'ആരാണിയാൾ എന്നറിയാൻ ഞാൻ നോക്കുമായിരുന്നു; ചെറിയ പ്രായത്തിലായിരുന്നു വിവാഹമെന്ന് ഇന്ന് തോന്നാം'
ടെലിവിഷൻ പ്രേക്ഷകർക്ക് വർഷങ്ങളായി സുപരിചിതമായ മുഖമാണ് ലക്ഷ്മി നായരുടേത്. കുക്കറി ഷോകളിലൂടെ ശ്രദ്ധ നേടിയ ലക്ഷ്മി വ്യത്യസ്തമായ നിരവധി വിഭവങ്ങൾ തന്റെ ഷോകളിലൂടെ പരിചയപ്പെടുത്തി. യൂട്യൂബ് ചാനലുകളൊന്നും ഇല്ലാതിരുന്ന സമയത്ത് ടെലിവിഷനിൽ ലക്ഷ്മി നായർ പരിചയപ്പെടുത്തുന്ന വിഭവം കാത്തിരുന്ന് പരീക്ഷിക്കുന്ന ഒരുകാലം മലയാളി വീട്ടമ്മമാർക്കുണ്ടായിരുന്നു. മാജിക് ഓവൻ എന്ന ലക്ഷ്മി നായരുടെ പ്രോഗ്രാം ജനപ്രിയമായിരുന്നു.
കാലത്തിനൊത്ത് തന്റെ കുക്കറി ഷോയുടെ സ്വഭാവം മാറ്റാനും ലക്ഷ്മി നായർക്ക് കഴിഞ്ഞു. യൂട്യൂബ് വീഡിയോകളിലേക്ക് ജനശ്രദ്ധ വന്ന് തുടങ്ങിയ സമയത്ത് തന്നെ കുക്കിംഗ് വീഡിയോകളുമായി ലക്ഷ്മി യൂട്യൂബിലേക്കെത്തി. പാചകക്കാരി എന്നതിനപ്പുറം മറ്റ് മേഖലകളിലും ലക്ഷ്മി നായർ സാന്നിധ്യമറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം ലോ അക്കാദമയിൽ പ്രിൻസിപ്പലായി പ്രവർത്തിച്ചിരുന്നു. പിന്നീട് വിദ്യാർത്ഥി സമരത്തെ തുടർന്ന് ഈ സ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു. ലക്ഷ്മി നായരുടെ കുടുംബ വിശേഷങ്ങൾ ഇവർ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്.
മക്കളെയും മരുമകളെയുമൊക്കെ വീഡിയോയിൽ കാണിക്കാറുണ്ടെങ്കിലും ഭർത്താവിനെ അപൂർവമായേ വീഡിയോകളിൽ കണ്ടിട്ടുള്ളൂ. ഇതേക്കുറിച്ച് കമന്റുകളും വീഡിയോകൾക്ക് താഴെ വരാറുണ്ട്. പൊതുവെ ഇത്തരം കാര്യങ്ങളോട് താൽപര്യമില്ലാത്ത വ്യക്തിയാണ് ഭർത്താവെന്ന് ലക്ഷ്മി നായർ മുമ്പ് പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ലക്ഷ്മി നായർ. സീ മലയാളവുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. അഡ്വക്കേറ്റ് അജയകൃഷ്ണനാണ് ലക്ഷ്മി നായരുടെ ഭർത്താവ്.

22ാം വയസ്സിലായിരുന്നു വിവാഹം. ഇന്നത്തെ കാലം വെച്ച് നോക്കുമ്പോൾ വളരെ ചെറിയ പ്രായമാണ്. അന്നത്തെ കാലത്ത് ആ പ്രായത്തിൽ കല്യാണം കഴിക്കും. കല്യാണം നേരത്തെ ആയിപ്പോയി എന്ന് തോന്നിയിട്ടില്ല. താമസിച്ച് പോയി എന്നാണ് തോന്നിയത്. കാര്യം ആ സമയത്ത് ഡിഗ്രി കഴിയുമ്പോഴേക്കോ ഡിഗ്രി അവസാന വർഷമോ കല്യാണം നടത്തും. 21ാമത്തെ വയസ്സിൽ ഞാൻ ന്യൂസ് വായിച്ചു, 22 ൽ കല്യാണം. ഞാൻ ചെറുതാണെന്ന് എനിക്ക് തോന്നിയിട്ടില്ല.

