'നീണ്ട ഒമ്പത് വർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും അഭിനയം ആരംഭിക്കാൻ പോകുന്നു'; സന്തോഷം പങ്കിട്ട് അശ്വതി തോമസ്!
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ പേരും മുഖവുമാണ് അശ്വതി തോമസിന്റേത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന അല്‍ഫോന്‍സാമ്മ എന്ന സീരിയലിലൂടെയാണ് മലയാളികളിക്ക് അശ്വതി പ്രിയങ്കരിയാകുന്നത്. അശ്വതിയുടെ മറ്റൊരു പേര് പ്രസില്ല ജെറിന്‍ എന്നാണ്. നടിയുടെ അഭിനയജീവിതത്തില്‍ വഴിത്തിരിവായിരുന്നു അല്‍ഫോന്‍സാമ്മ എന്ന സീരിയൽ. അല്‍ഫോന്‍സാമ്മയുടെ വിജയത്തിനുശേഷമാണ് കുങ്കുമപ്പൂവ് എന്ന സീരിയലിലെ വില്ലത്തി അമലയായി പ്രേക്ഷകര്‍ക്ക് മുമ്പിൽ അശ്വതി എത്തിയത്.
പോസിറ്റീവ് കഥപാത്രങ്ങൾ മാത്രമല്ല നെഗറ്റീവ് റോളുകളും തന്റെ കയ്യയിൽ ഭദ്രമാണെന്ന് കുങ്കുമപ്പൂവിലൂടെ അശ്വതി തെളിയിച്ചു. മിനിസ്ക്രീനിൽ തിരക്കുള്ള താരമായി നിൽക്കുമ്പോഴായിരുന്നു അശ്വതിയുടെ വിവാഹം. വിവാഹശേഷം അഭിനയരംഗത്ത് അത്ര സജീവമായിരുന്നില്ല താരം.

നാല് സീരിയലുകളില്‍ മാത്രമാണ് അശ്വതി തന്റെ കരിയറില്‍ ഇതുവരെ അഭിനയിച്ചത്. വിവാഹത്തോടെ വിദേശത്ത് സെറ്റിൽഡായ താരം ഇന്ന് രണ്ട് കുഞ്ഞുങ്ങളുടെ അമ്മ കൂടിയാണ്. സോഷ്യൽമീഡിയയിൽ വളരെ സജീവമായിരുന്ന അശ്വതി ശരീരഭാരം കുറച്ചും ആരാധകരെ അമ്പരപ്പിച്ചിരുന്നു. 105 കിലോയിൽ നിന്ന് 75 കിലോയിലേക്കുള്ള പരിവർത്തനത്തിന് സഹായിച്ച മാജിക് ഡയറ്റിനെക്കുറിച്ച് അശ്വതി തന്നെ പലപ്പോഴായി മാധ്യമങ്ങളോട് സംസാരിച്ചിട്ടുണ്ട്.
2019ലായിരുന്നു അശ്വതി ഡയറ്റ് തുടങ്ങിയത്. '2019 ഒക്ടോബറിലാണ് ഡയറ്റ് തുടങ്ങുന്നത്. ഡയറ്റ് തുടങ്ങി ഏതാനും ആഴ്ചയായപ്പോൾ തന്നെ ഭാരം കുറയാൻ തുടങ്ങി. അതോടെ ഉത്സാഹമായി. 2020 ഒക്ടോബറായപ്പോഴേക്കും ശരീരഭാരം 75 കിലോയിലെത്തി. പണ്ട് ഡ്രസ്സ് സൈസ് 4 എക്സ്എൽ ഒക്കെയായിരുന്നു. ഇപ്പോൾ ലാർജ് മതി. ഇഷ്ടമുള്ള ഡ്രസ്സൊന്നും സൈസ് ശരിയായി കിട്ടുന്നില്ലെന്ന് പറഞ്ഞ് കരഞ്ഞിട്ടുണ്ട് പണ്ട്.
എന്നാലും വണ്ണം കുറയ്ക്കാൻ മെനക്കെടില്ലായിരുന്നു. അത്ര ഇഷ്ടപ്പെടുന്ന ഡ്രസ്സ് ചെറുതാണെങ്കിലും വെറുതെ വാങ്ങിവെച്ചിരുന്നു മുമ്പ്. അതൊക്കെ തടി കുറച്ചശേഷമാണ് ഇടാൻ പറ്റിയത് എന്നാണ് ശരീരത്തിനുണ്ടായ മാറ്റം വെളിപ്പെടുത്തി മുമ്പൊരിക്കൽ സംസാരിക്കവെ അശ്വതി പറഞ്ഞത്. ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി അഭിനയത്തിലേക്ക് തിരിച്ചെത്തുകയാണ്.
ഫ്ലവേഴ്സ് ടിവിയിലെ സുരഭിയും സുഹാസിനിയും എന്ന സിറ്റ്കോം സീരിയലിലൂടെയാണ് അഭിനയത്തിലേക്കുള്ള അശ്വതിയുടെ മടങ്ങി വരവ്. മല്ലികാ സുകുമാരൻ, അനുമോൾ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന സിറ്റ്കോമാണ് സുരഭിയും സുഹാസിനിയും. പ്രിയപ്പെട്ടവരേ... നീണ്ട ഒമ്പത് വർഷത്തെ ഇടവേളയ്ക്കുശേഷം ഞാൻ വീണ്ടും നിങ്ങളുടെ എല്ലാവരുടെയും സ്വീകരണ മുറിയിലേക്ക് കടന്നുവരാൻ പോവുകയാണ്.

