'പ്രസവശേഷം സ്വന്തം വീട്ടിൽ പോകാത്തത് അക്കാരണം കൊണ്ട്, പേര് കണ്ടുപിടിച്ചത് അമ്മയാണ്'; അനുരാധ പറയുന്നു!
പാചകവും നിയമവും തമ്മിൽ എന്ത് ബന്ധമെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ലക്ഷ്മി നായർ എന്ന പേര്. നിയമാധ്യാപനവും ഒപ്പം തന്നെ വായിൽ വെള്ളമൂറുന്ന ഭക്ഷണങ്ങളും ഇവിടെ നന്നായി വഴങ്ങും. ടിവിയിൽ ലക്ഷ്മി നായരെ കണ്ട് തുടങ്ങിയ കാലം മുതൽ ഇന്നുവരെ ആ ലുക്കിന് വലിയ മാറ്റമൊന്നും വന്നിട്ടില്ല എന്ന ഒരു പ്രത്യേകതയുണ്ട്. സ്ലിം ബ്യൂട്ടിയായിരിക്കണം എന്നൊന്നും പറയില്ലെങ്കിലും യുവത്വം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ലക്ഷ്മി നായർ.
ലക്ഷ്മിയുടെ മാജിക്ക് ഓവൻ ഷോ ഒരു കാലത്ത് വലിയ ഹിറ്റായിരുന്നു. അടുത്തിടെയായി യുട്യൂബ് ചാനലുമായും ലക്ഷ്മി സജീവമാണ്. പാചകവും വീട്ടുവിശേഷങ്ങളുമെല്ലാം ലക്ഷ്മി നായർ യുട്യൂബ് ചാനൽ വഴി പങ്കിടാറുണ്ട്. അതുകൊണ്ട് ലക്ഷ്മിയുടെ കുടുംബാംഗങ്ങളും പ്രേക്ഷകർക്ക് പരിചിതരാണ്.

രണ്ട് മക്കളാണ് ലക്ഷ്മിക്കുള്ളത്. അതിൽ മകൾ വിവാഹശേഷം മാഞ്ചസ്റ്ററിൽ സെറ്റിൽഡാണ്. ഇടയ്ക്ക് അവധി ആഘോഷിക്കാൻ ലക്ഷ്മി മാഞ്ചസ്റ്ററിലേക്ക് പോകാറുണ്ട്. പിന്നെ ഒരു മകനാണ് ലക്ഷ്മിക്കുള്ളത്. വിഷ്ണു എന്നാണ് മകന്റെ പേര്. ലക്ഷ്മിയുടെ വീട്ടിലേക്ക് വിഷ്ണുവിന്റെ ഭാര്യയായി വന്നശേഷം അനുരാധയും അമ്മായിയമ്മയെപ്പോലെ യുട്യൂബറാണ്. ലക്ഷ്മിയിലൂടെ മാത്രമല്ല അനുരാധ വഴിയും പ്രേക്ഷകർക്ക് വിശേഷങ്ങൾ അറിയാൻ സാധിക്കുന്നുണ്ട്.
അടുത്തിടെയാണ് അനുരാധയ്ക്കും വിഷ്ണുവിനും ആദ്യത്തെ കുഞ്ഞ് പിറന്നത്. പെൺകുഞ്ഞാണ് പിറന്നത്. പെൺകുഞ്ഞാണ്... അവൾ ഞങ്ങളുടെ ഹൃദയം കവർന്നു എന്ന കുറിപ്പെടെയാണ് കുഞ്ഞ് പിറന്ന സന്തോഷം അനുരാധയും വിഷ്ണുവും അറിയിച്ചത്. കുഞ്ഞിനൊപ്പമുള്ള അനുരാധയുടെയും വിഷ്ണുവിന്റെയും ചിത്രവും പങ്കുവെച്ചിരുന്നു.
എന്നാൽ കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിയില്ല. പേരിടൽ ചടങ്ങിന്റെ ചിത്രം പങ്കിട്ടപ്പോഴും കുഞ്ഞിന്റെ മുഖം ലക്ഷ്മിയും അനുരാധയും വെളിപ്പെടുത്തിയിട്ടില്ല. സരസ്വതി നായർ എന്നാണ് കുഞ്ഞിന്റെ പേര്. കുട്ടിയുടെ പേര് വെളിപ്പെടുത്തിയപ്പോൾ തന്നെ നായർ എന്ന ജാതിപ്പേരും ഒപ്പം ചേർത്തതിനോട് ഒരു വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ തന്റെ പ്രസവത്തെ കുറിച്ചും പിന്നീടുണ്ടായ പോസ്റ്റ് പാർട്ടം അവസ്ഥയെ കുറിച്ചും അനുരാധ പങ്കിട്ട വീഡിയോയാണ് വൈറലാകുന്നത്.
പ്രസവശേഷം പൊതുവെ പെൺകുട്ടികൾ സ്വന്തം വീട്ടിൽ പോയാണ് വിശ്രമിക്കുക. എന്നാൽ ഭർത്താവിന്റെ വീട്ടിൽ തന്നെയാണ് അനുരാധ താമസിച്ചത്. ലക്ഷ്മിയാണ് അനുരാധയെ ശുശ്രുഷിച്ചതും ആശുപത്രിയിലേക്ക് അടക്കം തുണപോയതും. അതിനെല്ലാമുള്ള കാരണം പുതിയ വീഡിയോയിലൂടെ അനുരാധ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.

