കനകയുടെ സ്വകാര്യ ജീവിതത്തെ ബാധിച്ചു, സ്വത്ത് വിവരങ്ങൾ പുറത്ത് വിട്ടു; വിമർശനങ്ങൾക്ക് മറുപടി
ഏറെക്കാലത്തിന് ശേഷം അടുത്തിടെയാണ് നടി കനകയെക്കുറിച്ചുള്ള വിവരം ആരാധകർ അറിഞ്ഞത്. ലൈം ലൈറ്റിൽ നിന്നും പൂർണമായി മാറി നിന്ന് തീർത്തും ഒറ്റയ്ക്കുള്ള ജീവിതം നയിക്കുകയാണ് കനക. അയൽപക്കവുമായി പോലും ബന്ധമില്ലാത്ത കനക ആരോടും അടുക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ കനകയെ നേരിട്ട് കണ്ട് സംസാരിക്കാൻ പഴയ കാല നടി കുട്ടി പത്മിനിക്ക് സാധിച്ചു. കനകയുടെ അമ്മ ദേവികയുമായി അടുത്ത ബന്ധം കുട്ടി പത്മിനിക്കുണ്ടായിരുന്നു. ഈ പരിചയം വെച്ചാണ് കനകയെ കാണാൻ കുട്ടി പത്മിനി എത്തിയത്.
കനകയുടെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് കുട്ടി പത്മിനി തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയും ചെയ്തു. ഒപ്പം നടിയുടെ ഫോട്ടോയും പുറത്ത് വിട്ടു. കനകയ്ക്ക് ചില നിയമ സഹായങ്ങൾ വേണമായിരുന്നെന്നും അത് താൻ ഉറപ്പ് നൽകിയിട്ടുണ്ടെന്നും കുട്ടി പത്മിനി വ്യക്തമാക്കി. തനിക്ക് അഭിമുഖം തരാമെന്ന് കനക വാക്ക് നൽകിയിട്ടുണ്ടെന്നും കുട്ടി പത്മിനി പറഞ്ഞു. എന്നാൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ മറ്റൊരു വിവരവുമായി കുട്ടി പത്മിനി എത്തി.

കനക തന്റെ മെസേജുകൾക്കൊന്നും മറുപടി നൽകുന്നില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടി. പിന്നാലെ കുട്ടി പത്മിനിക്ക് നേരെ വിമർശനം വന്നു. തീർത്തും സ്വകാര്യ ജീവിതം നയിക്കുന്ന കനകയുടെ ഫോട്ടോ പുറത്ത് വിട്ടത് ശരിയായില്ലെന്നും ഇതുകൊണ്ടാണ് നടി മറുപടി നൽകാത്തതെന്നും ചിലർ അഭിപ്രായപ്പെട്ടു. കനകയുടെ സ്വത്ത് വിവരങ്ങളെക്കുറിച്ച് സംസാരിച്ചത് ശരിയായില്ലെന്നും അഭിപ്രായം വന്നു. ഇപ്പോഴിതാ വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് കുട്ടി പത്മിനി.
കനകയെ പോയി കാണണമെന്ന് ഞാൻ വിചാരിച്ചതല്ല. എട്ട് മാസം എന്റെ പ്രേക്ഷകർ കനകയെ പോയി കാണണമെന്ന് ആവശ്യപ്പെട്ടു. അവളെ പോയി കണ്ടപ്പോൾ മാധ്യമങ്ങൾ പറഞ്ഞത് കുട്ടി പത്മിനി കള്ളം പറയുകയാണ്, ഞങ്ങൾ എത്രയോ നാളായി കനകയെ കാണാൻ ശ്രമിക്കുന്നു എന്നാണ്. അതുകൊണ്ടാണ് ഫോട്ടോ പുറത്ത് വിട്ടത്. ഇതിലെന്താണ് എനിക്ക് പബ്ലിസിറ്റി. അവൾക്ക് ഇത്രയും ആരാധകരുള്ളത് എനിക്ക് ആശ്ചര്യമായി. അവളുടെ ഫോട്ടോ പുറത്ത് വിട്ടതിൽ തെറ്റില്ല.

അവൾ സന്തോഷമായാണ് ജീവിക്കുന്നത്. ഫോട്ടോ പുറത്ത് വിടുമെന്ന് കനകയോട് പറഞ്ഞിരുന്നു. അതിന് ശേഷമാണ് ഫോട്ടോ എടുത്തതെന്നും കുട്ടി പത്മിനി വ്യക്തമാക്കി. അവൾക്ക് എന്നെ ഇഷ്ടമല്ലെങ്കിൽ ബ്ലോക്ക് ചെയ്യേണ്ടേ. പുതുവത്സരാംശസകൾ അയച്ചപ്പോൾ മറുപടിയായി സ്മെെലി അയച്ചിട്ടുണ്ട്. അവൾക്ക് എപ്പോൾ സംസാരിക്കണമെന്ന് തോന്നുന്നോ അപ്പോൾ സംസാരിക്കുമെന്നും കുട്ടി പത്മിനി വ്യക്തമാക്കി.
കനകയ്ക്ക് കോടികളുടെ സ്വത്ത് ഉണ്ടെന്നും അച്ഛനുമായുള്ള സ്വത്ത് തർക്കം അവസാനിച്ചെന്നും നേരത്തെ കുട്ടി പത്മിനി പറഞ്ഞിരുന്നു. പഴകിയ വീട്ടിൽ നിന്നും മാറി താമസിക്കണമെന്ന് നടിയെ ഉപദേശിച്ചിരുന്നു. റോഡ് നിർമാണത്തിൽ പോയ തന്റെ സ്ഥലത്തിന് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കനക തന്നോട് പറഞ്ഞു. വേണ്ടപ്പെട്ടവരെ കണ്ട് ഈ തുക വാങ്ങിത്തരാമെന്ന് താൻ ഉറപ്പ് നൽകിയെന്നും കുട്ടി പത്മിനി അന്ന് വ്യക്തമാക്കി.
എന്നാൽ പിന്നീട് സംസാരിക്കാൻ കനക തയ്യാറല്ലാത്തതിനാൽ താൻ നിസ്സഹായയാണെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി. അമ്മ ദേവികയുടെ മരണശേഷമാണ് കനക എല്ലാത്തിൽ നിന്നും അകന്ന് ഒറ്റയ്ക്കുള്ള ജീവിതമാരംഭിച്ചത്. അമ്മയുടെ നിഴലിൽ വളർന്ന കനകയ്ക്ക് ഈ മരണം ഉൾക്കൊള്ളാനായില്ല.


Click it and Unblock the Notifications