'എട്ട് വർഷത്തെ പ്രണയത്തിനുശേഷം വിവാഹം, മതാചാരപ്രകാരമുള്ള ചടങ്ങുകളില്ല, വീട്ടിൽ എതിർപ്പായിരുന്നു'; ശ്രീലക്ഷ്മി
അഭിനയമോഹം കൊണ്ട് ക്യാമറയ്ക്ക് മുന്നിൽ എത്തുകയും ചുരുങ്ങിയ കാലയളവിനിടയിൽ ഒട്ടനവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച് ശ്രദ്ധേയയായ നടിയാണ് തിരുവനന്തപുരം സ്വദേശിനിയായ ശ്രീലക്ഷ്മി ശ്രീകുമാർ. ശ്രീലക്ഷ്മി എന്ന പേരിനേക്കാൾ കുടുംബപ്രേക്ഷകർക്ക് പരിചിതം കുടുംബവിളിക്കിലെ സുമിത്രയുടെ മകൾ ശീതളിനേയാകും. ഒട്ടനവധി സീരിയലുകൾ ചെയ്തിട്ടുണ്ടെങ്കിലും ശ്രീലക്ഷ്മിക്ക് പേരും പ്രശസ്തിയും നേടി കൊടുത്തത് കുടുംബവിളക്ക് സീരിയലും ശീകൾ എന്ന കഥാപാത്രവുമാണ്. കുടുംബവിളക്കിന്റെ ഒന്നും രണ്ടും സീസണുകളിൽ ശ്രീലക്ഷ്മി ഭാഗമായിരുന്നു.
ടിക്ക് ടോക്ക് വീഡിയോകളാണ് അഭിനയമോഹം ശ്രീലക്ഷ്മിയിൽ ജനിപ്പിച്ചത്. നടിയുടെ തുടക്കം ചോക്ലേറ്റിലൂടെയാണ്. കാസ്റ്റിങ് കോളുകൾ വഴിയാണ് ചോക്ലേറ്റിൽ എത്തിയത്. ക്യാമറ എങ്ങനെയാണെന്നൊന്നും അറിയാത്ത ഒരു കാലം ഉണ്ടായിരുന്നു നടിക്ക്. ക്യാമറക്ക് മുമ്പിൽ ഇതെങ്ങനെ ചെയ്യും എന്നോർത്തുള്ള ടെൻഷൻ വേറെയും.

അവിടെ നിന്നാണ് പക്വതയുള്ള ഒരുപിടി കഥാപാത്രങ്ങൾ കയ്യടക്കത്തോടെ ചെയ്യുന്ന അഭിനേത്രിയായി ശ്രീലക്ഷ്മി വളർന്നത്. കുടുംബവിളക്കിനും ചോക്ലേറ്റിനും പുറമെ കൂടത്തായി, കാർത്തിക ദീപം തുടങ്ങിയ സീരിയലുകളിലും ശ്രീലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ താരം ഇഷ്ടം മാത്രം എന്ന സീരിയലിലാണ് അഭിനയിക്കുന്നത്. അതേസമയം മറ്റൊരു പ്രധാന ദിവസം ജീവിതത്തിലേക്ക് കടന്ന് വരാൻ പോകുന്ന സന്തോഷത്തിലാണ് നടി.
അതേ... ശ്രീലക്ഷ്മി വിവാഹിതയാകാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസമാണ് താരം വിവാഹ തിയ്യതി പുറത്തുവിട്ടത്. ജനുവരി 15ന് തിരുവനന്തപുരത്ത് വെച്ചാണ് വിവാഹം. ഇക്കഴിഞ്ഞ മെയ്യിൽ താൻ പ്രണയത്തിലാണെന്ന് അറിയിച്ച് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ നടി പങ്കുവെച്ചിരുന്നു. ബാംഗ്ലൂരിൽ ലക്ചററായ ജോസ് ഷാജിയാണ് വരന്‍.
ഇരുവരുടെയും പ്രണയ വിവാഹമാണ്. സ്കൂൾ കാലഘട്ടം മുതലുള്ള പ്രണയം പൂവണിയാകുന്ന പോകുന്ന ത്രില്ലിലാണ് നടിയും. ഇപ്പോഴിതാ വിവാഹ തിയ്യതി പുറത്ത് വിട്ടതിന് പിന്നാലെ വിവാഹ ഒരുക്കങ്ങളെ കുറിച്ചും വരനെ കുറിച്ചും എല്ലാം സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ശ്രീലക്ഷ്മി. രണ്ട് മതത്തിൽപ്പെട്ടവരായതിനാൽ തങ്ങളുടെ വിവാഹത്തിന് മതാചാരപ്രകാരമുള്ള വിവാഹങ്ങളൊന്നും ഉണ്ടായിരിക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് ശ്രീലക്ഷ്മി സംസാരിച്ച് തുടങ്ങുന്നത്. ക്രിസ്ത്യൻ.
ഹിന്ദു ആചാരപ്രകാരം ഒന്നും അല്ല വിവാഹം നമ്മൾ പ്ലാൻ ചെയ്യുന്നത്. തീർത്തും സ്വകാര്യമായൊരു ചടങ്ങിൽ ജോസ് എന്നെ താലികെട്ടും. അങ്ങനെ ഒരു ചടങ്ങാണ് നമ്മൾ പ്ലാൻ ചെയ്‌തിരിക്കുന്നത്. വിവാഹം തിരുവനന്തപുരത്താണ് നടക്കുന്നത്. ഞങ്ങളുടെ രണ്ട് കുടുംബങ്ങളും പിന്നെ അത്രയും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ചടങ്ങായിരിക്കും. അമ്പലത്തിലോ പള്ളിയിലോ ചടങ്ങുകൾ വേണ്ടെന്ന് രണ്ടുവീട്ടുകാരും ആലോചിച്ചുറപ്പിച്ച ശേഷമാണ് തീരുമാനം എടുത്തത്.

