പറഞ്ഞതൊന്നും ഞാൻ നിഷേധിക്കുന്നില്ല, . ഇതിനപ്പുറമുള്ള എന്തെല്ലാം മെസേജുകൾ ഗ്രൂപ്പിൽ വന്നു: ലക്ഷ്മിപ്രിയ
നീന കുറുപ്പിനെതിരെ സംസാരിക്കുന്ന തന്റെ ശബ്ദരേഖ പുറത്ത് വന്നതിൽ പ്രതികരിച്ച് നടി ലക്ഷ്മിപ്രിയ. ഇതിനപ്പുറമുള്ള എന്തെല്ലാം മെസേജുകൾ ഞങ്ങളുടെ ഗ്രൂപ്പിൽ വന്നിരുന്നു. എന്തൊക്കെ പ്രശ്നങ്ങൾ വന്നു. ഞങ്ങളാരും അത് ഷെയർ ചെയ്തില്ല. എന്റെ ശബ്ദം മാത്രം പുറത്തേക്ക് വന്നത് എങ്ങനെയാണ്. പറഞ്ഞതൊന്നും ഞാൻ നിഷേധിക്കുന്നില്ല. എല്ലാം ഞാൻ പറഞ്ഞത് തന്നെയാണ് ഭരണസമിതിയുടെ ഗ്രൂപ്പിൽ പറഞ്ഞ കാര്യം കേരളത്തിലെ പൊതുജനങ്ങൾക്കിടയിൽ ആഘോഷമാക്കുന്നത് എന്തിന് വേണ്ടിയാണെന്നും ലക്ഷ്മിപ്രിയ ചോദിക്കുന്നു.
ഓഡിയോ പുറത്ത് വിട്ടത് ശത്രുക്കളാണെങ്കിലും മിത്രങ്ങളാണെങ്കിലും എനിക്കൊരു കുഴപ്പവും ഇല്ല. എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞ് കഴിഞ്ഞു. അമ്മ എന്ന സംഘടനയെ സേവിക്കാനാണ് ഞാൻ നിൽക്കുന്നത്. അമ്മയിൽ കുറച്ച് പേർക്ക് മാത്രമാണ് ഇന്ന് ജോലിയുള്ളത്. കൂടുതലും പ്രായമുള്ളവരാണ്. അവർക്ക് വേണ്ടി ചെയ്ത പ്രോഗ്രാമാണ്. അവിടെയാണ് നീന കുറുപ്പ് ഈ പ്രവൃത്തി ചെയ്തതെന്നും ലക്ഷ്മി പ്രിയ പറയുന്നു.
ജനങ്ങളോട് എനിക്കൊന്നും പറയാനില്ല. സമൂഹം എന്നെ ക്രൂശിച്ചാലും എന്നെ ബാധിക്കില്ല. ഞാൻ ജീവിക്കുന്നത് ഞാൻ ജോലി ചെയ്തും ഭർത്താവിന്റെ ആശ്രയത്തിലുമാണ്. എനിക്ക് എന്റെ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും പിന്തുണ മതിയെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. സീരിയൽ ടുഡേ എന്ന യൂട്യൂബ് ചാനലിലാണ് പ്രതികരണം.

താൻ നേതൃത്വം നൽകുന്ന സ്റ്റേജ് പ്രോഗ്രാമിൽ പങ്കെടുക്കാതിരുന്ന കുട്ടിയെ നീന കുറുപ്പ് തടഞ്ഞതാണ് ലക്ഷ്മി പ്രകോപിതയാകാൻ കാരണം. രൂക്ഷമായാണ് ലക്ഷ്മിപ്രിയ നീന കുറുപ്പിനെതിരെ സംസാരിക്കുന്നത്. "നിങ്ങൾ ഇതിന്റെ പേരിൽ എന്നെക്കുറിച്ച്‍ എന്ത് പരാതി പറഞ്ഞാലും എന്ത് കോപ്പ് ചെയ്താലും എനിക്കൊരു പുല്ലും ഇല്ല. ഞങ്ങളുടെ ഡാൻസ് കഴിഞ്ഞിട്ട് എത്ര സമയം കഴിഞ്ഞാണ് നിങ്ങളുടെ ഫാഷൻ ഷോ. എനിക്കറിയാലോ, നിങ്ങൾ ഇതിനകത്തുള്ള കോർഡിനേറ്റർ തന്നെയല്ലേ. ഏത് പ്രോഗ്രാം കഴിഞ്ഞ് ഏത് എങ്ങനെയെന്ന് എനിക്കറിയാം. കോസ്റ്റ്യൂം ഇട്ടു നിന്ന കൊച്ചിനെ സ്റ്റേജിൽ കയറാൻ നിങ്ങൾ സമ്മതിച്ചില്ല. എന്നിട്ടെന്തായി, എന്തെങ്കിലും ഒരു കാര്യത്തിൽ മാന്യമായി സ്റ്റേജിൽ കയറാനോ വിളക്ക് കത്തിക്കുന്നിടത്ത് നിൽക്കാനോ ലാലേട്ടനെ ആദരിക്കുന്നിടത്ത് നിൽക്കാനോ നിങ്ങൾക്ക് സാധിച്ചിട്ടുണ്ടോ.
നിങ്ങളുടെ അടുത്ത് വേണ്ട വേണ്ട എന്ന് ഞാൻ വിചാരിച്ചിട്ടുണ്ട്. നിങ്ങൾ എന്ത് പട്ടി ഷോയാണ് ഞങ്ങളുടെ പ്രോഗ്രാം സ്ഥലത്ത് കാണിച്ചത്. പൂവും കായും മായും ഒക്കെ പറഞ്ഞു. നിങ്ങൾ എന്ത് പന്ന സ്ത്രീയാണ്. നിങ്ങൾ ഒരു സ്ത്രീ തന്നെയാണോ. സ്ത്രീ എന്ന് പറയുമ്പോൾ അതിന് കുറച്ച് കൂടെ മാന്യതയുണ്ട്. സ്ത്രീകൾക്ക് പോലും അപമാനമാണ് നിങ്ങൾ. വിഷമാണ് നിങ്ങൾ.
നിങ്ങളാണ് ഈ സംഘടനയിലെ ഏറ്റവും വിഷം നിറഞ്ഞ സ്ത്രീ. ഈ പാവം കൊച്ച് പ്രോഗ്രാമിന് വേണ്ടി ഒരുങ്ങി നിന്നിട്ട്..., എത്ര സമയം കഴിഞ്ഞാണ് നിങ്ങളുടെ ഐറ്റം. നിങ്ങൾക്ക് അസൂയയാണ്. ആ കൊച്ചിന് എന്നെ വിവരം അറിയിക്കാനുള്ള സമയം പോലും നിങ്ങൾ കൊടുത്തില്ല. നിങ്ങൾ എന്താ മാനത്ത് നിന്ന് പൊട്ടി വീണതാണോ. നിങ്ങളുടെ തലയിൽ കൂടെയാണോ അമ്മ അസോസിയേഷനിലെ 504 അംഗങ്ങളുടെയും കാര്യങ്ങൾ മുന്നോട്ട് പോകുന്നത്"


Click it and Unblock the Notifications











