2 സിനിമകള്‍ ബോക്‌സോഫീസില്‍ ഹിറ്റാക്കി ഫഹദ് ഫാസില്‍ വിസ്മയം! 2019 ഫഹദിന് സ്വന്തമെന്ന് പറയാം!!
ഫഹദ് ഫാസിലിന് ഭാഗ്യം നിറഞ്ഞ വര്‍ഷങ്ങളിലൂടെയാണ് കടന്ന് പോയി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ ഞാന്‍ പ്രകാശന്‍ ഇപ്പോഴും തരംഗമായി കൊണ്ടിരിക്കുകയാണ്. തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന സിനിമ ബോക്‌സോഫീസില്‍ ഉയര്‍ന്ന സാമ്പത്തിക വിജയം കരസ്ഥമാക്കിയിരുന്നു. പുതിയ റെക്കോര്‍ഡുകള്‍ തീര്‍ക്കാന്‍ സിനിമയ്ക്ക് കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.
ഞാന്‍ പ്രകാശനൊപ്പം മത്സരത്തിനിറങ്ങിയിരിക്കുകയാണ് കുമ്പളങ്ങി നൈറ്റ്‌സ്. ഫെബ്രുവരിയില്‍ റിലീസ് ചെയ്ത സിനിമ ഇതിനകം വലിയ വിജയമായി മാറിയിരുന്നു. ഇപ്പോഴിത കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഒരു കോടിയെന്ന സ്വപ്‌ന നേട്ടത്തില്‍ ചിത്രം എത്തിയിരിക്കുകയാണ്. റിലീസിനെത്തി വളരെ കുറഞ്ഞ ദിവസം കൊണ്ടായിരുന്നു സിനിമയുടെ ഈ നേട്ടം.

കൂട്ടുകെട്ടിലെ സിനിമ
ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ കൂട്ടുകെട്ടില്‍ പിറന്ന മറ്റൊരു ഹിറ്റ് സിനിമയാണ് കുമ്പളങ്ങി നൈറ്റ്‌സ്. നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രം കുമ്പളങ്ങിയില്‍ താമസിക്കുന്ന നാല് സഹോദരന്മാരുടെ കഥയാണ് പറയുന്നത്. ഷമ്മി എന്ന കഥാപാത്രത്തിലൂടെ ഒരു സൈക്കോ വില്ലനായി ഫഹദ് ഫാസിലും ചിത്രത്തിലുണ്ട്. കുടുംബ പ്രേക്ഷകരുടെയും യുവാക്കളുടെയും പൂര്‍ണ പിന്തുണ ലഭിച്ചതോടെ ചിത്രം തിയറ്ററുകളില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്.

സ്വപ്‌ന നേട്ടത്തിലേക്ക്
കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ ഒരു കോടി നേടുക എന്ന ലക്ഷ്യത്തിലേക്ക് കുമ്പളങ്ങി നൈറ്റ്‌സു എത്തിയിരിക്കുകയാണ്. പതിനെട്ട് ദിവസം കൊണ്ട് 99.73 ലക്ഷം നേടിയ ചിത്രം 19-ാം ദിവസം ആദ്യ പ്രദര്‍ശനങ്ങളില്‍ നിന്ന് തന്നെ 1 കോടി നേടിയിരുന്നു. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ ഇപ്പോഴും 16 ഷോ കുമ്പളങ്ങി നൈറ്റ്‌സിന് ലഭിക്കുന്നുണ്ട്. അതില്‍ നിന്നുമായി 1.07 ലക്ഷമാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഈ വര്‍ഷം കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഒരു കോടി നേടുന്ന ആദ്യ ചിത്രമാണിത്.

റെക്കോര്‍ഡുകള്‍ വേറെയും
നിവിന്‍ പോളി, പൃഥ്വിരാജ്, ആസിഫ് അലി തുടങ്ങി മലയാളത്തിലെ യൂത്തന്മാരുടെയെല്ലാം സിനിമകള്‍ ഈ വര്‍ഷം റിലീസിനെത്തിയിരുന്നു. എന്നാല്‍ ആര്‍ക്കും നേടാന്‍ കഴിയാത്ത ഉയരങ്ങളിലേക്കാണ് കുമ്പളങ്ങി നൈറ്റ്‌സ് പറക്കുന്നത്. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ മാത്രമല്ല തിരുവനന്തപുരം പ്ലെക്‌സിലും ഒരു കോടി സ്വന്തമാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരിക്കുകയാണ്. ഇവിടെ പത്തൊമ്പതോളം ഷോ ആണ് പ്രതിദിനം ലഭിക്കുന്നത്. അതില്‍ നിന്നും 18 ദിവസം കൊണ്ട് 1.08 കോടിയാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇനിയും നല്ല പ്രകടനം കാഴ്ച വെക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ആഗോളതലത്തില്‍ കോടികള്‍
മറ്റ് സിനിമകള്‍ക്കൊന്നും ബോക്‌സോഫീസില്‍ കാര്യമായി തിളങ്ങാന്‍ സാധിച്ചിരുന്നില്ലെങ്കിലും കുമ്പളങ്ങി നൈറ്റ്‌സ് ആ കുറവ് പരിഹരിച്ചിരിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രമായി ഈ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടുന്ന ചിത്രമായി കുമ്പളങ്ങി നൈറ്റ്‌സ് മാറിയിരിക്കുകയാണ്. 10 ദിവസം കൊണ്ട് 10 കോടി 47 ലക്ഷത്തിന് മുകളില്‍ ഗ്രോസ് കളക്ഷനാണ് കേരള ബോക്‌സോഫീസില്‍ നിന്ന് മാത്രം ചിത്രം സ്വന്തമാക്കിയത്.ആഗോളതലത്തില്‍ 20 കോടി മറികടന്നുവെന്നാണ് റിപ്പോര്‍ട്ട്. ട്രേഡ് അനലിസ്റ്റുകള്‍ ഇക്കാര്യം വിലയിരുത്തി എങ്കിലും കൃത്യമായ കണക്കുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല.

ഞാന്‍ പ്രകാശനാണ് മുന്നില്‍
കുമ്പളങ്ങി നൈറ്റ്‌സ് മാത്രമല്ല ഫഹദ് നായകനായി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഞാന്‍ പ്രകാശനും മിന്നിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഡിസംബര്‍ 21 ന് റിലീസ് ചെയ്ത ചിത്രം 66 ദിവസം പിന്നിടുമ്പോള്‍ തിരുവനന്തപുരം പ്ലെക്‌സില്‍ 1.85 കോടിയോളം സ്വന്തമാക്കിയിരിക്കുകയാണ്. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഞാന്‍ പ്രകാശന് 2 കോടിയിലേക്ക് എത്താന്‍ അധികം ദൂരമില്ല. വരും ദിവസങ്ങളില്‍ ആ റെക്കോര്‍ഡും ചിത്രം സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications