'ഒരിക്കലും പ്രശ്നങ്ങൾ അവർ മുഖത്ത് കാണിച്ചില്ല'; അന്ന് മടിയിലിരുന്ന അഞ്ച് വയസുകാരൻ ശ്രീവിദ്യയുടെ മകനായപ്പോൾ
പ്രേക്ഷകർക്ക് മറക്കാൻ പറ്റാത്ത നടിയാണ് അന്തരിച്ച നടി ശ്രീവിദ്യ. മലയാളിയല്ലെങ്കിലും മലയാളികൾക്ക് പ്രത്യേക മമത ശ്രീവിദ്യയോടുണ്ടായിരുന്നു. അവസാന കാലഘട്ടത്തിൽ കേരളത്തിലാണ് ശ്രീവിദ്യ കഴിഞ്ഞത്. മലയാള സിനിമാ ലോകത്ത് നിരവധി സൗഹൃദങ്ങൾ ശ്രീവിദ്യക്കുണ്ടായിരുന്നു. സിനിമാ ലോകത്തെ താരത്തിളക്കത്തിനപ്പുറം വ്യക്തി ജീവിതത്തിൽ ഒരുപാട് ദുഖങ്ങൾ ശ്രീവിദ്യക്കുണ്ടായിരുന്നു. തകർന്ന പ്രണയം, വിവാഹബന്ധത്തിലുണ്ടായ പ്രശ്നങ്ങൾ, പ്രശ്നകലുഷിതമായ വേർപിരിയൽ, സ്വന്തം സ്വത്തിന് വേണ്ടിയുള്ള നിയമപോരാട്ടങ്ങൾ, അസുഖം വലച്ച നാളുകൾ തുടങ്ങി ശ്രീവിദ്യ നേരിട്ട പ്രശ്നങ്ങൾ ഏറെയാണ്.
ഇപ്പോഴിതാ ശ്രീവിദ്യയെക്കുറിച്ച് സംസാരിക്കുകയാണ് കുഞ്ചാക്കോ ബോബനും പ്രിയാമണിയും. പുതിയ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിയുടെ പ്രൊമോഷന്റെ ഭാഗമായി ഫിലിംഫെയറിനോട് സംസാരിക്കുകയായിരുന്നു ഇരുവരും. കുഞ്ചാക്കോ ബോബൻ ശ്രീവിദ്യക്കൊപ്പം അഭിനയിച്ച അനുഭവങ്ങൾ പങ്കുവെച്ചു.

ഒഫീഷ്യലായി അനിയത്തിപ്രാവാണ് അവരോടൊപ്പമുള്ള എന്റെ ആദ്യ സിനിമ. പക്ഷെ 1981 ൽ പുറത്തിറങ്ങിയ ധന്യ എന്ന സിനിമയുണ്ട്. ശ്രീവിദ്യാമ്മയായിരുന്നു പ്രധാന കഥാപാത്രം ചെയ്തത്. സിനിമ സംവിധാനം ചെയ്തത് ഫാസിലും നിർമ്മിച്ചത് എന്റെ പിതാവുമാണ്. സിനിമയിൽ ശ്രീവിദ്യാമ്മയുടെ മടിയിൽ ഇരിക്കുന്ന അഞ്ച് വയസുകാരനെ കാണാം. ഗാന രംഗത്തിലായിരുന്നു അതെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു.
വർഷങ്ങൾക്ക് ശേഷം ഞാൻ നായകനായി വന്നപ്പോൾ ശ്രീവിദ്യാമ്മ എന്റെ അമ്മയായി അഭിനയിച്ചു. രണ്ടാമത്തെ സിനിമ നക്ഷത്രത്താരാട്ടിലും ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചു. ഇങ്ങനെ ഒരു നിലാപക്ഷിയാണ് ഞങ്ങൾ അവസാനമായി ഒരുമിച്ച് അഭിനയിച്ച സിനിമയെന്ന് കരുതുന്നു. ബ്യൂട്ടിഫുളും ഗ്രേസ്ഫുളുമായ നടിയായിരുന്നു അവർ. വളരെ നല്ല ഗായികയും വ്യക്തിയുമായിരുന്നു. പ്രശ്നങ്ങൾ നേരിട്ടപ്പൊഴൊന്നും ഒരിക്കലും അത് മുഖത്തോ പെരുമാറ്റത്തിലോ കാണിച്ചിട്ടില്ല. ഇന്നും സിനിമകളിൽ എനിക്ക് മരിച്ച പോയ അമ്മയുണ്ടെങ്കിൽ ശ്രീവിദ്യാമ്മയുടെ ഫോട്ടായാണ് സംവിധായകർ ആദ്യം നിർദ്ദേശിക്കുകയെന്നും കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി.

ശ്രീവിദ്യയുടെ ജീവിതത്തിൽ നടന്ന ചില സംഭവങ്ങൾ ആസ്പദമാക്കിയെടുത്ത തിരക്കഥ എന്ന ചിത്രത്തിൽ പ്രിയാമണി അഭിനയിച്ചിട്ടുണ്ട്. ഇതേക്കുറിച്ചാണ് പ്രിയാമണി സംസാരിച്ചത്. ശ്രീവിദ്യയുടെ ജീവിതത്തിൽ നിന്ന് പ്രചോദമനമുൾക്കൊണ്ടുള്ള സിനിമയാണ് തിരക്കഥയെന്ന് തുടക്കത്തിൽ തനിക്കറിയില്ലായിരുന്നെന്ന് പ്രിയാമണി പറയുന്നു. ഷൂട്ടിംഗിന്റെ അവസാന ഘട്ടത്തിലോ മറ്റോ ആണ് പറയുന്നത്. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
സുന്ദരിയായ സ്ത്രീയായിരുന്നു അവർ. എല്ലാ തരത്തിലുള്ള റോളും അവർ ചെയ്തിട്ടുണ്ട്. ഒരുപാട് കാര്യങ്ങളിലൂടെ അവർ കടന്ന് പോയി. അവരുടെ ജീവിതത്തിലെ ചാപറ്ററിലെ ഒരു ശതമാനമെങ്കിലും ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതൊരു ബഹുമതിയായി കാണുന്നെന്ന് പ്രിയാമണി വ്യക്തമാക്കി. 2006 ലാണ് ശ്രീവിദ്യ മരിക്കുന്നത്. കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു മരണം. 20003 ലാണ് ശ്രീവിദ്യക്ക് കാൻസർ സ്ഥിരീകരിച്ചത്. 40 വർഷം നീണ്ട കരിയറിൽ 800 ലേറെ സിനിമകളിൽ ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്. സിനിമകൾക്ക് പുറമെ സീരിയലുകളിലും നടി അഭിനയിച്ചു. ഇന്നും ശ്രീവിദ്യയുടെ പഴയ സിനിമകൾ ജനശ്രദ്ധ നേടുന്നു.


Click it and Unblock the Notifications