ഇവളെ വേണമെന്ന വാശി! ഒരേയൊരു കാര്യത്തിലായിരുന്നു നിർബന്ധം! മാതംഗിയെക്കുറിച്ച് ലക്ഷ്മി പ്രിയ
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി സജീവമാണ് ലക്ഷ്മി പ്രിയ. അഭിനയം മാത്രമല്ല എഴുത്തിലും തിളങ്ങിയതാണ് താരം. കുടുംബത്തിലെ വിശേഷങ്ങളും അവര്‍ സോഷ്യല്‍മീഡിയയിലൂടെയായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മകളായ മാതംഗിയുടെ ഗ്രാജുവേഷന്‍ ചടങ്ങ് കഴിഞ്ഞ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അവര്‍. അന്ന് എന്‍ ഐസിയുവില്‍ വയ്യാതെ കിടന്ന ആ കുരുന്ന് ഇപ്പോള്‍ വലിയ ആളായെന്ന് അവര്‍ പറയുന്നു.തനിക്ക് ലഭിക്കാതെ പോയ വിദ്യാഭ്യാസം മകള്‍ക്ക് നല്‍കണമെന്ന നിര്‍ബന്ധമുണ്ടെന്ന് ലക്ഷ്മി കുറിച്ചിട്ടുണ്ട്.
ഒരായിരം ഓർമ്മകൾ കൊണ്ട് എന്റെ കണ്ണ് നിറഞ്ഞൊഴുകിക്കൊണ്ടേയിരുന്നു. എന്റെ കണ്ണുനീരിനെ കണ്ട്രോൾ ചെയ്യാൻ പ്രോഗ്രാം കഴിയുംവരെയും എനിക്ക് സാധിച്ചിരുന്നില്ല. തുമ്പപ്പൂ പോലെയുള്ള വിരലുകളുമായി രണ്ട് കാലുകളിലും കൈകളിലും കാന്യൂല കുത്തി, മൂക്കിൽ പാല് ഒഴിച്ച് കൊടുക്കാനുള്ള ട്യൂബ് ഇട്ട്, കണ്ണിൽ ബ്ലൈൻഡ് മാസ്ക് വച്ച് ഒരുപാട് വയറുകളാൽ ചുറ്റപ്പെട്ട്, ദിവസങ്ങളോളം ഒരു ചെറിയ ബോക്സിൽ എൻഐസിയുവിൽ പരിചരണമേറ്റ് എനിക്ക് ലഭിച്ച ഒരു പൂമ്പാറ്റ. എനിക്ക് ഇവളെ വേണം എന്ന വാശിയോടെ ഉറങ്ങാതെ ഞാനും ഏട്ടനും മാത്രമായി വളർത്തിയെടുത്ത മുത്ത്.

കഴിഞ്ഞ ദിവസം അവളുടെ ഗ്രാജ്വെഷൻ ദിനമായിരുന്നു. ഇനി സീനിയർ സ്കൂളിലേക്ക്. പഠിക്കാൻ മിടുക്കിയായിരുന്നിട്ടും വിദ്യാഭ്യാസം പാതി വഴിയിൽ മുറിഞ്ഞു പോയ എനിക്ക് അവളുടെ സ്കൂൾ മികവുറ്റതാവണം എന്ന് നിർബന്ധം ആയിരുന്നു. മാതുന് മൂന്ന് വയസ്സ് തികഞ്ഞ വെള്ളപ്പൊക്ക കാലത്താണ് കയ്യിൽ വലിയ ഒരു പാവയുമായി അഡ്മിഷൻ എടുക്കാൻ പോയത്. ആദ്യമായി ഷർട്ടിന്റെ ബട്ടൺ ഇടാൻ പഠിച്ചു, ഷൂ ലേസ് കെട്ടാൻ പഠിച്ചു, ഓറഞ്ചു കളറിന് 'ഓച്ചൻ 'എന്നു പറഞ്ഞത് മെല്ലെ 'ഓറഞ്ച് 'എന്നായി. ശരിക്കും ഒരു പൂമ്പാറ്റ ചിറക് വിരിച്ച് പറക്കും പോലെ.
മലയാളം മാത്രം സംസാരിക്കുന്ന വീട്ടിൽ നിന്നും ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യുന്ന കുട്ടിയായി, ആരും പറഞ്ഞു കൊടുക്കാതെ ശാരീരികമായി അത്ര സുഖമില്ലാത്ത കൂട്ടുകാരന്റെ സഹായിയായി, അതുകണ്ട് കണ്ണ് നിറഞ്ഞ് അധ്യാപകർ എന്നെ വിളിച്ച് അവളുടെ സഹാനുഭൂതിയെക്കുറിച്ച് പറഞ്ഞു. തുടക്കം മുതലേ അവളെ വലിയ പഠിപ്പിസ്റ്റ് ആക്കാൻ എനിക്ക് ആഗ്രഹമില്ലായിരുന്നു. സ്‌ട്രെസ് ഫ്രീയായി ചുറ്റുപാടുകളെ നിരീക്ഷിച്ചും കളിച്ചും ചിരിച്ചും പാടിയും കഥ പറഞ്ഞും ' ബാല്യം ' ആസ്വദിച്ചു പോകട്ടെ എന്നായിരുന്നു പ്ലാൻ.
പരീക്ഷകളുടെ സമ്മർദ്ദമില്ലാത്ത,സ്കൂൾ. പ്രിൻസിപ്പലിനെയും വൈസ് പ്രിൻസിപ്പലിനെയും മറ്റ് അധ്യാപകരേയും കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്ത് അവരോട് കൊഞ്ചി. നിമിഷ കവിയായി, കഥാകാരിയായി, പാട്ട് കാരിയായി, ഒരു ലക്ഷം സംശയങ്ങൾ ചോദിച്ച് അങ്ങനെ അങ്ങനെ അങ്ങനെയങ്ങു വളർന്നു. ആദ്യ ദിവസം മുതൽ അവളോടൊപ്പം യാത്ര ചെയ്ത എല്ലാ അധ്യാപകരെയും അനദ്ധ്യാപകരോടും ഗ്രൗണ്ട് സ്റ്റാഫിനോടും നന്ദി അറിയിക്കുന്നു. എന്റെ പൂമ്പാറ്റ ഈ വലിയ ലോകത്ത് ഉയരത്തിൽ പറക്കുവാൻ കരുത്തുള്ള ചിറകുകൾ കരസ്ഥമാക്കട്ടെ. അതിന് ഈശ്വരൻ അനുഗ്രഹിക്കട്ടെ.


Click it and Unblock the Notifications