'ഞാൻ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ തന്നെ ആദ്യം പ്രാർത്ഥിച്ചത് മോളാകണം എന്നായിരുന്നു. അങ്ങനെ മോളെ തന്നെ കിട്ടി. അതിൽ സന്തോഷം. ഒരു മോഡേൺ പേരൊന്നും നമുക്ക് വേണം എന്നില്ലായിരുന്നു. ഈസിയായി പറയാൻ പറ്റുന്ന ഒരു ട്രഡീഷണലായ പേര് എന്തെങ്കിലും വേണം എന്നുണ്ടായിരുന്നു. ആൺകുട്ടിക്കും പെൺകുട്ടിക്കും വേണ്ടിയുള്ള പേരുകൾ നോക്കിവെച്ചപ്പോൾ ലക്ഷ്മിയമ്മയാണ് സരസ്വതി എന്ന പേര് നിർദേശിക്കുന്നത്.'
'വളരെ സ്മൂത്തായ ഒരു ജേർണിയായിരുന്നു. ഒരു പ്രശ്നങ്ങളും ഇല്ലാത്ത രണ്ടുമാസം. മൂന്നുമാസമായപ്പോഴാണ് ഛർദ്ദിയും തലകറക്കവും ഉണ്ടായത്. ഭക്ഷണത്തിനോട് വലിയ താൽപര്യം ഒന്നും ഉണ്ടായിരുന്നില്ല. നോർമലായ ഭക്ഷണം മാത്രമാണ് കഴിച്ചത്. വീട്ടിലെ ചെറിയ പണികളൊക്കെയും ഞാൻ തന്നെ ചെയ്യുമായിരുന്നു. ആ സമയത്ത് വീഡിയോസ് ഒന്നും എടുക്കാൻ തോന്നിയില്ല.'
'ഏഴുമാസമായിട്ട് അനൗൺസ് ചെയ്‌താൽ മതിയെന്ന് നമ്മൾ തീരുമാനിച്ചതാണ്. ഫ്ള്യൂഡിന്റെ കുറവ് ഉണ്ടായിരുന്നതുകാരണം ഡേറ്റിന് മുമ്പെ തന്നെ കുഞ്ഞിനെ സി സെക്ഷനിലൂടെ എടുത്തു. പോസ്റ്റ് പാർട്ടത്തെ കുറിച്ച് ഒരുപാട് ആളുകൾ ചോദിക്കുന്നുണ്ട്. പിന്നെ ആളുകൾക്ക് അറിയേണ്ടത് എന്തുകൊണ്ടാണ് ഞാൻ എന്റെ വീട്ടിൽ പോകാതെ ഇവിടെ നിൽക്കുന്നതെന്നാണ്. ഞാൻ അത് എവിടെയും അധികം പറഞ്ഞിട്ടുള്ള കാര്യമല്ല.'
'കാരണം എന്റെ അമ്മയ്ക്ക് ഒരു വർഷം മുമ്പേയാണ് ബ്രെസ്റ്റ് ക്യാൻസറാണെന്ന് മനസിലാക്കുന്നത്. അതിനുവേണ്ടിയുള്ള ട്രീട്മെന്റും മറ്റും നടക്കുന്ന സമയമായിരുന്നു. അമ്മ ഹെൽത്തിയായിരുന്നുവെങ്കിലും എനിക്ക് കുറച്ച് ഡിമാൻഡ്‌സ് വേണ്ടുന്ന സമയം ആയിരുന്നല്ലോ... എങ്കിലും അമ്മയെ ബുദ്ധിമുട്ടിക്കാൻ എനിക്ക് ഇഷ്ടമായിരുന്നില്ല. എന്റെ വീടും ഈ വീടും തമ്മിൽ അധികം ദൂരമില്ല. എപ്പോൾ വേണമെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും പോകുമായിരുന്നു. ഞാൻ തന്നെ എടുത്ത തീരുമാനം ആയിരുന്നു ഇവിടെ നിൽക്കാം എന്നത്', എന്നാണ് അനുരാധ പറഞ്ഞത്.


Click it and Unblock the Notifications