ചെറിയ ഒരു താലികെട്ട് ചടങ്ങ് അച്ഛൻ എന്റെ കൈ പിടിച്ച് അവനെ ഏൽപ്പിക്കും. പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ തൊട്ടാണ് ഞങ്ങൾ റിലേഷനിലാകുന്നത്. എട്ട് വർഷമായി ബന്ധം തുടങ്ങിയിട്ട്. തുടക്ക സമയത്ത് വീട്ടിൽ എതിർപ്പ് ഉണ്ടായിരുന്നു. എല്ലാവർക്കും അറിയാമായിരുന്നു. ഫീൽഡിൽ വന്ന സമയം നാട്ടിലും ഞങ്ങളുടെ കാര്യങ്ങൾ അറിഞ്ഞ് തുടങ്ങി. അവന്റെ വീട്ടിലായിരുന്നു പ്രധാന പ്രശ്നം. അവരെ കൺവിൻസ് ചെയ്യിച്ചെടുക്കാൻ അവൻ ഒരുപാട് കഷ്ടപ്പെട്ടു.
എന്റെ വീട്ടിലും വലിയ എതിർപ്പ് ആയിരുന്നു. പക്ഷെ ഞങ്ങളുടെ ഇഷ്ടങ്ങൾക്ക് അവർ കൂട്ടായി. വിവാഹശേഷവും അഭിനയം തുടരും. നിലവിൽ ഇഷ്ടം മാത്രം എന്ന സീരിയലാണ് ചെയ്യുന്നത്. ഒരുപാട് വർക്കുകൾ വരുന്നുണ്ട്. നിലവിൽ ജോസ് ബാംഗ്ലൂരിൽ ലക്ച്ചററായി ജോലി ചെയ്യുകയാണ്. വിവാഹം കഴിഞ്ഞ് പുള്ളി ബാംഗ്ലൂരിലേക്ക് പോകും ഞാൻ ട്രിവാൻഡ്രത്തും വർക്ക് ചെയ്യും.
നിലവിൽ പ്ലാൻ അങ്ങനെയാണ്. പിന്നെ ജോസ് പുറത്ത് സെറ്റിൽഡ് ആകാൻ നോക്കുന്നുണ്ട്. ഒരു മൂന്നുവർഷം കഴിഞ്ഞിട്ടേ അതും ഉള്ളൂ. അങ്ങനെ പോകാനായാൽ ഉറപ്പായും ഞാനും പോകും. പക്ഷെ നിലവിൽ എന്റെ വർക്കും കാര്യങ്ങളുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം ശ്രീലക്ഷ്മി പറയുന്നു.


Click it and Unblock the Notifications











