'കാണാൻ വരാൻ തോന്നിയല്ലോ, സുധി ചേട്ടൻ ജീവിച്ചിരുന്നപ്പോൾ സഹായിക്കാത്തതിന് കാരണമുണ്ട്'; രേണുവിനൊപ്പം ലക്ഷ്മി!
കൊല്ലം സുധിയെന്ന കലാകാരന്റെ വേർപാട് ഇന്നും മലയാളികൾക്ക് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. ഇക്കഴിഞ്ഞ ജൂണിലാണ് കാർ അപകടത്തിൽ കൊല്ലം സുധിക്ക് ജീവൻ നഷ്ടമായത്. ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെയാണ് അപകടം സംഭവിച്ചത്. സുധിക്കൊപ്പം കാറിലുണ്ടായിരുന്ന മഹേഷ് കുഞ്ഞുമോൻ, ബിനു അടിമാലി തുടങ്ങിയവർക്ക് അപകടത്തിൽ സാരമായി പരിക്കേറ്റിരുന്നു. സുധിയുടെ വേർപാടോടെ രണ്ട് കുഞ്ഞുങ്ങളും ഭാര്യ രേണുവും ഒറ്റയ്ക്കായി.
മക്കൾക്കും ഭാര്യയ്ക്കും വേണ്ടിയായിരുന്നു സുധിയുടെ ജീവിതം. ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയശേഷം മകൻ കിച്ചുവിന് വേണ്ടിയാണ് രേണുവിനെ സുധി ജീവിതത്തിലേക്ക് കൂട്ടുന്നത്. ആ ബന്ധത്തിലുള്ളതാണ് സുധിയുടെ രണ്ടാമത്തെ മകൻ റിതുൽ. നാല് വയസുകാരൻ റിതുൽ താൻ തന്നെയാണ് കൊല്ലം സുധിയെന്ന് നിറഞ്ഞ ചിരിയോടെ പറയുമ്പോൾ ആരുടെയും കണ്ണൊന്ന് നിറയും.

സുധിയുടെ മരണത്തോടെ അനാഥമായ അദ്ദേഹത്തിന്റെ കുടുംബത്തിന് ഒരു വീട് വെച്ച് നൽകാനുള്ള ശ്രമത്തിലാണ് ഫ്ലവേഴ്സ് ചാനൽ. അടുത്തിടെ വീടിന്റെ വാർപ്പ് വരെ പൂർത്തിയായിരുന്നു. മൂത്ത മകൻ കിച്ചുവിനെ പഠിപ്പിക്കുന്നതും ഫ്ലവേഴ്സ് തന്നെയാണ്. വർഷങ്ങളായി സുധിയും കുടുംബവും വാടകവീട്ടിലാണ് താമസം. സ്വന്തമായൊരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിനിടയിലാണ് സുധി അന്തരിച്ചത്.
സുധിയില്ലാത്ത ആദ്യത്തെ ക്രിസ്മസ് ആയതുകൊണ്ട് തന്നെ യാതൊരു ആഘോഷവും രേണുവിനും മക്കൾക്കുമില്ല. ഇളയവൻ റിതുലിന്റെ സന്തോഷത്തിന് വേണ്ടി ഒരു നക്ഷത്രം വീട്ടുമുറ്റത്ത് തൂക്കുക മാത്രമാണ് രേണു ചെയ്തത്. എന്നാൽ രേണുവും മക്കളും ഒറ്റപ്പെട്ട് പോകാതിരിക്കാനും ക്രിസ്മസ് കളറാക്കാനും സുധിയുടെ സഹപ്രവർത്തകയും അവതാരകയുമായ ലക്ഷ്മി ഓടിയെത്തി.
രേണുവിനും മക്കൾക്കുമുള്ള വസ്ത്രങ്ങളും കേക്കും കളിപ്പാട്ടങ്ങളുമെല്ലാമായാണ് ലക്ഷ്മി എത്തിയത്. തങ്ങളെ കാണാൻ വരാൻ തോന്നിയല്ലോ എന്നാണ് ലക്ഷ്മിയെ കണ്ടയുടൻ രേണു പറഞ്ഞത്. 'ലക്ഷ്മിക്ക് ഞങ്ങളെ കാണാൻ വരാൻ തോന്നിയല്ലോ അതിൽ ഒരുപാട് സന്തോഷമുണ്ട്.'
'ലക്ഷ്മി വരുന്നത് കണ്ടപ്പോൾ ദുരെ എവിടെയോ പരിപാടിക്ക് പോയ സുധി ചേട്ടൻ ഞങ്ങൾക്കായി സാധനങ്ങൾ വാങ്ങി ലക്ഷ്മിയുടെ കയ്യിൽ കൊടുത്ത് വിട്ടതുപോലെയാണ് എനിക്ക് തോന്നിയത്. ചിന്നു ഞങ്ങളെ കാണാൻ വന്നപ്പോൾ സുധി ചേട്ടന് ഒരുപാട് സന്തോഷമായിട്ടുണ്ടാകും. ആഘോഷങ്ങൾക്ക് വസ്ത്രം വാങ്ങുമ്പോൾ സുധി ചേട്ടന് വേണ്ടി അദ്ദേഹം ഒന്നും എടുക്കാറില്ല. എല്ലാം ഞങ്ങൾക്കാണ് വാങ്ങി തരാറുള്ളത്. ചോദിച്ചാലും വേണ്ടെന്ന് പറയും.'

