ആദ്യചിത്രം ഇന്‍ഡസ്ട്രി ഹിറ്റാക്കിയ ചാക്കോച്ചന്‍! അനിയത്തിപ്രാവ് ആര് ചെയ്താലും മികച്ചതാവുമെന്ന് താരം!
മലയാള സിനിമയിലെ ചോക്ലേറ്റ് ഹീറോകളെക്കുറിച്ച് പറയുമ്പോള്‍ ആ ലിസ്റ്റിലേക്ക് ആദ്യം വരുന്ന പേരാണ് കുഞ്ചാക്കോ ബോബന്റേത്. ഉദയ കുടുംബത്തിലെ ഇളംതലമുറ ഇന്ന് അഭിനേതാവായും നിര്‍മ്മാതാവായുമൊക്കെ സജീവമാണ്. അഭിനയമെന്ന പാഷനോടെ സിനിമയിലേക്കെത്തിയ ആളായിരുന്നില്ല ഈ ആലപ്പുഴക്കാരന്‍.
ആലപ്പുഴയുടെ പ്രിയ സംവിധായകനായ ഫാസിലായിരുന്നു കുഞ്ചാക്കോ ബോബനെ നായകനാക്കി സിനിമയെടുത്തത്. അനിയത്തിപ്രാവിലൂടെയുള്ള വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ശാലിനിയായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അനിയത്തിപ്രാവ് എന്ന ചിത്രം നൊസ്റ്റാള്‍ജിയായി കൊണ്ടുനടക്കുന്നവരാണ് ഏറെയും. അക്കാലത്ത് ട്രെന്‍ഡായി മാറിയ ചിത്രം കൂടിയായിരുന്നു ഇത്. അരങ്ങേറ്റ ചിത്രം തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കി മാറ്റിയ താരമെന്ന റെക്കോര്‍ഡും ചാക്കോച്ചന് ലഭിച്ചിരുന്നു. ഇന്നും ഈ റെക്കോര്‍ഡ് മറ്റൊരാള്‍ക്കും ഭേദിക്കാന്‍ കഴിഞ്ഞില്ലെന്നുള്ളത് മറ്റൊരു കൗതുകകരമായ കാര്യം. സിനിമാരംഗത്തുള്ളവരും അല്ലാത്തവരുമൊക്കെയായി നിരവധി പുതുമുഖങ്ങള്‍ അരങ്ങേറിയെങ്കിലും ഈ നേട്ടം കുഞ്ചാക്കോ ബോബനില്‍ ഭദ്രമാണ്.

സുധി എന്ന കോളേജ് പയ്യനായാണ് കുഞ്ചാക്കോ ബോബന്‍ ആദ്യമായി നായകനായത്. ഈ സിനിമയെക്കുറിച്ച് ഫാസില്‍ സംസാരിച്ചപ്പോള്‍ ആദ്യം തനിക്ക് വലിയ താല്‍പര്യമൊന്നും തോന്നിയിരുന്നില്ലെന്ന്് താരം പറയുന്നു. ദ ക്യൂ ഷോ ടൈമിലായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. ഈ സിനിമ ആര് ചെയ്താലും ഓക്കേയാവുന്നതാണ്. ഞാനല്ല ആര് ചെയ്താലും സുധി അയാളിലൂടെ നിന്നുപോയേനെയെന്നായിരുന്നു താരം പറഞ്ഞത്. പാച്ചിക്കയുടെ ഭാര്യയാണ് ഈ ചിത്രത്തിലേക്ക് തന്നെ തിരഞ്ഞെടുത്തത്.
തുടക്കത്തില്‍ തനിക്ക് ഒരു താല്‍പര്യമില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഓഡീഷന് പോവുന്നില്ലെന്ന് കേട്ടതിന് ശേഷം സുഹൃത്ത് കുറ്റപ്പെടുത്തിയിരുന്നു. നീ അഹങ്കാരിയാണ്. ഇത്രയും മികച്ച അവസരം ലഭിച്ചിട്ടും നീ പോവാതിരിക്കുകയാണ്. എത്രയോ പേര് ഇങ്ങനെയൊരു അവസരത്തിനായി കാത്തിരിക്കുന്നു, അപ്പോഴാണ് കിട്ടിയ അവസരം സ്വീകരിക്കാതെ നില്‍ക്കുന്നതെന്നായിരുന്നു അവന്‍ പറഞ്ഞത്.
അവന്റെ വാക്കുകള്‍ കേട്ടതിന് ശേഷമാണ് ഓഡീഷന് പോവാന്‍ തീരുമാനിച്ചത്. അത് പരമബോറായിരുന്നു. കിട്ടില്ലെന്നായിരുന്നു തോന്നിയത്. തിരഞ്ഞെടുത്തുവെന്നായിരുന്നു ഫാസില്‍ പറഞ്ഞത്. സന്തോഷത്തോടെയായിരുന്നു പിന്നീട് പോയത്. അനിയത്തിപ്രാവിന് ശേഷം നിരവധി അവസരങ്ങളാണ് താരത്തിന് ലഭിച്ചത്. ചോക്ലേറ്റ് ഹീറോയായി നിറഞ്ഞുനില്‍ക്കുകയായിരുന്നു താരം. അതിനിടയിലാണ് വില്ലത്തരവും സ്വഭാവിക കഥാപാത്രങ്ങളും തിരഞ്ഞെടുത്തത്. ഇമേജ് മാറ്റുകയെന്ന നീക്കമായിരുന്നു ഇതിന് പിന്നില്‍.


Click it and Unblock the Notifications