ഈ വരുന്ന 29ആം തീയതി തിങ്കളാഴ്ച മുതൽ ഫ്ലവേഴ്സ് ചാനലിൽ വൈകുന്നേരം 6.30 ന് നിങ്ങളുടെ ഏവരുടെയും പ്രിയപ്പെട്ട സുരഭിയും സുഹാസിനിയും എന്ന സിറ്റ്കോം സീരിയലിലൂടെ. ഏവർക്കും പ്രിയപ്പെട്ട അമ്മ മല്ലിക സുകുമാരൻ, മഞ്ജു പത്രോസ്, അനുമോൾ, രഞ്ജിത്ത് മുൻഷി, സിദ്ധാർഥ് കണ്ണൻ, ജയറാം, സാബു പ്ലാൻകവിള, പയ്യൻസ് ചേട്ടൻ, അനു ജോജി, റാഫി എന്നീ വൻ താരനിരയോടൊപ്പം രശ്മി എന്ന കഥാപാത്രമായിട്ട്.
കാണാകുയിലിലെ ശ്യാമിനിയേയും അൽഫോൻസാമ്മയേയും കുങ്കുമപ്പൂവിലേ അമലയേയും മനസ്സറിയാതെയിലെ സന്ധ്യയേയും എല്ലാം ഇരുകൈ നീട്ടി സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്തപോലെ സു സുവിലെ രശ്മിയെയും സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു... പ്രതീക്ഷിക്കുന്നു... എല്ലാവരുടെയും അനുഗ്രഹങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് അപ്പോൾ ഞാൻ വീണ്ടും തുടങ്ങട്ടെ എന്നാണ് പുതിയ സന്തോഷം പങ്കിട്ട് അശ്വതി കുറിച്ചത്.
മല്ലികാ സുകുമാരനൊപ്പമുള്ള ചില ചിത്രങ്ങളും അശ്വതി പങ്കിട്ടിട്ടുണ്ട്. നിരവധി ആരാധകരാണ് പ്രിയപ്പെട്ട നടിക്ക് ആശംസകൾ നേർന്ന് എത്തിയത്. അശ്വതിയോട് കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി വീണ്ടുമൊരു തിരിച്ച് വരവ് ഉണ്ടാവുമോന്ന് ആരാധകര്‍ ചോദിക്കാറുണ്ടായിരുന്നു ആ ചോദ്യത്തിനാണ് അശ്വതി ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്.


Click it and Unblock the Notifications