'മരിക്കുന്നതിന്റെ തലേന്ന് മീൻകറി വെച്ച് ഞങ്ങൾക്ക് സുധി ചേട്ടൻ വിളമ്പി തന്നു. അവസാനം സുധി ചേട്ടന് ഒന്നും കിട്ടിയില്ല. അത് ചോദിച്ചപ്പോൾ നിങ്ങൾ വയറ് നിറച്ച് കഴിക്കുന്നത് കാണാനാണ് സന്തോഷമെന്ന് പറഞ്ഞു. മരിക്കുന്നത് വരേയും സുധി ചേട്ടൻ എന്നെയോ മക്കളേയോ ചീത്ത പറഞ്ഞിട്ടില്ല. ഇപ്പോൾ സുധി ചേട്ടന്റെ സ്വപ്നമായ വീട് സാധ്യമാകാൻ പോവുകയാണ്. ഞങ്ങൾ വീട്ടിൽ താമസം ആരംഭിക്കുമ്പോൾ സുധി ചേട്ടന്റെ ആത്മാവ് അതിയായി സന്തോഷിക്കും.'
'എല്ലാം ഞങ്ങൾക്ക് വേണ്ടി കരുതിവെച്ചിട്ട് സുധി ചേട്ടൻ പോയതുപോലെയായി എന്നാണ് രേണു ലക്ഷ്മിയോട് സംസാരിക്കവെ പറഞ്ഞത്. സുധി അപകട സമയത്ത് ഇട്ടിരുന്ന വസ്ത്രങ്ങളും രേണു വീഡിയോയിൽ കാണിച്ചു. സുധി അവസാനമായി ധരിച്ച വസ്ത്രം താൻ അലക്കിയിട്ടില്ലെന്നും ആ മണം അവസാനം വരെ തനിക്കൊപ്പം വേണമെന്നും', രേണു പറഞ്ഞു.
സുധിയെ പോസ്റ്റുമാർട്ടത്തിന് കയറ്റും മുമ്പ് കണ്ട ഒരാൾ ലക്ഷ്മി മാത്രമാണ്. അന്ന് അവിടെ ചെന്ന് താൻ ബോഡി കാണുമ്പോൾ സുധി ചേട്ടൻ സന്തോഷത്തോടെ നിറ ചിരിയോടെ കിടക്കുന്നതായാണ് തോന്നിയതെന്ന് ലക്ഷ്മിയും വീഡിയോയിൽ പറഞ്ഞു. സുധി ജീവിച്ചിരുന്നപ്പോൾ സഹായിക്കാതിരുന്നതിനുള്ള കാരണവും ലക്ഷ്മി വീഡിയോയിൽ വെളിപ്പെടുത്തി.
ഒരു കഷ്ടപ്പാടും തങ്ങളോട് ആരോടും സുധി പങ്കുവെച്ചിട്ടില്ലെന്നാണ് ലക്ഷ്മി നക്ഷ്ത്ര വീഡിയോയിൽ പറഞ്ഞത്. ക്രിസ്മസിന് രേണുവിനെയും മക്കളെയും ഒറ്റപ്പെടുത്താതെ സന്തോഷത്തോടെ ചേർത്ത് പിടിച്ചതിന് ലക്ഷ്മി നക്ഷത്രയ്ക്ക് അഭിനന്ദന പ്രവാഹമാണ്. ക്രിസ്മസ് അവരോടൊപ്പം ആഘോഷിച്ചതിന് ചിന്നു കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ, സുധിച്ചേട്ടന്റ കുടുംബത്തെ ചേർത്ത് നിർത്തിയ ലക്ഷ്മിക്ക് ഒരായിരം നന്ദി എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.


Click it and Unblock the Notifications