ആഢംബരവും ആൾക്കൂട്ടവുമില്ല... ലളിതം സുന്ദരം; ഗ്രേസ് ആന്റണി വിവാഹിതയായി, പങ്കാളിയും സിനിമയിൽ നിന്ന് തന്നെ!
കുമ്പളങ്ങി നൈറ്റ്സിലൂടെ സിനിമാപ്രേമികൾക്ക് പ്രിയങ്കരിയായി മാറിയ നടി ഗ്രേസ് ആന്റണി വിവാഹിതയായി. ഇരുപത്തിയെട്ടുകാരിയായ താരം സ്വന്തം സോഷ്യൽമീഡിയ പേജിലൂടെയാണ് വിവാഹം കഴിഞ്ഞ സന്തോഷം പങ്കിട്ടത്. നോ സൗണ്ട്സ്, നോ ലൈറ്റ്സ്, ആൾക്കൂട്ടമില്ല... അവസാനം ഞങ്ങൾ അത് നിർവഹിച്ചു എന്നാണ് വിവാഹ ചിത്രങ്ങൾ പങ്കിട്ട് ഗ്രേസ് ആന്റണി കുറിച്ചത്. താലിയുടെ ഫോട്ടോയും വരന്റെ തോളിൽ ചാഞ്ഞ് നിൽക്കുന്ന ഫോട്ടോയും മാത്രമാണ് ഗ്രേസ് പുറത്തുവിട്ടത്. ഔവർ ലേഡി ഓഫ് ഡോളൂർസ് റോമൻ കാത്തലിക് ചർച്ചിലായിരുന്നു വിവാഹം. വരൻ സംഗീത സംവിധായകനായ എബി ടോം സിറിയക്കാണ്.
പരവരാകത്ത് ഹൗസിൽ സിറിയക് തോമസിന്റെയും ഷാജി സിറിയക്കിന്റെയും മകനാണ്. ഇരുവരുടേതും പ്രണയ വിവാഹമാണ്. ആറ് വർഷത്തിൽ ഏറെയായി മ്യൂസിക് അറേഞ്ചറും പ്രോഗ്രാമറുമായി എബി മലയാള സിനിമയുടെ അണിയറയിലുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട് യാതൊരു സൂചനയും നടി തന്നിരുന്നില്ല എന്നതുകൊണ്ട് തന്നെ സിനിമാ പ്രേമികൾക്ക് നടിയുടെ വിവാഹ വാർത്ത ഒരു സർപ്രൈസ് തന്നെയായിരുന്നു.

ഉണ്ണി മുകുന്ദൻ അടക്കം മലയാള സിനിമയിലെ മുൻനിര താരങ്ങളെല്ലാം താരത്തിന് ആശംസകൾ നേർന്ന് എത്തി. ഫെയ്സ് എപ്പോഴാണ് റിവീൽ ചെയ്യുന്നതെന്നാണ് ആശംസകൾ നേർന്ന് നടി മാളവിക സി മേനോനും ആരാധകരും കമന്റിലൂടെ ചോദിച്ചത്. ലാവണ്ടർ ഷെയ്ഡിലുള്ള ഒരു സിംപിൾ സാരിയായിരുന്നു ഗ്രേസിന്റെ വേഷം. കഴുത്തിൽ ഡയമണ്ടിന്റെ ചെറിയൊരു പെന്റന്റുള്ള സിംപിൾ ചെയിനും മാത്രം അണിഞ്ഞാണ് ഗ്രേസ് വധുവായി ഒരുങ്ങിയത്.
ലാവണ്ടർ ഷെയ്ഡിലുള്ള കുർത്തയാണ് വരൻ ധരിച്ചത്. പൊതുവെ കഴിഞ്ഞ കുറച്ച് കാലങ്ങളായി സെലിബ്രിറ്റി വെഡ്ഡിങ്സ് എല്ലാം മിനിമം ഒരാഴ്ചയെങ്കിലും നീണ്ടുനിൽക്കുന്നതായാണ് നടത്തപ്പെടാറുള്ളത്. ആ ആഘോഷങ്ങൾക്കായി ലക്ഷങ്ങൾ പൊടിക്കുകയും ചെയ്യും. അത്തരമൊരു സാഹചര്യത്തിലാണ് ഗ്രേസിന്റെ സിംപിൾ വെഡ്ഡിങ്.
വിവാഹത്തിന്റെ പേരിൽ ലക്ഷങ്ങൾ പൊടിക്കാത്ത ഗ്രേസിനെ അഭിനന്ദിച്ചും ആരാധകർ കമന്റുകൾ കുറിച്ചു. അത് നന്നായി... വിവാഹവും പ്രസവവുമൊക്കെ മീഡിയ ആഘോഷമാക്കി പാസ്റ്റും ഫ്യൂച്ചറുമാക്കെ അവരുടെ ഇഷ്ടം പോലെ വളച്ചുകെട്ടി കഥയും കഥയുടെ പുറത്ത് ഉപ കഥകളും ഉണ്ടാക്കുമ്പോൾ ഇതുപോലെ സിംപിൾ കല്യാണങ്ങൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു എന്നായിരുന്നു ഒരാൾ കുറിച്ചത്.
മലയാള സിനിമയിലെ ഒട്ടുമിക്ക യുവതാരങ്ങളും ഗ്രേസിന്റെ സുഹൃത്തുക്കളാണ്. അതുകൊണ്ട് തന്നെ ഗ്രേസിന്റെ ജീവിതത്തിലെ ഏറ്റവും പ്രാധാനപ്പെട്ട ദിവസത്തിന് ആശംസകൾ നേർന്ന് യുവതാരങ്ങളെല്ലാം കമന്റ് ബോക്സിൽ എത്തിയിട്ടുണ്ട്. കൂടുതൽ വിവാഹ ഫോട്ടോകൾ കാണാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ഗ്രേസിന്റെ ആരാധകർ.

