വൈകിയെത്തിയതിന് എല്ലാവരുടെയും മുന്നിൽ വെച്ച് സംവിധായകന്റെ വഴക്ക്; ഞാനദ്ദേഹത്തോട് പറഞ്ഞത്; ലക്ഷ്മി മേനോൻ
തമിഴ്കത്ത് നെക്സ്റ്റ് ഡോർ ഗേൾ ഇമേജിൽ വലിയ ജനപ്രീതി നേടാൻ കഴിഞ്ഞ നടിയാണ് ലക്ഷ്മി മേനോൻ. മലയാളിയാണെങ്കിലും മോളിവുഡിൽ ലക്ഷ്മി മേനോന് ശ്രദ്ധ ലഭിച്ചില്ല. സംവിധായകൻ വിനയനാണ് ലക്ഷ്മി മോനേനെ സിനിമാ രംഗത്തേക്ക് കൊണ്ടുവരുന്നത്. രഘുവിന്റെ സ്വന്തം റസിയ എന്ന സിനിമയിൽ ചെറിയൊരു വേഷത്തിൽ ലക്ഷ്മി മേനോനെത്തി. ഐഡിയൽ കപ്പിൾ എന്ന മലയാള സിനിമയിൽ പ്രധാന വേഷം ചെയ്തെങ്കിലും ഈ ചിത്രം പരാജയപ്പെട്ടു. അപ്പോഴേക്കും തമിഴ് സിനിമകൾ നിന്നും നടിക്ക് അവസരം വന്ന് തുടങ്ങി.
കുംകി, സുന്ദരപാണ്ഡ്യൻ തുടങ്ങിയ സിനിമകളിൽ ലക്ഷ്മി മേനോൻ ചെയ്ത വേഷം വൻ ജനപ്രീതി നേടി. അഭിനയിച്ച സിനിമകൾ തുടരെ ഹിറ്റായതോടെ തമിഴകത്തെ ഭാഗ്യനായികയായി ലക്ഷ്മി മേനോൻ അറിയപ്പെട്ടു. എന്നാൽ പിന്നീട് കരിയറിൽ വീഴ്ചയും സംഭവിച്ചു. തുടരെ ഗ്രാമീണ കഥാപാത്രങ്ങൾ ചെയ്ത ലക്ഷ്മി മേനോൻ തമിഴകത്ത് സ്റ്റീരിയടെെപ്പ് ചെയ്യപ്പെട്ടു. ഇടയ്ക്ക് വെച്ച് നടി ഇടവേളയെടുക്കുകയും ചെയ്തു.

ഏറെക്കാലത്തിന് ശേഷം ചന്ദ്രമുഖി 2 എന്ന സിനിമയിലൂടെ കഴിഞ്ഞ വർഷം ലക്ഷ്മി മേനോൻ അഭിനയ രംഗത്തേക്ക് തിരിച്ചെത്തി. കങ്കണ റണൗത്ത് നായികയായെത്തിയ സിനിമയിൽ സുപ്രധാന വേഷമാണ് ലക്ഷ്മി മേനോനും ലഭിച്ചത്. സിനിമ പക്ഷെ പൂർണപരാജയമായിരുന്നു. പി വാസുവാണ് ചിത്രം സംവിധാനം ചെയ്തത്. ചന്ദ്രമുഖിയുടെ ഒന്നാം ഭാഗം സംവിധാനം ചെയ്തതും ഇദ്ദേഹമാണ്.
പി വാസുവിനെക്കുറിച്ച് ലക്ഷ്മി മേനോൻ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ പിതാവിനെ പോലെയാണ് പി വാസുവെന്ന് ലക്ഷ്മി വ്യക്തമാക്കി. അതേസമയം അദ്ദേഹത്തിൽ നിന്നും തനിക്ക് വഴക്ക് കേട്ടിട്ടുണ്ടെന്നും ലക്ഷ്മി തുറന്ന് പറഞ്ഞു. ഷൂട്ടിംഗ് ഞാൻ കൃത്യസമയത്ത് വരില്ല. അപ്പോൾ അവർ വഴക്ക് പറയും. ഒറ്റയ്ക്ക് വിളിച്ച് വഴക്ക് പറയൂ, എല്ലാവരുടെയും മുന്നിൽ വെച്ച് പറയല്ലേ എന്ന് ഞാൻ പറയും. അപ്പോൾ തന്നെ അദ്ദേഹം ചിരിക്കും. നല്ല മനസിന്റെ ഉടമയാണ്. അച്ഛനെ പോലെയും ഗുരുവിനെ പോലെയും ഞാൻ സ്നേഹിക്കുന്നു.

വളരെ കൃത്യനിഷ്ഠയും അച്ചടക്കവുമുള്ള ആളാണ്. ഈ പ്രായത്തിലും അദ്ദേഹം ഇവ പാലിക്കുന്നു. അദ്ദേഹം കൃത്യമായി എല്ലാം ചെയ്യുന്നതിനാൽ നമുക്ക് മടി കാണിക്കാൻ പറ്റിയില്ലെന്നും ലക്ഷ്മി മേനോൻ വ്യക്തമാക്കി. സിനിമയിൽ കങ്കണയോടൊപ്പം അഭിനയിച്ചതിനെക്കുറിച്ചും ലക്ഷ്മി മേോനൻ സംസാരിച്ചു. എനിക്ക് നിങ്ങളെ വളരെ ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞു. തന്നേക്കാൾ ജോളിയായിരുന്നു സെറ്റിൽ കങ്കണയെന്ന് ലക്ഷ്മി മേനോൻ ഓർത്തു.
2005 ലാണ് ചന്ദ്രമുഖിയുടെ ഒന്നാംഭാഗം റിലീസ് ചെയ്യുന്നത്. സിനിമ വൻ ഹിറ്റായിരുന്നു. എന്നാൽ രണ്ടാം ഭാഗം പ്രേക്ഷകരെ നിരാശപ്പെടുത്തി. ചന്ദ്രമുഖി 2 വിന് ശേഷവും ലക്ഷ്മി മേനോൻ സിനിമകളിൽ സജീവമായിട്ടില്ല. തമിഴകത്തെ താരമായ ശേഷം അവതാരം എന്ന മലയാള സിനിമയിൽ ലക്ഷ്മി മേനോൻ അഭിനയിച്ചിട്ടുണ്ട്. 2014 ലാണ് ഈ ചിത്രം റിലീസ് ചെയ്തത്. 2016 മുതലാണ് നടി സിനിമകളിൽ നിന്ന് അകന്ന് തുടങ്ങിയത്. സുന്ദരപാണ്ഡ്യൻ, കുംകി എന്നീ സിനിമകളിലൂടെ മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം ലക്ഷ്മി മേനോന് ലഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications











