'പിറന്നാളിന് ഭാര്യയുടെ പ്രൊഫൈലിൽ നിന്നും ബർത്ത്ഡെ പോസ്റ്റ് ഇടുന്നു, മണി മാറ്റേഴ്സ്'; നയൻസിന്റെ കുറിപ്പ്!
പ്രണയം, വിവാഹം, കുടുംബ ജീവിതം, മക്കൾ എന്നിങ്ങനെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും എപ്പോഴും ആരാധകർക്കിടയിലെ ചർച്ച വിഷയമാണ്. നയൻതാരയെ പരിചയപ്പെട്ട അന്ന് മുതലാണ് വിഘ്നേഷ് ശിവന്റെ ജീവിതം അടിമുടി മാറിയത്.
സംവിധായകൻ, നിർമാതാവ്, ഗാനരചയിതാവ്, തിരക്കഥാകൃത്ത് തുടങ്ങി വിഘ്നേഷ് കൈവെക്കാത്ത മേഖലകൾ സിനിമയിൽ വിരളമാണ്. മുപ്പത്തിയെട്ടുകാരനായ വിഘ്നേഷ് ഇന്ന് പിറന്നാൾ ആഘോഷിക്കുകയാണ്.
മക്കളായ ഉയിരിന്റെയും ഉലകത്തിന്റെയും ജനനത്തിന് ശേഷം എത്തുന്ന വിഘ്നേഷിന്റെ ആദ്യ പിറന്നാളാണിത്. അതുകൊണ്ട് തന്നെ ഇരട്ടി സന്തോഷത്തിലാണ് താരം. ഭർത്താവിന്റെ പിറന്നാൾ ദിനത്തിൽ പ്രണയം നിറഞ്ഞ കുറിപ്പ് പങ്കുവെക്കാൻ നയൻതാരയും മറന്നില്ല. വിഘ്നേഷും മക്കളും ജീവിതത്തിലേക്ക് വന്നശേഷം നയൻസിന് കുടുംബമാണ് എല്ലാം. തന്റെ ജീവിതത്തിലെ അനുഗ്രഹമാണ് വിഘ്നേഷ് ശിവൻ എന്ന ഭർത്താവ് എന്നാണ് നയൻതാര പറയുന്നത്.

'ഈ പ്രത്യേക ദിനത്തിൽ നിങ്ങളെക്കുറിച്ച് ഒരുപാട് എഴുതാൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷെ ഞാൻ എഴുതാൻ തുടങ്ങിയാൽ കുറച്ച് കാര്യങ്ങളിൽ മാത്രം നിർത്താൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. നിങ്ങൾ എന്നിൽ ചൊരിഞ്ഞ സ്നേഹത്തിന് ഞാൻ നിങ്ങളോട് വളരെ നന്ദിയുള്ളവളാണ്.'
'നമ്മുടെ ബന്ധത്തോട് നിങ്ങൾക്കുള്ള ബഹുമാനത്തിന് ഞാൻ വളരെ നന്ദിയുള്ളവളാണ്. നിങ്ങൾ എന്നോടുള്ള എല്ലാത്തിനും ഞാൻ വളരെ നന്ദിയുള്ളവളാണ്. നിങ്ങളെപ്പോലെ മറ്റാരുമില്ല എന്റെ ജീവിതത്തിലേക്ക് കടന്നുവന്നതിന് നന്ദി. അത് വളരെ സ്വപ്നതുല്യവും അർത്ഥപൂർണ്ണവും മനോഹരവുമാക്കി.'
'നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങളാണ് ഏറ്റവും മികച്ചത്. എന്റെ ഹൃദയം നിറഞ്ഞ മനസോടെ... ജീവിതത്തിലെ എല്ലാറ്റിലും മികച്ചതാവട്ടെ എന്റെ ഉയിരിന് പിറന്നാൾ ആശംസിക്കുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്നാണ്', നയൻതാര വിക്കിക്ക് ഒപ്പമുള്ള റൊമാന്റിക്ക് ചിത്രങ്ങൾ കൂടി പങ്കുവെച്ച് കുറിച്ചത്.
ലേഡി സൂപ്പർ സ്റ്റാറിന്റെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ വിക്കിക്ക് ആശംസ പ്രവാഹമാണ്. അതോടൊപ്പം തന്നെ നിരവധി രസകരമായ കമന്റുകളും പോസ്റ്റിന് താഴെ നിറയുന്നുണ്ട്. സോഷ്യൽമീഡിയയിൽ വളരെ ആക്ടീവാണ് വിഘ്നേഷ് ശിവൻ.

അദ്ദേഹത്തെ സ്ഥിരമായി ഫോളോ ചെയ്യുന്നവർക്ക് അദ്ദേഹത്തിന്റെ എഴുത്തിന്റെ രീതിയും സ്ഥിരമായി വാക്കുകൾക്ക് ഇടയിൽ ഇമോജികൾ വെക്കുന്ന രീതിയുമെല്ലാം മനപാഠമാണ്. അതുകൊണ്ട് തന്നെ നയൻതാര അല്ല വിക്കിക്ക് പിറന്നാൾ ആശംസിച്ച് കുറിപ്പ് പങ്കുവെച്ചതെന്നും അദ്ദേഹം തന്നെ ഭാര്യ നയൻതാരയുടെ അക്കൗണ്ടിൽ കയറി കുറിപ്പ് പോസ്റ്റ് ചെയ്തതാണെന്നുമാണ് ഒരു വിഭാഗം പറയുന്നത്.
സ്വന്തം പിറന്നാളിന് ഭാര്യയുടെ പ്രൊഫൈലിൽ നിന്നും ബർത്ത്ഡെ പോസ്റ്റ് ഇടുന്നത് ശരിയാണോ എന്നാണ് ചിലർ വിക്കിയെ പരിഹസിച്ച് കുറിച്ചത്. എല്ലാ ബന്ധങ്ങളിലും മണി മാറ്റർ എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്.
അടുത്തിടെയാണ് നയൻതാര ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുറന്നത്. അഞ്ച് മില്യണിലധികം ആളുകളാണ് നയൻതാരയെ ഫോളോ ചെയ്യുന്നത്. അതേസമയം ഇത്തവണത്തെ വിക്കിയുടെ പിറന്നാൾ ആഘോഷത്തിലെ മുഖ്യാതിഥികൾ ഇരുവരുടെയും ഇരട്ട കുഞ്ഞുങ്ങളായ ഉയിരും ഉലകവും ആയിരുന്നു. മക്കൾക്കൊപ്പം കളിച്ചും ചിരിച്ചും ഭാര്യയെ ചേർത്ത് പിടിച്ചും പിറന്നാൾ ആഘോഷിക്കുന്ന വിഘ്നേഷ് ശിവന്റെ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
പതിനൊന്ന് മാസം മുമ്പാണ് സറോഗസിയിലൂടെ വിഘ്നേഷ് ശിവനും നയൻതാരയ്ക്കും കുഞ്ഞുങ്ങൾ പിറന്നത്. മലയാളി ആണെങ്കിലും തമിഴ്നാടിന്റെ മരുമകളാണ് തിരുവല്ലക്കാരി ഡയാന കുര്യൻ എന്ന നയൻതാര. തമിഴ്നാട്ടിലെയും കേരളത്തിലെയും എല്ലാ ഫെസ്റ്റിവലുകളും നയൻതാരയും വിഘ്നേഷും ആഘോഷിക്കാറുണ്ട്. ഇടയ്ക്ക് ആഘോഷങ്ങളിൽ നയൻസിന്റെ അമ്മയും പങ്കാളിയാകും.


Click it and Unblock the Notifications