തന്റെ മകൾ 25ാമത്തെ വയസ്സിലാണ് വിവാഹം ചെയ്തതെന്നും ലക്ഷ്മി നായർ പറഞ്ഞു. 'ഞാൻ പഠിച്ചിരുന്ന സ്ഥലത്ത് തന്നെയാണ് ഭർത്താവും പഠിച്ചത്. ഞങ്ങളുടേത് പക്ഷെ ലവ് മാര്യേജ് ആയിരുന്നില്ല. അറേഞ്ച്ഡ് മാര്യേജായിരുന്നു. കണ്ടിട്ടുണ്ടായിരിക്കാം. എന്റെ അച്ഛൻ ലോ കോളേജിൽ പ്രിൻസിപ്പലായിരുന്നു. ഭർത്താവിന്റെ അച്ഛനും എന്റെ അച്ഛനും വലിയ സുഹൃത്തുക്കളാണ്'
'അടുത്തടുത്ത വീടായിരുന്നു. ഞാൻ ജനിക്കുന്ന സമയത്ത്. ഞാൻ ലോ അക്കാദമിയിൽ കയറുമ്പോൾ പുള്ളി അവിടെ കോഴ്സ് പൂർത്തിയാക്കി. എന്നാലും ഒന്ന് രണ്ട് പ്രാവശ്യം ഓരോ ആവശ്യങ്ങൾക്ക് വരുമ്പോൾ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഭർത്താവ് ഒരു സിനിമയിൽ അഭിനയിച്ചിട്ടാണ് അവിടെ പഠിക്കാൻ ജോയിൻ ചെയ്തത്'
'തത്തമ്മേ പൂച്ച പൂച്ച എന്ന സിനിമയിൽ സെക്കന്റ് ഹീറോയായി അഭിനയിച്ചിട്ടുണ്ട്. അങ്ങനെയൊരു ഇമേജോടെയാണ് പുള്ളി പഠിക്കാൻ വരുന്നത്. ഏതാണീ സിനിമാ നടൻ എന്ന് അറിയാനുള്ള ആകാംക്ഷ. അല്ലാതെ ഞങ്ങളങ്ങനെ പരിചയപ്പെട്ടിട്ടില്ല. 33 വർഷത്തിലേറെയായി വിവാഹം കഴിച്ചിട്ടെന്നും ലക്ഷ്മി നായർ പറഞ്ഞു. താനും ഭർത്താവും വ്യത്യസ്ത ഇഷ്ടങ്ങളുള്ളവരാണെന്ന് ലക്ഷ്മി നായർ മുമ്പ് പറഞ്ഞിരുന്നു. തനിക്ക് യാത്രകൾ ഒരുപാട് ഇഷ്ടമാണ്'
അദ്ദഹത്തിന് യാത്രകളോട് താൽപര്യമില്ല. തിരുവനന്തപുരം വിട്ട് പോവുന്നതും ഇഷ്ടമല്ല. വിവാഹ ജീവിതത്തിൽ ഒരുപാട് അഡ്ജസ്റ്റ്മെന്റുകൾ വേണം. എല്ലാ തികഞ്ഞ ഒരാളെ കിട്ടികയെന്നത് ബുദ്ധിമുട്ടാണ്. കിട്ടിയാൽ അത് ഭാഗ്യമാണെന്നും ലക്ഷ്മി നായർ പറഞ്ഞു. യൂട്യൂബ് ചാനലിൽ ഇടയ്ക്ക് ചില മോട്ടിവേഷണൽ വീഡിയോയും ലക്ഷ്മി നായർ പങ്കുവെക്കാറുണ്ട്.


Click it and Unblock the Notifications