'അനുകുട്ടി ഭാഗ്യവതിയാണ്... നല്ലൊരു അമ്മായിഅമ്മയെ കിട്ടിയില്ലേ...'; മരുമകളുടെ സീമന്തം ആഘോഷമാക്കി ലക്ഷ്മി നായർ!
പാചക പരീക്ഷണങ്ങളിലൂടെയും ബ്യൂട്ടി ടിപ്സുകളിലൂടെയും മലയാളികൾക്ക് പരിചിതയാണ് അഡ്വക്കേറ്റ് കൂടിയായ ലക്ഷ്മി നായര്‍. ലക്ഷ്മിയുടെ വീഡിയോകൾക്കെല്ലാം തന്നെ സോഷ്യല്‍ മീഡിയയിൽ പ്രേക്ഷകർ ഏറെയാണ്. വീണ്ടും അമ്മൂമ്മയാകാൻ പോവുന്നതിന്റെ സന്തോഷത്തിലാണ് ലക്ഷ്മി ഇപ്പോൾ. മകൻ വിഷ്ണുവിനും ഭാര്യ അനുവിനും കുഞ്ഞ് പിറക്കാൻ പോകുന്നു.
രണ്ട് മക്കളാണ് ലക്ഷ്മിക്കുള്ളത്. മകൾ പാർവതി കുടുംബസമേതം മാഞ്ചസ്റ്ററിൽ സെറ്റിൽഡാണ്. ഒറ്റ പ്രസവത്തിൽ മൂന്ന് കുഞ്ഞുങ്ങളെയാണ് പാർവതിക്ക് ലഭിച്ചത്. ലക്ഷ്മിയുടെ ഏറ്റവും വലിയ സന്തോഷവും മൂന്ന് പേരക്കുട്ടികളെ ഒരുമിച്ച് താലോലിക്കാൻ കിട്ടി എന്നതായിരുന്നു.
കുഞ്ഞുങ്ങളുടെ ഒന്നാം പിറന്നാൾ ആഘോഷത്തിന് കേക്ക് ഒരുക്കിയതും ലക്ഷ്മി ആയിരുന്നു. ഇപ്പോഴിതാ മറ്റൊരു കുഞ്ഞ് അതിഥി കൂടി കുടുംബത്തിലേക്ക് എത്തുന്നുവെന്ന് അറിഞ്ഞതോടെ താരത്തിന്റെ സന്തോഷം ഇരട്ടിയായി. കുറച്ച് ദിവസം മുമ്പാണ് മരുമകൾ ഗർഭിണിയാണെന്നും ഏഴാം മാസമാണെന്നും ലക്ഷ്മി നായർ ആരാധകരെ അറിയിച്ചത്.

ലക്ഷ്മിയുടെ വീഡിയോകളിലെ സ്ഥിരം സാന്നിധ്യമായതുകൊണ്ട് അനുകുട്ടിക്കും നിരവധി ആരാധകരുണ്ട്. മാഞ്ചസ്റ്ററിൽ മകൾക്കൊപ്പം സമയം ചിലവഴിക്കാൻ പോയ താരം വേഗത്തിൽ തിരികെ വന്നതെന്താണെന്ന് ആരാധകർ ചോദിച്ചിരുന്നു. പൊതുവെ അഞ്ച് മാസത്തോളം മകൾക്കും കുടുംബത്തിനുമൊപ്പം ലക്ഷ്മി ചിലവഴിക്കാറുണ്ട്.
അനുകുട്ടിക്ക് ഏഴാം മാസമായതുകൊണ്ടാണ് ലക്ഷ്മി നായർ രണ്ട് മാസം മാത്രം മകൾക്കൊപ്പം നിന്ന് തിരികെ എത്തിയത്. തിരികെ എത്തിയ ഉടൻ ലക്ഷ്മി ആദ്യം ചെയ്തത് അനുകുട്ടിയുടെ വളകാപ്പ്, സീമന്തം ചടങ്ങ് ആഘോഷമായി നടത്തുകയാണ്. ആഗ്രഹിച്ചത് പോലെ എല്ലാം ഗംഭീരമായി നടന്നുവെന്നാണ് മരുമകളുടെ സ്പെഷ്യൽ ഡെ വിശേഷം പങ്കുവെച്ച് ലക്ഷ്മി കുറിച്ചത്.
എല്ലാത്തിനും നേതൃത്വം നൽകിയത് ലക്ഷ്മി തന്നെയായിരുന്നു. വളരെ വിശേഷപ്പെട്ട ചടങ്ങായതുകൊണ്ട് തന്നെ വീട്ടിൽ വെച്ച് തന്നെയാണ് ഫങ്ഷൻ നടത്തിയത്. പന്തൽ ഇടുന്നതിന്റെയും അലങ്കാരങ്ങൾ ചെയ്യുന്നതിന്റെയും ഭക്ഷണം തയ്യാറാക്കുന്നതിന്റെയുമെല്ലാം വീഡിയോകൾ ലക്ഷ്മി പങ്കുവെച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ഉൾപ്പെടുത്തി നൂറോളം പേരാണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്.
'പ്രധാനപ്പെട്ടൊരു ചടങ്ങാണിത്. പ്രഗ്നന്‍സി ജേണിയുടെ ഭാഗമാണിത്. പലഹാരങ്ങളൊക്കെയായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വന്ന് വിളിച്ചുകൊണ്ട് പോവുന്നൊരു ചടങ്ങുണ്ട്. പിന്നെ പ്രസവമൊക്കെ കഴിഞ്ഞാണ് പെണ്‍കുട്ടി തിരികെ വരുന്നത്. അതിനൊപ്പമായി വളക്കാപ്പും ചേര്‍ത്ത് നടത്തുകയാണ്. അതൊരു സന്തോഷം. ഗര്‍ഭിണിയായിട്ടുള്ളൊരു കുട്ടിയുടെ മനസിന്റെ സന്തോഷം ഏറെ പ്രധാനപ്പെട്ടതാണ്. ഇത്രയും കളര്‍ഫുളായൊരു ചടങ്ങ് നടത്തുമ്പോള്‍ അവര്‍ക്ക് സന്തോഷമാണല്ലോ.'

