനി കുറഞ്ഞു. എന്നാല്‍ പിറ്റേന്ന് വീണ്ടും പനി കൂടി. വീണ്ടും ആശുപത്രിയില്‍ എത്തി. കുട്ടിയുടെ ഒക്സിജന്‍ നില ഏറെ കുറഞ്ഞിരുന്നു. എക്സറേ എടുത്തപ്പോഴാണ് ന്യൂമോണിയയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്.'
'ഉടന്‍ തന്നെ ഐസിയുവിലേക്ക് കുട്ടിയെ മാറ്റണമെന്ന് പറഞ്ഞു. കുട്ടിയെ മറ്റൊരു ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിച്ചു. അഡിനോ വൈറസ് കുട്ടിയുടെ ശരീരത്തില്‍ ബാധിച്ചിട്ടുണ്ടെന്ന് പിന്നെ കണ്ടെത്തി. അപകടകാരിയല്ലെങ്കിലും കൊവിഡിന് ശേഷം മ്യൂട്ടേഷന്‍ സംഭവിച്ചതിനാല്‍ ഇത് ശരീരത്തെ ബാധിക്കാം.'

'കള്‍ച്ചര്‍ ചെയ്തപ്പോള്‍ അപ്പുവിന്‍റെ ശരീരത്തില്‍ രണ്ട് കോടിയിലധികം വൈറസ് ഉള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അത് ശ്വാസകോശത്തെ ബാധിച്ചതിനാല്‍ മരുന്ന് കൊടുക്കാന്‍ സാധിക്കില്ല. എന്നാല്‍ കുട്ടിക്ക് നല്‍കാന്‍ മരുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അത് ക്യാന്‍സറിനുള്ള മരുന്നായിരുന്നു. കിഡ്നിയെ ബാധിക്കാന്‍ സാധ്യതയുള്ള മരുന്ന് ആ ആശുപത്രിയില്‍ ആദ്യമായാണ് ഒരു കുട്ടിക്ക് നല്‍കിയത്.'
'അവസാനം ആ മരുന്ന് ഫലിച്ചു. വൈറസിന്റെ കൗണ്ട് കുറഞ്ഞു. പന്ത്രണ്ട് ദിവസത്തിനുശേഷം ഐസിയുവിൽ നിന്നും മകന്‍ പുറത്തുവന്നു. ഡിസ്ചാർജായി', എന്നാണ് താൻ കഴിഞ്ഞ ഒരു മാസക്കാലം അനുഭവിച്ച ദുരിതങ്ങൾ പങ്കിട്ട് ആതിര പറഞ്ഞത്.
കുഞ്ഞിനെ കുറിച്ചുള്ള വിവരങ്ങൾ ആതിര പങ്കിട്ടപ്പോൾ മുതൽ നിരവധി പേർ കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കുകയും മറ്റും ചെയ്തിരുന്നു. ഇപ്പോഴിതാ മകന്റെ ആരോഗ്യം വളരെ അധികം മെച്ചപ്പെട്ടുവെന്ന് അറിയിച്ച് എത്തിയിരിക്കുകയാണ് ആതിര. പുതിയ വീഡിയോയിലാണ് മകന്റെ പുതിയ വിവരങ്ങൾ ആതിര പങ്കിട്ടത്. 'അപ്പുവിന്റെ അസുഖത്തെ കുറിച്ചുള്ള വീഡിയോ ഇട്ടശേഷം ഒരുപാട് പേരുടെ പ്രാർത്ഥന അവന് കിട്ടി.'
'ആ പ്രാർഥനകൾ കൊണ്ട് തന്നെ അവൻ സുഖം പ്രാപിച്ചു. അവന് ഇനി ഒരു ആറ് ആഴ്ചത്തെ ബെഡ് റെസ്റ്റ് വേണം. ചെസ്റ്റ് ഇൻഫക്ഷനൊക്കെ മാറി. പൊടിയൊന്നും അടിക്കാതെ അവനെ ഒരുപാട് കെയർ ചെയ്യണം. ഒരുപാട് പേരുടെ പ്രാർത്ഥന എനിക്കും കുഞ്ഞിനും കിട്ടി. ഞാനും ലോകത്തുള്ള എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്നുമാണ്', മകന്റെ പുതിയ വിവരങ്ങൾ പങ്കിട്ട് ആതിര പറഞ്ഞത്.


Click it and Unblock the Notifications











