അമ്മ അക്കാര്യം മറച്ച് വെച്ചു; രഹസ്യം തുറന്ന് പറയാൻ അനുവാദം നൽകി ബോണി കപൂർ; ശ്രീദേവിയുടെ ചേച്ചിക്ക് സംഭവിച്ചത്
സിനിമാ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാകാത്ത നടിയാണ് ശ്രീദേവി. അനശ്വരമായ ഒട്ടനവധി കഥാപാത്രങ്ങളെ ബിഗ് സ്ക്രീനിൽ അവതരിപ്പിച്ച ശ്രീദേവി ആരാധകരുടെ മനസിലെ സ്വപ്ന സുന്ദരിയായിരുന്നു. 2018 ലാണ് ശ്രീദേവി മരിക്കുന്നത്. സിനിമയിലെ താരത്തിളക്കത്തിനപ്പുറം ശ്രീദേവിയുടെ വ്യക്തി ജീവിതം പല ഘട്ടങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ട്. അമ്മ രാജേശ്വരിയുടെ മരണം ശ്രീദേവിയെ ഏറെ ബാധിച്ചിരുന്നു. ബോണി കപൂറുമായുള്ള വിവാഹം, ബോണിയുടെ ആദ്യ വിവാഹ ബന്ധത്തിന്റെ പേരിൽ വന്ന ഗോസിപ്പുകൾ തുടങ്ങിയവയെല്ലാം ശ്രീദേവി ബി ടൗൺ മാധ്യമങ്ങളിൽ സ്ഥിരം ചർച്ചയാകാൻ കാരണമായി.
ശ്രീദേവിയെക്കുറിച്ച് സംസാരിക്കുകയാണ് നടി കുട്ടി പത്മിനി. ശ്രീദേവിയും കുട്ടി പത്മിനിയും ബാലതാരമായി അഭിനയിക്കുന്ന കാലത്ത് സുഹൃത്തുക്കളായിരുന്നു. ശ്രീദേവിയുടെ കുടുംബത്തെക്കുറിച്ചാണ് കുട്ടി പത്മിനി സംസാരിച്ചത്. കഴിഞ്ഞയാഴ്ച ധീരജ് കുമാർ എന്നയാൾ കോൺടാക്ട് ചെയ്തു. ശ്രീദേവിയെക്കുറിച്ച് പുസ്തകം എഴുതുന്നുണ്ട്, നിങ്ങൾ തീർച്ചയായും സംസാരിക്കണമെന്ന് പറഞ്ഞു. പറയാം, പക്ഷെ നേരത്തെ പറഞ്ഞ സത്യങ്ങളൊന്നും മുമ്പ് വന്ന എഴുത്തുകാരൻ എഴുതിയിട്ടില്ലെന്ന് ഞാൻ.

അന്നൊരുപാട് നിയന്ത്രണം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ബോണി കപൂർ എല്ലാം കൊടുക്കാൻ പറഞ്ഞെന്ന് അയാൾ വ്യക്തമാക്കി. ശ്രീദേവിയുടെ കുടുംബത്തെക്കുറിച്ച് അധിമാർക്കുമറിയാത്ത ഒരു കാര്യവും പുസ്തകത്തിൽ എഴുതാൻ അനുവാദം ലഭിച്ചെന്നും ധീരജ് കുമാർ തന്നോട് പറഞ്ഞു. ശ്രീദേവിയുടെ മൂത്ത സഹോദരി സൂര്യകലയെക്കുറിച്ചാണ് പുസ്തകത്തിൽ എഴുതുന്നതെന്ന് ഇയാൾ പറഞ്ഞെന്നും കുട്ടി പത്മിനി വ്യക്തമാക്കി. സൂര്യകലയെക്കുറിച്ചുള്ള വിവരങ്ങളും കുട്ടി പത്മിനി പങ്കുവെച്ചു.
ശ്രീദേവിയുടെ അമ്മ രാജേശ്വരി സിനിമയിലേക്ക് വരുന്നതിന് മുമ്പുള്ള മകളാണ് സൂര്യകല. പല വർഷങ്ങൾക്കിപ്പുറമാണ് ശ്രീദേവിയുടെ അച്ഛൻ അയ്യപ്പനെ രാജേശ്വരി കാണുന്നതും വിവാഹം ചെയ്യുന്നത്. ശ്രീദേവി, ലത എന്നിവരാണ് തന്റെ മക്കളെന്നാണ് രാജേശ്വരി ഇൻസസ്ട്രിയിൽ പറഞ്ഞിരുന്നത്. സൂര്യകലയുടെ കാര്യം മറച്ച് വെച്ചെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി.

പുതിയ പുസ്തകത്തിൽ സൂര്യകല ശ്രീദേവിയുടെ സ്വന്തം സഹോദരിയാണെന്ന് എഴുതാൻ ബോണി കപൂർ അനുവാദം നൽകിയത് നല്ല കാര്യമാണെന്നും കുട്ടി പത്മിനി പറയുന്നു. സ്വന്തം സഹോദരിയായിട്ടും ചിറ്റയാണെന്ന് പറയുമ്പോഴുള്ള മനോവിഷമം വളരെ വലുതാണെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി. ശ്രീദേവിയും അമ്മയും ഷൂട്ടിംഗിന് പോകുമ്പോൾ സഹോദരി ലതയെ വളർത്തിയത് സൂര്യകലയാണ്. അന്നവരുടെ കല്യാണം കഴിഞ്ഞിരുന്നില്ലെന്നും കുട്ടി പത്മിനി ഓർത്തു.
സൂര്യകലയുടെ രണ്ട് മക്കളോടും വലിയ അടുപ്പം ശ്രീദേവിക്കുണ്ടായിരുന്നു. ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും ചേച്ചിയുടെ മക്കളെ ശ്രീദേവി ഓമനിച്ചു. അതേസമയം ഇളയ അനുജത്തി ശ്രീലതയുമായി ശ്രീദേവിക്ക് ചില അസ്വാരസ്യങ്ങളുണ്ടായിട്ടുണ്ട്. അമ്മയുടെ മരണ ശേഷം ഇവർക്കിടയിൽ സ്വത്ത് തർക്കം വന്നു. ശ്രീദേവിയുടെ മരണം വരെ ഈ അകൽച്ച തുടർന്നെന്നാണ് സൂചന. ശ്രീദേവിയുടെ മൂത്ത മകളായ ജാൻവി കപൂർ അഭിനയ രംഗത്ത് സജീവമാണ്. ഇളയ മകൾ ഖുശി കപൂറും അടുത്തിടെ ആർച്ചീസ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്നു.


Click it and Unblock the Notifications