'13 കോടി രൂപ വില വരും!; കനകയ്ക്ക് ഇപ്പോഴുള്ള ആസ്തി; എന്തിന് പഴകിയ വീട്ടിൽ കഴിയുന്നെന്ന് ചോദിച്ചപ്പോൾ'
കഴിഞ്ഞ ദിവസമാണ് നടി കനകയുടെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്. ഏറെക്കാലമായി ലൈം ലൈറ്റിൽ നിന്നും പൂർണമായും മാറി നിന്ന് ഒറ്റയ്ക്ക് ജീവിക്കുന്ന കനകയെ നടി കുട്ടി പത്മിനി നേരിട്ട് പോയി കണ്ടിരുന്നു. അപ്പോൾ പകർത്തിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. കനകയുടെ അമ്മ അന്തരിച്ച ദേവികയുമായി അടുത്ത ബന്ധം കുട്ടി പത്മിനിക്കുണ്ടായിരുന്നു. ഈ സൗഹൃദം വെച്ചാണ് കനകയെ കണ്ടത്. കനക വളരെ സന്തോഷവതിയായി കഴിയുകയാണെന്ന് കുട്ടി പത്മിനി അന്ന് വ്യക്തമാക്കി.
ഇപ്പോഴിതാ കനകയെ നേരിട്ട് കണ്ടതിനെക്കുറിച്ചും പിന്നീട് നടന്ന സംഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് കുട്ടി പത്മിനി. ഏറെ നാളത്തെ ശ്രമത്തിനൊടുവിലാണ് കനകയെ കണ്ടതെന്ന് കുട്ടി പത്മിനി പറയുന്നു. ഒരു തമിഴ് മീഡിയയോടാണ് പ്രതികരണം. എപ്പോൾ പോയാലും കനകയുടെ വീടിന്റെ ഗേറ്റ് പൂട്ടിയിട്ടിട്ടുണ്ടാകും. അതു അരുന്ധതി സിനിമയിലെ പോലെ അഞ്ചാറ് പൂട്ടുകൾ ഉണ്ട്. മതിൽ ചാടി കടന്നാൽ ഉള്ളിൽ നായയുണ്ടോ എന്നറിയില്ല.

വീടിന്റെ വാതിലും പൂട്ടിയ നിലയിലായിരിക്കും. വൈകുന്നേരം ഉള്ളിൽ ഒരു ലൈറ്റ് ഉണ്ടാകും. പഴകിയ വീടാണെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി. യൂട്യൂബ് സബ്സ്ക്രെെബേർസിന്റെ നിർബന്ധം കൊണ്ടാണ് ഇത്തവണ പോയത്. ഇത്തവണയും വീട് പൂട്ടിയിരുന്നു. എപ്പോൾ വരുമെന്ന് അറിയില്ലെന്ന് വാച്ച്മാൻമാർ പറഞ്ഞു. രണ്ട് മണിക്കൂർ കാത്തിരുന്നു. കാറിലിരുന്ന് ഡ്രെെവറോട് സംസാരിക്കവെ പിറകിൽ ഓട്ടോ വന്നു. നോക്കിയപ്പോൾ കനകയാണ്.
തന്നെ വലിയ പരിചയം ഇല്ലെങ്കിലും തന്റെയാപ്പം കാറിൽ കയറാൻ കനക തയ്യാറായെന്നും കുട്ടി പത്മിനി ഓർത്തു. കോഫി ഷോപ്പിൽ പോകാമെന്ന് കനകയാണ് പറഞ്ഞത്. ഞങ്ങൾ സംസാരിച്ചു. നിന്റെ അമ്മ എത്ര കഷ്ടപ്പെട്ട് സമ്പാദിച്ചതാണ്, ഇന്ന് ആ പ്രോപ്പർട്ടിക്ക് 13 കോടിയോളം വില വരും. ഈ പ്രോപ്പർട്ടി ആർക്കെങ്കിലും കൊടുത്ത് ഭംഗിയുള്ള ഫ്ലാറ്റ് വാങ്ങെന്ന് കനകയോട് പറഞ്ഞു. കല്യാണം കഴിക്കുകയോ കുട്ടികളെ പ്രസവിക്കുകയോ ചെയ്തിട്ടില്ല, ആർക്ക് വേണ്ടിയാണ് നീ ഈ പ്രോപ്പർട്ടി വെച്ചിരിക്കുന്നതെന്ന് കനകയോട് ഞാൻ ചോദിച്ചു.

സർക്കാരിൽ നിന്നും നഷ്ടപരിഹാര തുക ലഭിക്കാനുണ്ട്, അത് കിട്ടിയിട്ടില്ലെന്ന് കനക പറഞ്ഞു. റോഡിന് വേണ്ടി അവരുടെ കുറച്ച് സ്ഥലം എടുത്തിരുന്നു. ഉന്നതരുമായി സംസാരിച്ച് ആ തുക വാങ്ങിത്തരാമെന്ന് ഞാൻ ഉറപ്പ് കൊടുത്തു. കനക ഓക്കെ പറഞ്ഞെങ്കിലും അതിന് ശേഷം അയച്ച ഒരു ഒരു മെസേജിനും മറുപടി തന്നിട്ടില്ല. മെസേജുകൾ കാണുന്നുണ്ട്. പക്ഷെ പ്രതികരിക്കുന്നില്ല.
അതിൽ കൂടുതൽ തനിക്ക് നിർബന്ധിക്കാൻ പറ്റില്ല. സഹായം വേണ്ടെന്ന് കനക തീരുമാനിച്ചാൽ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ലെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി. അച്ഛനും കനകയും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിച്ചു. അച്ഛന് ഒരു വീടും കനകയ്ക്ക് ഒരു വീടും എന്ന ധാരണയിലെത്തിയെന്നും കുട്ടി പത്മിനി വ്യക്തമാക്കി. കനക ആരെയും കാണാൻ താൽപര്യപ്പെടുന്നില്ല.
ആരെങ്കിലും കബളിപ്പിച്ചത് കൊണ്ടാണോ എന്നെനിക്ക് അറിയില്ല. പക്ഷെ അവൾ സന്തോഷത്തിലാണ്. എന്നോട് നന്നായി സംസാരിച്ചു. ഒറ്റയ്ക്ക് ജീവിക്കാൻ അവൾ പഠിച്ചു. ഏകാന്തത അവൾ ഇഷ്ടപ്പെടുന്നു. ജോലിക്കാർ പോലും ഇല്ല. മുമ്പ് വീട്ടിൽ ഒരുപാട് വളർത്ത് മൃഗങ്ങൾ ഉണ്ടായിരുന്നു. പൂച്ചകളെയും നായകളുമൊക്കെ കൊടുത്തു, നോക്കാൻ പറ്റുന്നില്ലെന്ന് കനക പറഞ്ഞെന്നും കുട്ടി പത്മിനി വ്യക്തമാക്കി.


Click it and Unblock the Notifications