അതോടെ കുടുംബത്തിന്റെ ഭാരം കുഞ്ചാക്കോ ബോബന്റെ തലയിലായി; ബുദ്ധിപരമായ തീരുമാനം: ശാന്തിവിള ദിനേശ്
കരിയറിലെ മികച്ച കാലഘട്ടത്തിലൂടെയാണ് നടൻ കുഞ്ചാക്കോ ബോബൻ ഇന്ന് കടന്ന് പോകുന്നത്. ശ്രദ്ധേയമായ സിനിമകൾ നടൻ തുടരെ ചെയ്യുന്നു. ഒരു കാലത്തെ റൊമാന്റിക് ഹീറോയായിരുന്ന കുഞ്ചാക്കോ ബോബൻ ഇന്ന് ഈ ഇമേജിന് പുറത്ത് കടന്ന് വ്യത്യസ്തമായ നായക വേഷങ്ങൾ ചെയ്യുന്നു. കുഞ്ചാക്കോ ബോബനെക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
2004 ജൂലെെ 9ാം തിയതി ബോബൻ കുഞ്ചാക്കോ മരിച്ചു. അവിടം മുതൽ കുഞ്ചാക്കോ ബോബന്റെ തലയിലായി ആ കുടുംബത്തിന്റെ ഭാരം. രണ്ട് സഹോദരിമാരും അമ്മയും, അച്ഛൻ വരുത്തി വെച്ച സാമ്പത്തിക ബാധ്യതകൾ, ഷെയർ ബിസിനസിൽ വന്ന കേസുകൾ, ഉദയ സ്റ്റുഡിയോയുടെ തകർച്ച എന്നിങ്ങനെ. മലയാള സിനിമാ രംഗത്ത് വ്യക്തിത്വമുള്ള, സ്വന്തമായി ക്യാരക്ടറുള്ള ചുരുക്കം പേരിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. ചോക്ലേറ്റ് നായകനെന്ന് അദ്ദേഹത്തെ പറയാം. രവികുമാർ, ജോസ്, ശങ്കർ, റഹ്മാൻ എന്നിങ്ങനെ ചോക്ലേറ്റ് നായകൻമാർ മലയാള സിനിമയിൽ വന്ന് പോയിട്ടുണ്ട്.

അത്തരം വേഷങ്ങൾ മാത്രം ചെയ്യുന്നവരെ കുറച്ച് കഴിയുമ്പോൾ മടുക്കും. അതാണ് അവരുടെ ജീവിതത്തിൽ വരുന്ന ഏറ്റവും വലിയ കുഴപ്പവും. പുതിയൊരു ചോക്ലേറ്റ് നായകൻ വരുമ്പോൾ ഇവർ വിസ്മൃതിയിൽ ആകും. ബുദ്ധിമാനായത് കൊണ്ടായിരിക്കാം ഒരുഘട്ടത്തിൽ കുഞ്ചാക്കോ ബോബൻ ആ ട്രാക്കിൽ നിന്ന് മാറിയത്. എന്തൊക്കെ പറഞ്ഞാലും വലിയ സിനിമാ കുടുംബത്തിൽ നിന്ന് വന്ന ആളല്ലേ.
മലയാളത്തിലെ ആദ്യത്തെ സ്റ്റുഡിയാേയാണ് ഉദയ. സിനിമാക്കാരെ മുഴുവൻ തന്റെ കാൽക്കീഴിൽ ഒതുക്കി നിർത്തിയിരുന്ന കുഞ്ചാക്കോയെ പോലാെരു അതുല്യ പ്രതിഭയുടെ മകന്റെ മകനായ അദ്ദേഹത്തിന് ആ രക്തത്തിന്റെ സ്വഭാവം ഉണ്ടാകും. കുഞ്ചാക്കോയുടെ മെെനസൊന്നും കുഞ്ചാക്കോ ബോബനില്ലെന്ന് ഞാൻ അർത്ഥ ശങ്കയ്ക്കിടയില്ലാതെ പറയും. ജെന്റിൽമാനാണ് കുഞ്ചാക്കോ ബോബൻ എന്നും ശാന്തിവിള ദിനേശ് പറഞ്ഞു.


Click it and Unblock the Notifications