'ഏകദേശം നൂറുപേരോളം വരുന്ന ചടങ്ങാണ്. ഇത് വീട്ടില്‍ വെച്ച് തന്നെ നടത്താമെന്ന് കരുതി. വീട്ടുമുറ്റത്ത് പന്തല്‍ ഉയര്‍ന്നപ്പോള്‍ തന്നെ സന്തോഷമാണ്. വിഷ്ണുവും സുഹൃത്തുക്കളും കസിന്‍സുമെല്ലാം ഫുള്‍ ആക്റ്റീവായി എല്ലാത്തിനും ഓടിനടക്കുന്നു. വീട്ടില്‍ വെച്ച് തന്നെ ചടങ്ങ് നടത്താന്‍ തീരുമാനിച്ചതില്‍ എല്ലാവരും നല്ല സന്തോഷത്തിലാണ്. അനുക്കുട്ടിയുടെ മുഖത്തും ആ സന്തോഷം കാണുന്നുണ്ടെന്നും', ലക്ഷ്മി പറയുന്നു.
അനുക്കുട്ടിയുടെ അമ്മയും ലക്ഷ്മി നായരും ചേര്‍ന്നായിരുന്നു നിലവിളക്ക് കൊളുത്തിയത്. അനുക്കുട്ടിയുടെ വീട്ടില്‍ നിന്നും കൊണ്ടുവന്ന ഏഴുകൂട്ടം പലഹാരങ്ങള്‍ നല്‍കി കുപ്പിവളയും ഇട്ട് കൊടുത്ത് എല്ലാവരും അനുക്കുട്ടിയെ അനുഗ്രഹിക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു.
ചടങ്ങുകൾ എല്ലാം കഴിഞ്ഞ് അനുകുട്ടി മാതാപിതാക്കൾക്കൊപ്പം സ്വന്തം വീട്ടിലേക്ക് പോയി. അനുകുട്ടിയുടെ വീട്ടിലേക്ക് എത്താൻ പത്ത് മിനിറ്റ് നേരത്തെ യാത്ര മാത്രമെ ആവശ്യമുള്ളൂവെന്നും അതുകൊണ്ടാണ് അനുകുട്ടിക്ക് സങ്കടം ഇല്ലാത്തതെന്നും ലക്ഷ്മി നായർ വീഡിയോയിൽ പറഞ്ഞു. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ ആരാധകർ കമന്റുമായി എത്തി. ലക്ഷ്മി നായരെ പോലൊരു അമ്മായിയമ്മയെ കിട്ടിയ അനുകുട്ടി ഭാഗ്യ വതിയാണെന്നായിരുന്നു ഏറെയും കമന്റുകൾ.


Click it and Unblock the Notifications