വേർപിരിഞ്ഞ ശേഷം ആ നടി നേരിടുന്നത്, ലക്ഷ്മി പറഞ്ഞത് സമാന്തയെക്കുറിച്ച്? സൂപ്പർസ്റ്റാറിനോടുള്ള ഭയമെന്ന് ലക്ഷ്മി
തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ ചർച്ചയായതാണ് സമാന്തയുടെയും നാഗ ചെെതന്യയുടെയും വിവാഹം. ഓൺസ്ക്രീനിലെ ഹിറ്റ് ജോഡി ജീവിത്തതിലും ഒരുമിച്ചപ്പോൾ ഇരുവരുടെയും കുടുംബവും സുഹൃത്തുക്കളും ആരാധകരും ഒരുപോലെ സന്തോഷിച്ചി. എന്നാൽ നാല് വർഷത്തിനുള്ളിൽ ഇവർ പിരിഞ്ഞു. സമാന്തയുടെ ജീവിതം മാറി മറിഞ്ഞു. ഡിവോഴ്സിന് ശേഷം മയോസിറ്റിസ് എന്ന ഓട്ടോഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ചതും നടിയെ തളർത്തി. പക്ഷെ പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോകാൻ സമാന്തയ്ക്ക് കഴിഞ്ഞു.
മറുവശത്ത് നാഗ ചെെതന്യ നടി ശോഭിത ധുലിപാലയെ വിവാഹം ചെയ്തു. ഇരുവരും സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നു. ചെെതന്യ മറ്റൊരു ജീവിത്തിലേക്ക് കടന്നിട്ടും മുൻ വിവാഹബന്ധത്തെക്കുറിച്ച് ഇപ്പോഴും ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കാറുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം നടി ലക്ഷ്മി മഞ്ചു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

തെലുങ്കിലെ ഒരു സൂപ്പർസ്റ്റാറിന്റെ മുൻ ഭാര്യക്ക് ഡിവോഴ്സിന് ശേഷം അവസരങ്ങൾ നിഷേധിക്കപ്പെടുന്നു എന്നാണ് ലക്ഷ്മി മഞ്ചു പറയുന്നത്. ഇവിടെ വർക്ക് ചെയ്യുന്ന ഒരു സൂപ്പർസ്റ്റാറിന്റെ മുൻ ഭാര്യയുണ്ട്. അവർ വിവാഹ മോചിതയായി. അതിനമ് ശേഷം മുൻപ് ഓഫർ ചെയ്ത സിനിമകൾ പോലും അവർക്ക് നഷ്ടപ്പെട്ടു. ആ സൂപ്പർതാരത്തിന് ഇഷ്ടപ്പെടില്ലെന്ന് കരുതിയാണത്. നല്ല വർക്കുകൾ ചെയ്യാൻ ആ നടി ആഗ്രഹിക്കുന്നുണ്ട്. പേര് പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ലക്ഷ്മി മഞ്ചു പറഞ്ഞു.
ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ആ നടി സമാന്തയാണോ എന്ന് ആങ്കർ ചോദിച്ചപ്പോൾ ലക്ഷ്മി മറുപടി നൽകി. സമാന്തയാണെന്ന് നിങ്ങൾ കരുതുകയാണ്. ഒരു സൂപ്പർസ്റ്റാർ മാത്രമല്ല ഉള്ളത്. അഞ്ചോ ആറോ പേർ ഡിവോഴ്സ് ചെയ്തിട്ടുണ്ട്. ഞാനവരുമായെല്ലാം ക്ലോസ് ആണ്. പുരുഷനെ സംബന്ധിച്ച് ജീവിതം മുന്നോട്ട് പോയിക്കൊണ്ടേയിരിക്കും. എന്നാൽ സ്ത്രീയുടെ ജീവിതം വിവാഹത്തിനും വേർപിരിയലിനും ശേഷം മാറി മറിയുമെന്നും ലക്ഷ്മി മഞ്ചു പറഞ്ഞു.

ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് നടി സിനിമകളുടെ എണ്ണം കുറച്ചത്. ലക്ഷ്മി മഞ്ചു ഉദ്ദേശിച്ചത് പവൻ കല്യാണിനെയായിരിക്കുമെന്നും വാദമുണ്ട്. നടി രേണു ദേശായിയാണ് പവൻ കല്യാണിന്റെ മുൻ ഭാര്യമാരിലൊരാൾ. വേർപിരിയലിന് ശേശം രേണു ദേശായിയെ അഭിനയ രംഗത്ത് സജീവമായി കണ്ടിട്ടില്ല.
ആദ്യ വിവാഹ ബന്ധം നിലനിൽക്കെയാണ് അഭിനയ രംഗത്ത് സജീവമായിരുന്ന രേണു ദേശായിയുമായി പവൻ കല്യാൺ പ്രണയത്തിലാകുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇവർ ഒരുമിച്ച് താമസവും തുടങ്ങി. ആദ്യ ഭാര്യ ബന്ധം ഉപേക്ഷിക്കാൻ കാരണമിതാണെന്നും അഭ്യൂഹങ്ങൾ വന്നു. ആദ്യ ഭാര്യക്ക് ജീവനാംശമായി വലിയ തുക പവൻ കല്യാൺ നൽകിയിരുന്നു. പിന്നീട് പവൻ രേണുവിനെ വിവാഹം ചെയ്തു. രണ്ട് മക്കളും ഇവർക്കുണ്ട്. എന്നാൽ 2012 ൽ ഇരുവരും വേർപിരിയുകയാണുണ്ടായത്. അകിര, ആര്യ എന്നിവരാണ് രേണുവിന്റെയും പവൻ കല്യാണിന്റെയും മക്കൾ.
തെലുങ്ക് സിനിമാ ലോകത്ത് രേണു ദേശായി ഇപ്പോൾ പഴയത് പോലെ സജീവമല്ല.


Click it and Unblock the Notifications