മുളന്തുരുത്തി സ്വദേശിനിയായ ഗ്രേസ് മലയാളത്തിൽ മാത്രമല്ല തമിഴിലും സജീവമാണ്. മോഡലും ക്ലാസിക്കൽ ഡാൻസറും കൂടിയായ താരം ഒമർ ലുലുവിന്റെ ഹാപ്പി വെഡ്ഡിങ് എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറിയത്. വളരെ ചെറിയ റോളായിരുന്നുവെങ്കിൽ കൂടിയും ഗ്രേസിനെ ആളുകൾ ശ്രദ്ധിച്ചു. നർമ്മം കൈകാര്യം ചെയ്യുന്ന നടിയുടെ രീതിക്കായിരുന്നു അന്ന് ഏറെയും പ്രശംസ ലഭിച്ചത്.
പിന്നീട് ലക്ഷ്യം, മാച്ച്ബോക്സ്, കാംബോജി, ജോർജേട്ടൻസ് പൂരം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. കരിയറിൽ ഗ്രേസ് ആഗ്രഹിച്ചതുപോലൊരു ട്വിസ്റ്റ് സംഭവിച്ചത് കുമ്പളങ്ങി നൈറ്റ്സിൽ ഫഹദിന്റെ ഭാര്യ റോൾ ചെയ്തശേഷമാണ്. ഇന്നും ഗ്രേസിനെ കുറിച്ച് സംസാരിക്കുമ്പോൾ എല്ലാവരും ആദ്യം പറയുന്നത് കുമ്പളങ്ങിയിലെ സിമിയെ കുറിച്ചാണ്.
പിന്നീട് മലയാളത്തിലെ മുൻനിര നായികമാരുടെ പട്ടികയിലേക്ക് ഗ്രേസും ഇടംനേടി. നായിക വേഷങ്ങൾ താരത്തിന് ലഭിച്ച് തുടങ്ങിയതും കുമ്പളങ്ങിക്കുശേഷമാണ്. അൽഫോൻസ് ജോസഫ്, ബേണി ഇഗ്നേഷ്യസ്, ഗോപി സുന്ദർ, ദീപക് ദേവ്, അഫ്സൽ യൂസഫ്, ബെന്നറ്റ് വീറ്റ്‌റാഗ് എന്നിവർക്കൊപ്പമെല്ലാ പ്രവർത്തിച്ചിട്ടുണ്ട് എബി.
2016ൽ പുറത്തിറങ്ങിയ പാവാട എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനായിരുന്നു അദ്ദേഹം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി കന്നഡ എന്നിവയുൾപ്പെടെ 300 ലധികം സിനിമകളിലും ഓഫീസർ ഓൺ ഡ്യൂട്ടി, നരിവേട്ട, ലോക എന്നിവയുൾപ്പെടെയുള്ള ഏറ്റവും പുതിയ റിലീസുകളുള്ള അന്താരാഷ്ട്ര നെറ്റ്ഫ്ലിക്സ് പരമ്പരകളിലും എബി ടോം പ്രവർത്തിച്ചിട്ടുണ്ട്.


Click it and Unblock the Notifications