'ഡിവോഴ്സാകരുത്... കുഞ്ഞുങ്ങൾക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്ത് ജീവിക്കണം, ഒരു ഫങ്ഷനും അദ്ദേഹം ഇപ്പോൾ പോകാറില്ല'
കുറച്ച് മാസങ്ങൾക്ക് മുമ്പാണ് താൻ ഭർത്താവുമായുള്ള ബന്ധം വേർപ്പെടുത്തുകയാണെന്ന് നടിയും എഴുത്തുകാരിയുമായ ലക്ഷ്മിപ്രിയ ഫേസ്ബുക്കിൽ കുറിച്ചത്. പിന്നാലെ ആ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. എന്നാൽ എന്തുകൊണ്ടാണ് അങ്ങനൊരു പോസ്റ്റിട്ടതെന്നൊന്നും നടി പിന്നീട് എവിടേയും വ്യക്തമാക്കിയതുമില്ല. കുടുംബബന്ധത്തിന് വളരെ അധികം പ്രാധാന്യം കൊടുക്കുന്നയാളാണ് താനെന്നും ഭർത്താവ് ജയേഷിനെ കുറിച്ചും വളരെ അധികം വാചായാകാറുമുള്ളയാളാണ് ലക്ഷ്മിപ്രിയ. അതുകൊണ്ട് തന്നെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടപ്പോൾ ഇരുവരുടേയും ഫോളോവേഴ്സും അത് ചർച്ച ചെയ്തു.
ഇപ്പോഴിതാ തന്റെ ആ കുറിപ്പ് കാരണമുണ്ടായ പുലിവാലുകൾ എന്തൊക്കെയാണെന്നും ഇപ്പോൾ തന്റെ ദാമ്പത്യം എങ്ങനെയാണെന്നതും മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ലക്ഷ്മിപ്രിയ വെളിപ്പെടുത്തി. ഡിവോഴ്സിനോട് താൽപര്യമില്ലാത്തയാളാണ് താനെന്നും കുഞ്ഞുങ്ങൾ ഉള്ള ദമ്പതികൾ ആണെങ്കിൽ വിവാഹമോചിതരാകാതെ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കണമെന്നും ലക്ഷ്മിപ്രിയ പറയുന്നു.

ഡിവോഴ്സിനോട് താൽപര്യമില്ലാത്തയാളാണ് ഞാൻ. നിങ്ങൾക്ക് കുഞ്ഞുങ്ങളുണ്ടെങ്കിൽ മാക്സിമം അഡ്ജസ്റ്റ് ചെയ്ത് ജീവിക്കണം. അത് എത്രത്തോളം പ്രാക്ടിക്കലാണെന്നൊന്നും അറിയില്ല. പക്ഷെ കുഞ്ഞുങ്ങൾക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്ത് ജീവിക്കണം എന്ന് തന്നെയാണ് എന്റെ പോളിസി. ഡിവോഴ്സിന്റെ ഇരകൾ എപ്പോഴും കുഞ്ഞുങ്ങളാണ്. മക്കൾക്ക് അച്ഛനും അമ്മയും വേണം. അതൊന്നുമില്ലാതെ വളർന്ന ബാല്യമാണ് എന്റേത്.
എനിക്ക് രണ്ട് വയസുള്ളപ്പോഴാണ് എന്റെ അച്ഛനും അമ്മയും ഡിവോഴ്സായത്. അതിന്റെ ബുദ്ധിമുട്ടുകൾ എനിക്ക് നന്നായിട്ട് അറിയാം. അതുകൊണ്ട് തന്നെ ഫാമിലി ലൈഫ് വേണം, കുഞ്ഞുങ്ങൾ വേണം, ഇങ്ങനൊരു കുടുംബം വേണം എന്നൊക്കെ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നയാളാണ്. മാത്രമല്ല ഡിവോഴ്സ് എന്ന കാര്യത്തിനോട് എപ്പോഴും മുഖം തിരിച്ചാണ് ഞാൻ നിൽക്കാറ്.
കുടുംബകോടതിയിൽ ജോലി ചെയ്യുന്നവരോടും അഡ്വക്കേറ്റ്സായ സുഹൃത്തുക്കളോടുമൊക്കെ സംസാരിക്കുമ്പോൾ മനസിലാകുന്നത് വളരെ നിസാര കാര്യത്തിനാണ് ഇപ്പോൾ ആളുകൾ ഡിവോഴ്സ് ചെയ്യുന്നത് എന്നാണ്. പലതും അഡ്ജസ്റ്റ് ചെയ്തും സഹിച്ചും പോകാവുന്ന കാര്യങ്ങളേയുള്ളു. പക്ഷെ പലരും അതിനൊന്നും നിൽക്കാതെ അവരുടെ ഈഗോയുടെ ഭാഗമായി പിരിഞ്ഞ് പോകും.
ഇതൊക്കെയാണ് സമൂഹത്തിൽ നടക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനെല്ലാം നേരെ ഓപ്പോസിറ്റായിട്ടുള്ള വ്യക്തിയായിട്ടാണ് ഞാൻ എപ്പോഴും ഇരിക്കുന്നതും ജീവിക്കുന്നതും ലക്ഷ്മിപ്രിയ പറയുന്നു. വൈറൽ പോസ്റ്റ് ഇടാനുള്ള കാരണവും ലക്ഷ്മിപ്രിയ വ്യക്തമാക്കി. ഞാനാണ് ഞങ്ങൾ തമ്മിൽ വഴക്കുണ്ടായാൽ ജയേഷേട്ടനോട് അങ്ങോട്ട് പോയി മിണ്ടുന്നത്. ജയേഷേട്ടന് ഇത്തിരി വാശിയുണ്ട്.

