ഫഹദ് മാത്രമല്ല കുഞ്ചാക്കോ ബോബനും ഒരു സൈക്കോ ആയിരുന്നു! നിറത്തിലെ എബിയ്ക്ക് ട്രോള്‍ മഴ
Recommended Video
അനിയത്തി പ്രാവിലൂടെ നായകനായി അരങ്ങേറ്റം നടത്തിയ കുഞ്ചാക്കോ ബോബന്‍ പിന്നീട് ചോക്ലേറ്റ് ഹീറോയായി അറിയപ്പെട്ടു. ബാലതാരമായി ഒരുപാട് സിനിമകളില്‍ അഭിനയിച്ച ബേബി ശാലിനിയുടെ നായികയായിട്ടുള്ള അരങ്ങേറ്റവും അനിയത്തി പ്രാവ് ആയിരുന്നു. ശേഷം ഇരുവരും ചേര്‍ന്ന് വേറെയും സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. പിന്നീട് ശാലിനി, കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടിലെത്തുന്ന ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റായി മാറുന്ന കാഴ്ചയായിരുന്നു കണ്ട് വന്നത്.
നക്ഷത്രത്താരാട്ട്, പ്രേം പൂജാരി, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബനും ശാലിനിയും ഒന്നിച്ച സിനിമയായിരുന്നു നിറം. കോളേജ് കഥ പറഞ്ഞെത്തിയ ചിത്രം അക്കാലത്തെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു. നിറത്തില്‍ ഒരു സൈക്കോ കഥാപാത്രം ഉണ്ടായിരുന്നു എന്നാണ് ഇപ്പോള്‍ ട്രോളന്മാര്‍ കണ്ടെത്തിയിരിക്കുന്നത്. അക്കാര്യം കുഞ്ചാക്കോ ബോബന്‍ തന്നെ പുറത്ത് വിട്ടിരിക്കുകയാണ്.

സൂപ്പര്‍ ഹിറ്റ് ചിത്രം നിറം
സൗഹൃദവും പ്രണയവും ഇതിവൃത്തമാക്കി കമല്‍ സംവിധാനം ചെയ്ത ഹിറ്റ് മൂവിയായിരുന്നു നിറം. 1999 ല്‍ റിലീസിനെത്തിയ ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്‍, ശാലിനി കൂട്ടുകെട്ട് വീണ്ടുമൊന്നിച്ചു. ഇക്ബാല്‍ കുറ്റപ്പുറത്തിന്റെ കഥയ്ക്ക് ശത്രുഘ്‌നന്‍ ആണ് തിരക്കഥ രചിച്ചിരുന്നത്. എബി എന്ന വേഷത്തില്‍ കുഞ്ചാക്കോ ബോബനും സോന എന്ന കഥാപാത്രമായി ശാലിനിയും അഭിനയിച്ചു. സമപ്രായക്കാരയാ എബിയും സോനയും അയല്‍ക്കാരാണ്. അതിലുപരി ഒന്നിച്ച് ഒരു ദിവസം ജനിക്കുകയും ഒരുപോലെ സ്‌കൂളില്‍ പോവുകയുമെല്ലാം ചെയ്യുന്നു. എബിയും സോനയും കോളേജില്‍ എത്തിയതിന് ശേഷമുള്ള കഥയാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിറത്തിലെ എബി
ഒറ്റ നോട്ടത്തില്‍ എബിയും സോനയും കാമുകി കാമുകന്മാരാണെന്നേ എല്ലാവര്‍ക്കും തോന്നുകയുള്ളു. എന്നാല്‍ ഒരിക്കലും പ്രണയത്തിലാവാന്‍ സാധ്യതകളൊന്നുമില്ലാത്ത വിധം അടുത്ത സുഹൃത്തുക്കളായിട്ടാണ് ഇരുവരും ജീവിച്ച് പോന്നിരുന്നത്. അങ്ങനെ ഇരിക്കെ കോളേജ് യൂത്ത് ഫെസ്റ്റിവലിന്റെ ഭാഗമായി ബാംഗ്ലൂരിലേക്ക് സോന പോവുന്നു. കുട്ടിക്കാലം മുതല്‍ പിരിയാനാവാത്ത സൗഹൃദം കാത്ത് സൂക്ഷിച്ച ഇരുവരും ആദ്യമായി മാറി നിന്നത് ആ ദിവസങ്ങളിലാണ്. സോന ഇല്ലാതെ ജീവിതത്തില്‍ എന്തോ ശൂന്യത തിരിച്ചറിഞ്ഞ എബി തനിക്ക് അവളോട് പ്രണയമാണെന്ന് തിരിച്ചറിയുന്നു.

അവിടെ ഒരു സൈക്കോ ഉണ്ടായിരുന്നോ?
അടുത്ത കാലത്തായി മലയാള സിനിമയിലൂടെ യുവാക്കള്‍ക്കിടയില്‍ തരംഗമായ വാക്കാണ് സൈക്കോ. സാധാരണ ഗതിയില്‍ നിന്നും മാറി ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവരെയെല്ലാം സൈക്കോ ആണെന്ന് വിളിച്ച് പോന്നു. കുമ്പളങ്ങി നൈറ്റ്‌സിലെ ഫഹദ് ഫാസിലിന്റെ കഥാപാത്രമാണ് ഇതിനെല്ലാം വഴിയൊരുക്കിയത്. ഇതെല്ലാം കണക്ക് കൂട്ടി നോക്കുമ്പോള്‍ നിറത്തിലെ എബിയും ഒരു സൈക്കോ ആണെന്ന കണ്ടുപിടുത്തത്തില്‍ എത്തി നില്‍ക്കും. രസകരമായ ഈ കണ്ടുപിടുത്തം ചാക്കോച്ചന്‍ തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.

വൈറലായ ട്രോള്‍
സോനയെ മിസ് ചെയ്യുന്ന എബി അവളോട് പ്രണയമാണെന്ന് തിരിച്ചറിയുന്നു. പിന്നാലെ അവള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് പാട്ട് പാടുകയാണ്. 'മിഴിയറിതെ വന്നു നീ' എന്ന് തുടങ്ങുന്ന പാട്ടാണ് ഈ സമയത്തുള്ളത്. എക്കാലത്തെയും മലയാളത്തിലെ ഹിറ്റ് പാട്ടാണിത്. പാട്ടിനിടയില്‍ കുഞ്ചാക്കോ ബോബന്റെ ചില പ്രവര്‍ത്തികളാണ് സൈക്കോ ആണെന്ന് കണ്ടെത്തിയതിന് പിന്നില്‍. ബില്ലിയാര്‍ഡ് ടേബിളിന് മുകളില്‍ കിടന്ന് കൊണ്ട് കളിക്കുന്നു. മറൈന്‍ ഡ്രൈവ് പാലത്തിന്റെ സെറ്റെപ്പില്‍ കൂടി ബൈക്ക് ഓടിച്ച് കയറ്റുന്നു. കുടകളെല്ലാം നിവര്‍ത്തി അരികില്‍ വെച്ച് മഴ നനയുന്നു. ഒടുവില്‍ വേദനയോടെ ട്രോളന്മാര്‍ ആ സത്യം മനസിലാക്കി. നിറത്തിലെ എബി ഒരു സൈക്കോ ആയിരുന്നു.


Click it and Unblock the Notifications