'ഫ്ലോ പോയി... അറസ്റ്റ് ചെയ്യടാ എന്നൊക്കെ പറയും...'; മമ്മൂട്ടിയുമായി ഗുസ്തി പിടിച്ച മകനെ കുറിച്ച് ചാക്കോച്ചൻ!
മലയാളത്തിലെ താരപുത്രന്മാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കുഞ്ഞ് പ്രതിഭയാണ് നടൻ കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്ക് ബോബൻ കുഞ്ചാക്കോ. പതിനാല് വർഷത്തെ കാത്തിരിപ്പുശേഷമുണ്ടായ കുഞ്ഞായതുകൊണ്ട് തന്നെ ഇസു ചാക്കോച്ചനും പ്രിയയ്ക്കും വളരെ സ്പെഷ്യലാണ്.
തന്റെ സുഹൃത്തുകളുടെ മക്കളുടെ ഒക്കെ സ്കൂൾ പഠനം കഴിയാറായി. പക്ഷെ തനിക്ക് ഇപ്പോഴും തന്റെ മകനെ എടുത്ത് നടക്കാൻ സാധിക്കുമെന്നാണ് മകനെ കുറിച്ച് സംസാരിക്കുമ്പോൾ കുഞ്ചാക്കോ ബോബൻ പറയാറുള്ളത്.
ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹം ഏറ്റവും കൂടുതൽ ഉണ്ടായിരുന്നത് കുഞ്ചാക്കോ ബോബന് ആയിരുന്നുവെന്നും എന്നാൽ പക്ഷെ അദ്ദേഹം അത് പുറത്ത് കാണിച്ചിട്ടില്ലെന്നും മകൻ പിറന്നശേഷമാണ് തന്റെ ഭർത്താവ് ഒരു കുഞ്ഞിനെ എത്രത്തോളം ആഗ്രഹിച്ചിരുന്നുവെന്ന് മനസിലാക്കിയത് എന്നുമാണ് ഇസുവിന്റെ ജനനശേഷം നൽകിയ അഭിമുഖങ്ങളിൽ പ്രിയ പറഞ്ഞത്. നാല് വയസുകാരനായ ഇസഹാക്ക് സോഷ്യൽമീഡിയയിൽ താരമാണ്.

അടുത്തിടെ നാലാം പിറന്നാൾ ആഘോഷിച്ചപ്പോൾ ചടുലമായി സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്ത ഇസഹാക്കിന്റെ വീഡിയോ വൈറലായിരുന്നു. അപ്പനെ പോലെ മകനും ഭാവിയിൽ ഒരു ഹീറോയാകുമെന്നും അതിനുള്ള എല്ലാം ഇസഹാക്ക് കാണിച്ച് തുടങ്ങിയിട്ടുണ്ടെന്നുമാണ് വീഡിയോ കണ്ടവരെല്ലാം കുറിച്ചത്.
കുഞ്ചാക്കോ ബോബന്റെ വിദേശ യാത്രകളിലും ഷൂട്ടിങിനായുള്ള യാത്രകളിലും എല്ലാം എപ്പോഴും പ്രിയയും ഇസഹാക്കും ഒപ്പമുണ്ടാകും. അടുത്തിടെ മമ്മൂട്ടിയുമായി ഗുസ്തി പിടിക്കുന്ന ഇസഹാക്കിന്റെ വീഡിയോ വലിയ രീതിയിൽ വൈറലായിരുന്നു. പഞ്ച് പിടിച്ച് മമ്മൂട്ടിയെ തോൽപ്പിച്ച് നിൽക്കുന്ന ഇസഹാക്കിന്റെ വീഡിയോ കുഞ്ചാക്കോ ബോബൻ തന്നെയാണ് സോഷ്യൽമീഡിയ വഴി പുറത്ത് വിട്ടത്.
മമ്മൂട്ടിയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്നാണ് കുഞ്ചാക്കോ ബോബൻ ഈ വീഡിയോ പുറത്ത് വിട്ടത്. എന്റെ കുഞ്ഞിനൊപ്പം മെഗാ കിഡ് മമ്മൂക്ക എന്നാണ് പിറന്നാളാശംസകൾ നേർന്നുകൊണ്ട് കുഞ്ചാക്കോ ബോബൻ വീഡിയോക്കൊപ്പം കുറിച്ചത്. മമ്മൂട്ടിയുമായി പഞ്ചഗുസ്തിയിൽ ഏർപ്പെടുന്ന ഇസഹാക്കിനെയാണ് വീഡിയോയിൽ കാണാനാവുക.
മമ്മൂട്ടിയുടെ അടുത്തേക്ക് ഓടിവരികയും പഞ്ചഗുസ്തിയിലേർപ്പെടുകയും ചെയ്യുകയാണ് കുഞ്ഞ് ഇസഹാക്ക്. മമ്മൂട്ടിയും അവന്റെ കുസൃതിക്കൊപ്പം യാതൊരു മടിയും കൂടാതെ നിൽക്കുന്നുണ്ട്. പഞ്ചഗുസ്തിയിൽ ഇസഹാക്കിനോട് തോറ്റ് കൊടുത്തതിനുശേഷം കുഞ്ഞിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നുമുണ്ട് മലയാളത്തിന്റെ മെഗാതാരം.

