സഹായിക്കാൻ ഞങ്ങൾ തയ്യാറാണ്, പക്ഷെ...; അന്ന് കണ്ട ശേഷം കനകയുമായി സംസാരിച്ചില്ലേ; കുട്ടി പത്മിനി പറയുന്നു
നടിയെ കനക സിനിമാ രംഗത്ത് നിന്നും അകന്നിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും പ്രേക്ഷകർ മറന്നിട്ടില്ല. തൊട്ടതെല്ലാം ഹിറ്റാക്കി സെൻസേഷനായി മാറിയ കനകയെ മലയാളികൾ ഓർക്കുന്നത് ഗോഡ്ഫാദർ, വിയറ്റ്നാം കോളനി എന്നീ സിനിമകളിലൂടെയാണ്. സൂപ്പർഹിറ്റായ രണ്ട് സിനിമകളിലും മികച്ച പ്രകടനം കനക കാഴ്ച വെച്ചു. തമിഴ് ചിത്രം കരകാട്ടക്കാരനിലൂടെയാണ് കനക അഭിനയ രംഗത്തേക്ക് വരുന്നത്. ഒന്നിന് പിറകെ ഒന്നായി സൂപ്പർഹിറ്റുകളുമായി മുന്നേറിയ കനകയ്ക്ക് കരിയറിലും ജീവിതത്തിലും അടി പതറുന്നത് അമ്മ ദേവികയുടെ മരണത്തോടെയാണ്.
പഴയ കാല നടിയായിരുന്ന ദേവിക മകളെയും സിനിമാ ലോകത്തേക്ക് കൊണ്ട് വരികയായിരുന്നു. അമ്മയുടെ നിഴലിലായിരുന്നു കനക ജീവിച്ചത്. സെറ്റിൽ കനകയ്ക്ക് അമ്മ ഭക്ഷണം വാരിക്കൊടുക്കാറായിരുന്നു പതിവെന്ന് അന്തരിച്ച സംവിധായകൻ സിദ്ദിഖ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അമ്മയുടെ പെട്ടെന്നുള്ള മരണം കനകയെ ഉലച്ചു. ഇതോടെയാണ് കനക സിനിമാ ലോകത്ത് നിന്നു അകലുന്നത്.

പുറം ലോകവുമായി ബന്ധമില്ലാതെ തന്റെ വീട്ടിലേക്ക് കനക ഒതുങ്ങി. പിതാവ് ദേവദാസുമായി കനക പണ്ടേ അകൽച്ചയിലായിരുന്നു. കനകയുടെ ഒറ്റപ്പെട്ട ജീവിതം പലരെയും വിഷമിപ്പിക്കുന്നു. തമിഴ് സിനിമാ സംഘടനകൾക്കെങ്കിലും നടിയെ സഹായിച്ച് കൂടേയെന്ന് ചോദ്യങ്ങൾ വന്നു. സീനിയർ നടിയും ടെലിവിഷൻ പ്രൊഡ്യൂസറുമായ കുട്ടി പത്മിനി ഇതിനിടെ നേരിൽ പോയി കനകയെ കണ്ടു. കനകയ്ക്കൊപ്പമുള്ള ഫോട്ടോയും പങ്കുവെച്ചു.
കനകയുടെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് അന്നാണ് ഏവരും അറിയുന്നത്. കനകയുടെ മാനസിക നില ശരിയല്ലെന്നും ജീവിത സാഹചര്യം മോശമാണെന്നുമാണ് പലരും കരുതിയത്. എന്നാൽ കുട്ടി പത്മിനി ഈ വാദം ശരിയല്ലെന്ന് വ്യക്തമാക്കി. മാനസികമായി പ്രശ്നമൊന്നും കനകയ്ക്കില്ല. എന്നോട് നന്നായി സംസാരിച്ചു. അച്ഛനുമായി നടിക്കുണ്ടായിരുന്ന സ്വത്ത് തർക്കം അവസാനിച്ചു. സ്വന്തം ഇഷ്ടപ്രകാരം ഒറ്റയ്ക്ക് ജീവിക്കുകയാണ് കനകയെന്ന് കുട്ടി പത്മിനി പറഞ്ഞു.

സംസാരിച്ച് പിരിയവെ തനിക്ക് ഒരു അഭിമുഖം നൽകാമെന്നും വീണ്ടും സംസാരിക്കാമെന്നും കനക ഉറപ്പ് തന്നിരുന്നെന്നും കുട്ടി പത്മിനി പറഞ്ഞിരുന്നു. എന്നാൽ ഇതുവരെയും പിന്നീട് കനകയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇതേക്കുറിച്ച് പുതിയ അഭിമുഖത്തിൽ കുട്ടി പത്മിനി സംസാരിച്ചിട്ടുണ്ട്. കനക വിചാരിച്ചാൽ മാത്രമേ ഇപ്പോഴത്തെ ഒറ്റപ്പെടലിൽ നിന്ന് പുറത്ത് വരാനാകൂയെന്ന് കുട്ടി പത്മിനി പറയുന്നു.
എങ്ങനെയെങ്കിലും ആ പെൺകുട്ടിയെ സഹായിക്കണം. അതിന് ദെെവം കണ്ണ് തുറന്ന് അവളെ അനുഗ്രഹിക്കണം. ഞാനുൾപ്പെടെ നിരവധി പേർ അവളെ സഹായിക്കണമെന്ന് കരുതുന്നവരാണ്. പക്ഷെ അതിന് കനക മുന്നോട്ട് വരണം. അവൾ ബോധമുള്ള യുവതിയാണ്. അവൾ ഓക്കെ പറയാതെ ഇടിച്ച് കയറിച്ചെന്ന് ഒന്നും ചെയ്യാൻ പറ്റില്ലെന്ന് കുട്ടി പത്മിനി വ്യക്തമാക്കി.
അയൽപക്കവുമായി പോലും കനകയ്ക്ക് യാതൊരു ബന്ധവും ഇല്ലെന്നാണ് പുറത്ത് വരുന്ന വിവരം. വർഷങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിൽ താൻ സന്തോഷവതിയാണെന്ന് കനക പറഞ്ഞിരുന്നു. തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും കനക അന്ന് വ്യക്തമാക്കി. കനക സിനിമാ രംഗത്തേക്ക് തിരിച്ച് വരണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ പഴയ അഭിമുഖത്തിൽ സിനിമയിലേക്ക് തിരിച്ച് വരാനുള്ള ആഗ്രഹം കനക പ്രകടിപ്പിച്ചിരുന്നില്ല. വളരെ കുറച്ച് കാലം മാത്രമേ കനക സിനിമാ രംഗത്തുണ്ടായിട്ടുള്ളൂ. എന്നാൽ ഇന്നും കനകയെ പ്രേക്ഷകർ മറന്നിട്ടില്ല.


Click it and Unblock the Notifications