പക്ഷെ എനിക്ക് അത് പറ്റില്ല. ഞാൻ വൈകാതെ പോയി മിണ്ടും. അങ്ങനൊരു വഴക്ക് ഉണ്ടായ സമയത്താണ് ഞാൻ ആ ചർച്ചയായ പോസ്റ്റ് ഇട്ടത്. അന്ന് ഞങ്ങളുടെ വഴക്ക് രണ്ട്, മൂന്ന് ദിവസത്തേക്ക് നീണ്ടുപോയപ്പോഴേക്കുമാണ് ഞാൻ ഫേസ്ബുക്കിൽ വിവാഹമോചനത്തെ കുറിച്ച് പോസ്റ്റിട്ടത്. പക്ഷെ രണ്ട് മിനിറ്റിനുള്ളിൽ ഡിലീറ്റ് ചെയ്തു. രസകരമായ കാര്യമെന്തെന്നാൽ ഞാൻ ഈ പോസ്റ്റിടുമ്പോഴും ജയേഷേട്ടൻ വീട്ടിലുണ്ട്. എന്റെ കുറിപ്പുമായി ബന്ധപ്പെട്ടുള്ള കോൾ മുഴുവൻ ചെന്നതും അദ്ദേഹത്തിനാണ്.
ലക്ഷ്മി എന്നെ ഡിവോഴ്സ് ചെയ്തോ ഞാൻ അറിഞ്ഞില്ലല്ലോ. അവൾ കുറിപ്പ് എഴുതി ഇട്ടെങ്കിൽ അത് മൂഡ്സ്വിങ്സിൽ ചെയ്തതായിരിക്കും. തൽക്കാലം ഡിവോഴ്സ് ഒന്നും ആയിട്ടില്ല. ഇനി ആകാനും പോകുന്നില്ല എന്നാണ് ജയേഷേട്ടൻ വിളിക്കുന്നവരോടെല്ലാം നൽകിയ മറുപടി. ആൾക്ക് അതൊരു വലിയ മാനസീക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് പിന്നീട് എനിക്ക് മനസിലായി.
ഒരു ഫങ്ഷന് വിളിച്ചാല് പോലും വരില്ല. നിങ്ങൾ ഡിവോഴ്സായില്ലേയെന്ന ചോദ്യം കേൾക്കേണ്ടി വരുന്നുവെന്നതുകൊണ്ടാണത്. പ്രേക്ഷകരോട് പറയാനുള്ളത്... ഞങ്ങൾ വളരെ സന്തോഷമായി ജീവിക്കുകയാണ്. കുഴപ്പമൊന്നുമില്ലെന്നും ലക്ഷ്മിപ്രിയ പറയുന്നു.


Click it and Unblock the Notifications