നിരവധിപേരാണ് വീഡിയോക്ക് പ്രതികരണങ്ങളുമായെത്തിയത്. ഇസ മമ്മൂട്ടിയെ വരെ തോൽപ്പിച്ചു, ജനറേഷൻ ഏത് ആയാലും ഹീറോ എന്നും മമ്മൂക്ക മാത്രം, തോൽപ്പിച്ചല്ലോ കൊച്ചു മിടുക്കൻ എന്നെല്ലാം ആയിരുന്നു കമന്റുകൾ. ഇപ്പോഴിതാ ആ വീഡിയോയ്ക്ക് പിന്നിലെ കഥയും മകന് സിനിമയോടുള്ള താൽപര്യത്തെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ കുഞ്ചാക്കോ ബോബൻ.
'പദ്മിനി ഇറങ്ങിയ സമയത്ത് ഞങ്ങള്‍ പുറത്തായിരുന്നു. ആ സമയത്ത് മമ്മൂക്കയുടെ അടുത്ത് ചെന്നപ്പോള്‍ സംഭവിച്ച ഒരു കുസൃതി ആയിരുന്നു അത്. ന്നാ താന്‍ കേസ് കൊട് സിനിമ ഇസുവിന് ഭയങ്കര ഇഷ്ടമാണ്. അത് ഞാന്‍ ഒരിക്കലും വിചാരിച്ചില്ല.'
'കാരണം കൊച്ചുകുട്ടികള്‍ക്ക് അത് മനസിലാവുമോ എന്നൊരു സംശയമുണ്ടായിരുന്നു. അവന് എന്നെ തന്നെ മനസിലാവുമോ ഭാഷ മനസിലാകുമോ എന്ന് സംശയമുണ്ടായിരുന്നു. പക്ഷെ അതിലെ ചില ഡയലോഗുകളും കാര്യങ്ങളും ഇസു ആസ്വദിക്കുന്നുണ്ട്.'
'ഫ്ലോളോ പോയി, അറസ്റ്റ് ചെയ്യഡോ എന്ന് മജിസ്‌ട്രേറ്റ് പറയുന്നതൊക്കെ അവന്‍ ആസ്വദിക്കുന്നുണ്ട് പറയാറുണ്ട്. ഇസയുടെ ഫേവറേറ്റ് ആക്ടർ ആരാണെന്ന് ചോദിച്ചാൽ കിങ് കോങാണെന്ന് പറയേണ്ടി വരും. മിന്നൽ മുരളിയുടെയും ആരാധകനാണ് ഇസു', എന്നുമാണ് കുഞ്ചാക്കോ ബോബൻ പറഞ്ഞത്.


Click it and Unblock the Notifications