അമ്മയെയും കാത്ത് വഴിവക്കില്‍ നിന്നുറങ്ങിയ ഒരെട്ട് വയസ്സുകാരന്‍! ആ അമ്മയുടെ ഗർഭപാത്രമാണ് എന്റെ ആദ്യത്തെ കിടക്ക
നാടകസംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് നടിമാര്‍ മരണപ്പെട്ട വാര്‍ത്ത മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. നാടകം കഴിഞ്ഞ് മടങ്ങവേ കണ്ണൂരില്‍ വച്ചായിരുന്നു വാഹനം മറിഞ്ഞ് അഞ്ജലി, ജെസി എന്നീ നടിമാര്‍ മരണപ്പെടുന്നത്. പതിനാലോളം പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
ഈ അപകടം ശരിക്കും ദൈവത്തിന്റെ നാടകമാണെന്ന് പറയുകയാണ് നടി ലക്ഷ്മിപ്രിയയുടെ ഭര്‍ത്താവും ആര്‍ട്ടിസ്റ്റുമായ ജയ് ദേവ്. ചെറുപ്പത്തില്‍ താനും നാടക വണ്ടി കാത്തുനിന്നതിനെ കുറിച്ചും അമ്മ നാടകത്തില്‍ അഭിനയിക്കാന്‍ പോയതിനെ പറ്റിയുമാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ താരം എഴുതിയിരിക്കുന്നത്.

''ഇത് ദൈവത്തിന്റെ നാടകം. ഒന്നോര്‍ത്താല്‍ എല്ലാം അവന്റെ തന്നെ നാടകമാണെന്ന് മനസ്സിലാവും... ഇഷ്ടവും, നഷ്ട്ടവും പിന്നെ കുറേ കഷ്ടവും, ഇടക്കെപ്പോഴോ ശുഷ്‌ക്കമായ ആയുസ്സിന്റെ വേവലാതിയും വെപ്രാളവും. ഒക്കെ കഴിയുമ്പോള്‍ പിന്നെ ഒന്നും തന്നെയില്ല. ജീവിതം ഇങ്ങനെയൊക്കെയാണ്. അതങ്ങിനെയങ്ങ് പോകട്ടെ.
കാരണം ഞാനും ഒരു സ്‌റ്റേജ് ആര്‍ട്ടിസ്റ്റിന്റെ മകനാണ്. ആ അമ്മയുടെ ഗര്‍ഭപാത്രമാണ് എന്റെ ആദ്യത്തെ കിടക്ക. ദൂരെ ദൂരെ ഏതൊക്കെയോ നാട്ടില്‍ പോയി ഉറക്കമളച്ചു ക്ഷീണിച്ചു രാവെളുപ്പിനെ നാടകവും കഴിഞ്ഞെത്തുന്ന അമ്മയെയും കാത്ത് വഴിവക്കില്‍ നിന്നുറങ്ങിയിരുന്ന ഒരെട്ട് വയസ്സുകാരന്‍. പതിയേ വരുന്ന വണ്ടിയിലെല്ലാം അമ്മയെ തിരയുന്ന ഒരെട്ടുവയസ്സുകാരന്‍.
ഏറെ നേരത്തെ കാത്തിരിപ്പിനോടുവില്‍ അമ്മയെത്തുമ്പോള്‍ സകലതും മറന്ന് ഓടിച്ചെന്ന് ഇറുകേ കെട്ടിപ്പിടിച്ച് ആ അമ്മയുടെ കവിളില്‍ മുത്തമിട്ട് കയ്യിലെ ബാഗ് തട്ടിപ്പറിച്ച് അതിനുള്ളില്‍ ആ അമ്മ തന്റെ മക്കള്‍ക്കായ് കരുതി വെച്ചിരുന്ന പഴകിയ പലഹാരങ്ങളുടെ രുചി ആദ്യമറിയുന്ന മകന്‍. പിന്നീട് വീട്ടില്‍ വന്നു കയറുന്ന അമ്മയുടെ മുന്നില്‍ വീട്ടിലെ ഉത്തരവാദിത്വങ്ങളുടെ നീണ്ട പട്ടികതന്നെയുണ്ടാകും.
അലക്ക്, അടുക്ക്, തൂപ്പ്, തുടപ്പ്, പാചകം.. കൂടെ വീട്ടുകാരുടെ പരാതിയും പരിഭവവും. ഒക്കെ ഒരുവിധം അന്വേഷിച്ചു തിരക്കി പരിഹരിച്ചു വരുമ്പോഴേക്കും വീണ്ടും അതേ നാടക വണ്ടിയുടെ നീണ്ട നീരസം കലര്‍ന്ന ഹോണ്‍ മുഴക്കം. കാരണം അമ്മയ്ക്ക് വേണ്ടി എന്നും ഒരല്പം അധികനേരം ആ വണ്ടി അവിടെ കാത്തിരിക്കാറുണ്ട്.

ഒടുവില്‍ എല്ലാവര്‍ക്കും അടുത്ത ദിവസത്തെ ഉത്തരവാദിത്വങ്ങളുടെ ഓര്‍മ്മപ്പെടുത്തലുമായി ഒരല്പം പോലും ഉണ്ണാതെ ഉറങ്ങാതെ കയ്യില്‍ കിട്ടിയ വസ്ത്രങ്ങള്‍ ഹാന്‍ഡ് ബാഗില്‍ കുത്തി നിറച്ചു കൊണ്ട് എല്ലാവരോടും റ്റാറ്റാ പറഞ്ഞ് ഓടി അകലുന്ന അമ്മ.. അങ്ങനെ ഒരമ്മയുടെ മകനാണ് ഞാനും. ഇപ്പോള്‍ ഉണ്ടായ ഈ ദുരന്തം അങ്ങിനെ ഒരന്തരീക്ഷത്തില്‍ ജനിച്ചു വളര്‍ന്ന എനിക്ക് കൂടുതല്‍ മാനസിക ആഘാതം ഉണ്ടാക്കുന്നു... ഉറക്കം നഷ്ട്ടമാക്കുന്നു...
കാരണം അതുപോലെ ഇവിടേയും നാടകം കഴിഞ്ഞെത്തുന്ന അമ്മമാരെ കാത്തിരിക്കുന്ന മക്കള്‍... ഹോസ്പിറ്റല്‍ മുറ്റത്ത് പ്രിയപ്പെട്ടവരുടെ വിവരങ്ങള്‍ക്കായി കാത്തുനില്‍ക്കുന്ന അവരുടെ മറ്റ് പ്രിയപ്പെട്ടവര്‍... വിട ചൊല്ലിയവര്‍ക്ക് മറുവാക്ക് ചൊല്ലാനാവാതെ,ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കാത്തിരിക്കുന്നവര്‍ക്ക് മേല്‍ ദൈവത്തിന്റെ കരസ്പര്‍ശത്തിനായി പ്രാര്‍ത്ഥനയോടെ...'' ജയ് ദേവ് വാക്കുകള്‍ അവസാനിപ്പിക്കുന്നു...


Click it and Unblock the Notifications